ഗൗതമിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ജയില്‍ മോചിതനായി; അമിതിനെ ജാമ്യത്തില്‍ ഇറക്കിയതിനു പിന്നില്‍ ഒരു സംഘമുണ്ടെന്ന് സംശയം; വിജയകുമാറിനേയും മീരയേയും കൊന്ന അമിതിന് പിന്നിലുള്ളവര്‍ മകന്റെ ഘാതകരോ? ആ മൂന്ന് ഫോണ്‍ കാത്തതതും ദുരൂഹത
കോട്ടയം: കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ ടി.കെ.വിജയകുമാര്‍ (65), ഭാര്യ ഡോ. മീര വിജയകുമാര്‍ (62) എന്നിവരെ കൊന്ന അമിത് ഒറാങിന് പിന്നില്‍ മാഫിയാ സംഘമോ? മകന്‍ ഗൗതമിന്റെ മരണത്തിലെ ദുരൂഹത മാറ്റാന്‍ സിബിഐ അന്വേഷണം വേണമെന്ന ടി.കെ.വിജയകുമാറിന്റെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി വിധി വന്നത് കഴിഞ്ഞ ഫെബ്രുവരി 19നാണ്. നരഹത്യാ സാധ്യത അന്വേഷിക്കണമെന്ന നിരീക്ഷണങ്ങളോടെ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് സിബിഐക്കു വിട്ടത്. സിബിഐ മാര്‍ച്ച് 21ന് കേസെടുത്തു. അതിന് ശേഷം നടന്ന ഗൂഡാലോചനയാണ് ഇരട്ടക്കൊലയ്ക്ക് കാരണമെന്ന് സംശയിക്കുന്നവരുണ്ട്. വിജയകുമാറിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന അമിത് ആ സമയം ജയിലിലായിരുന്നു. പിന്നീട് അതിവേഗം ഇയാള്‍ക്ക് ജാമ്യം കിട്ടി. അമിതിനെ ജാമ്യത്തില്‍ ഇറക്കിയതിനു പിന്നില്‍ ഒരു സംഘമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. വീട്ടില്‍ ഇന്നലെ പൊലീസ് പരിശോധന നടക്കുന്നതിനിടെ സ്ഥലത്ത് എത്തിയവരില്‍ സംശയിക്കേണ്ട ആളുകള്‍ ഉണ്ടോയെന്നും പൊലീസ് നിരീക്ഷിച്ചിരുന്നു. അക്രമിക്കു മറ്റുള്ളവരുടെ സഹായം ലഭിച്ചെന്ന സംശയത്തിലായിരുന്നു നിരീക്ഷണം.
തിങ്കളാഴ്ച രാത്രി 10നു ശേഷമാണു കൊലപാതകമെന്നാണു നിഗമനം. വീടിന്റെ മതില്‍ ചാടി എത്തിയ അക്രമി മുന്‍വശത്തെ ജനാലയുടെ ചില്ലില്‍ ഡ്രില്ലര്‍ കൊണ്ടു വിടവുണ്ടാക്കി. ആദ്യം ജനല്‍ തുറന്നു. തുടര്‍ന്നു വാതിലിന്റെ കൊളുത്തും തുറന്നു. വീട്ടിനുള്ളില്‍ക്കയറിയ അക്രമി രണ്ടു മുറികളില്‍ കിടന്നുറങ്ങിയിരുന്ന വിജയകുമാറിനെയും മീരയെയും കോടാലികൊണ്ട് മുഖത്ത് ഉള്‍പ്പെടെ വെട്ടി കൊലപ്പെടുത്തിയെന്നാണു പൊലീസിന്റെ നിഗമനം. ഇരുവരുടെയും വസ്ത്രങ്ങള്‍ വലിച്ചുകീറാനും ശ്രമിച്ചിട്ടുണ്ട്. തലയില്‍ ആഴത്തിലേറ്റ മുറിവില്‍നിന്നുള്ള രക്തസ്രാവമാണു മരണകാരണമെന്നാണു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അമിത് മൂന്നു വര്‍ഷം വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നു. ഇതിനിടെ വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകള്‍ മോഷ്ടിച്ചതിനും അതുപയോഗിച്ചു പണം തട്ടിയെടുത്തതിനും ഇയാള്‍ പിടിയിലായിരുന്നു. ഈ കേസില്‍ അഞ്ചര മാസത്തോളം ജയിലിലായിരുന്നു. ജയിലില്‍ കഴിയുന്ന സമയത്ത് അമിതിനെ ഭാര്യ ഉപേക്ഷിച്ചു പോയി. വിജയകുമാറിനോടുള്ള വലിയ പക അമിത് മനസ്സില്‍ സൂക്ഷിച്ചിരുന്നു. ഇത് മനസ്സിലാക്കിയ ആരോ അമിതിനെ ഉപയോഗിക്കാനും സാധ്യത ഏറെയാണ്. വിജയകുമാറിന്റേയും മീരയുടേയും മൂന്ന് ഫോണുകള്‍ വീട്ടില്‍ നിന്നും കാണാനില്ല. മകന്റെ മരണവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഈ ഫോണില്‍ ഉണ്ടെന്ന് കരുതുന്നവര്‍ ഏറെയാണ്. വിലപിടിപ്പുള്ള പലതും ആ വീട്ടിലുണ്ടായിരുന്നു. പക്ഷേ അമിത് കൊല നടത്തിയ ശേഷം കൊണ്ടു പോയത് ആ മൂന്ന് ഫോണുകള്‍ മാത്രമാണെന്നതും ശ്രദ്ധേയമാണ്. വലിയ ഗൂഡാലോചന ഇതിന് പിന്നിലുണ്ടെന്ന വിലയിരുത്തല്‍ സജീവമാണ്.
അതിനിടെ ഗൗതമിന്റെ മരണം സംബന്ധിച്ച ഫയലുകള്‍ സിബിഐയ്ക്കു കൈമാറിയിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി എ.ഷാഹുല്‍ ഹമീദ് പറഞ്ഞു. ഗൗതമിന്റെ മരണവും ഇപ്പോഴത്തെ കൊലപാതകവും സംബന്ധിച്ച് ഒരു ബന്ധവും നിലവില്‍ കണ്ടെത്തിയിട്ടില്ലെന്നും വിവരങ്ങള്‍ സിബിഐ സംഘത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗൗതമിന്റെ മരണത്തിലെ സംശയങ്ങള്‍ കോടതിയ്ക്കും ബോധ്യപ്പെട്ടതാണ്. മൃതദേഹത്തില്‍ ട്രെയിന്‍ തട്ടിയതിന്റെ പരുക്കുകള്‍ കൂടാതെ കഴുത്തിന്റെ ഇരുവശത്തും കാണപ്പെട്ട മുറിവാണ് ഇതില്‍ പ്രധാനം. ഗൗതം ഓടിച്ച കാറിനുള്ളിലും രക്തം കണ്ടെത്തി. പേപ്പര്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി രക്തം പുരണ്ട നിലയില്‍ കാറില്‍ നിന്ന് കണ്ടെത്തി. മരണവിവരം പുറത്തു വന്നതിന്റെ തലേ രാത്രി എട്ടുമണിയോടെ ഗൗതം വീട്ടിലേക്ക് വിളിച്ച് വൈകിട്ടത്തെ ഭക്ഷണം പുറത്തുനിന്ന് വാങ്ങിക്കൊണ്ടു വരണോ എന്ന് ചോദിച്ചിരുന്നതായി വിജയകുമാര്‍ പറഞ്ഞിരുന്നു. ഇങ്ങനെ സാധാരണ മട്ടില്‍ സംസാരിച്ച മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന പിതാവിന്റെ നിലപാട്. പുത്തനങ്ങാടി തിരുവാതുക്കല്‍ റോഡില്‍ തിരുവാതുക്കല്‍ ജംക്ഷനു സമീപം ഏതാണ്ട് അയ്യായിരത്തോളം ചതുരശ്ര അടിയില്‍ നിറഞ്ഞു നില്‍ക്കുന്നതാണു ടി.കെ.വിജയകുമാറിന്റെ ശ്രീവത്സം എന്ന വീട്. നാലുമുഖ രുദ്രാക്ഷങ്ങള്‍ അടക്കം മരങ്ങള്‍ വീടിനു സമീപത്തു വളര്‍ന്നു നില്‍ക്കുന്നു. വീട്ടുമുറ്റത്തു ചന്ദനം, രക്തചന്ദനം, ചെമ്പകം, ദേവദാരു തുടങ്ങിയ വൃക്ഷങ്ങളുമുണ്ട്. വിലപിടിപ്പുള്ള ചന്ദനം പോലും തൊടാതെയാണ് അമിത് ഫോണുമായി പോയത്. ഗൗതമിന്റെ മരണത്തില്‍ ചില സംശയം വിജയകുമാറിനുണ്ടായിരുന്നു. ഏതായാലും വിജയകുമാറിന്റേയും ഭാര്യയുടേയും മരണത്തോടെ ഗൗതം കേസിലെ അന്വേഷണവും വഴിമുട്ടുമെന്ന വിലയിരുത്തല്‍ സജീവമാണ്.
അമിത് മൂന്നു വര്‍ഷം വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നു. ഇതിനിടെ വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകള്‍ മോഷ്ടിച്ചതിനും അതുപയോഗിച്ചു പണം തട്ടിയെടുത്തതിനും ഇയാള്‍ പിടിയിലായിരുന്നു. ഈ കേസില്‍ അഞ്ചര മാസത്തോളം ജയിലിലായിരുന്നു. ജയിലില്‍ കഴിയുന്ന സമയത്ത് അമിതിനെ ഭാര്യ ഉപേക്ഷിച്ചു പോയെന്നും പറയുന്നു. ഇതെല്ലാം മനസ്സിലാക്കിയ മറ്റൊരാള്‍ അമിതിനെ ഉപയോഗിച്ച് കൊല നടത്താനുള്ള സാധ്യത ഏറെയാണ്. ഏതായാലും മികച്ച അഭിഭാഷകരെ അടക്കം ഉപയോഗിച്ചാണ് അമിത്തിന് ജാമ്യം ആരോ എടുത്തു നല്‍കിയതെന്നും വ്യക്തമാണ്. സിബിഐ അന്വേഷണ ഉത്തരവിന് ശേഷമുള്ള ഈ നീക്കങ്ങളാണ് സംശയങ്ങള്‍ പലവിധത്തിലേക്ക് എത്തിക്കുന്നത്. മകന്‍ ഗൗതമിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ദമ്പതിമാരുടെ മരണം എന്നത് സംഭവത്തില്‍ കൂടുതല്‍ ദുരൂഹതകളുണ്ടാക്കുന്നു. യുവ ബിസിനസുകാരനായ ഗൗതമിനെ (28) 2017 ജൂണ്‍ മൂന്നിനാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കോട്ടയം കാരിത്താസ് റെയില്‍വേ ഗേറ്റിനു സമീപത്തെ പാളത്തിലായിരുന്നു മൃതദേഹം. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലെ സംരംഭകനായിരുന്നു അദ്ദേഹം. പാളം ഉറപ്പിക്കുന്ന കരിങ്കല്‍ കുറ്റിയില്‍ പറ്റിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ സമീപത്ത് തന്നെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാറും കണ്ടെത്തി. ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
റെയില്‍വേ ഗേറ്റിനു സമീപം മൃതദേഹം കിടന്നതിനു 240 മീറ്റര്‍ മാറി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാര്‍. കാറിനുള്ളില്‍ രക്തം തളംകെട്ടിക്കിടന്നിരുന്നു. അതിനാല്‍ത്തന്നെ പിതാവ് വിജയകുമാര്‍ മകന്റെ മരണത്തില്‍ സംശയമുന്നയിച്ചു. കാറില്‍വെച്ച് ഗുരുതരമായ മുറിവേറ്റ മകന്‍ നടന്ന് റെയില്‍വേ ട്രാക്കിലേക്ക് പോകില്ലെന്നും മരണം കൊലപാതകമാണെന്നുമായിരുന്നു വിജയകുമാറിന്റെ വാദം. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. ഗൗതമിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവ് കണ്ടെത്തിയിരുന്നു. ഈ മുറിവില്‍ നിന്നുള്ള രക്തമാണ് കാറില്‍ കാണപ്പെട്ടതെന്നാണ് കരുതുന്നത്. കഴുത്തു മുറിക്കാനുപയോഗിച്ചതെന്നു കരുതുന്ന ചെറിയ കത്തി രക്തം പുരണ്ട നിലയില്‍ കാറില്‍നിന്നു കണ്ടെടുത്തിരുന്നു. കാറിനുള്ളില്‍ ആത്മഹത്യാശ്രമം പരാജയപ്പെട്ടതിനാല്‍ തീവണ്ടിക്കുമുമ്പില്‍ ചാടിയതാകാമെന്നായിരുന്നു അന്ന് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍, അത് ശരില്ലെന്നും മകന്റേത് കൊലപാതകമെന്നും ചൂണ്ടിക്കാട്ടി വിജയകുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി മരണം കൊലപാതകമാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി കേസ് സിബിഐയ്ക്ക് വിട്ടിരുന്നു.
നിരവധിപേര്‍ ആത്മഹത്യ ചെയ്തിട്ടുള്ളതാണ് തള്ളകത്തെ റെയില്‍വേ ട്രാക്ക്. റെയില്‍വേ ക്രോസില്‍ നിന്ന് കുറച്ചുദൂരം പിന്നിട്ടാല്‍ വിജനപ്രദേശമാണ്. ആരുടേയും ശ്രദ്ധയില്‍പെടാതെ ഇവിടെ നില്‍ക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ മരണം ആത്മഹത്യഎന്ന നിഗമനത്തിലേക്ക് പോലീസ് വേഗത്തില്‍ എത്തിച്ചേരുകയായിരുന്നു. സ്വയം കഴുത്തില്‍ ഒന്നിലേറെ തവണ മുറിവുകളുണ്ടാക്കിയശേഷം ഇത്രയും ദൂരം നടന്ന് പോകാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് കേസ് സിബിഐയ്ക്ക വിടുകയായിരുന്നു. ഈ മാര്‍ച്ചില്‍ കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് വിജയകുമാറും ഭാര്യയും കൊല്ലപ്പെട്ടത്.