മലപ്പുറം സമ്മേളനത്തില്‍ വിഎസിന്റെ പോരാളി; അച്യുതാനന്ദ പക്ഷം വെട്ടിനിരത്തിലന് വിധേയനായപ്പോഴും ജനകീയത കാരണം എംഎല്‍എയായ സൗമ്യശീലന്‍; പ്രതിച്ഛായ ഉയര്‍ത്താന്‍ പിണറായി മുന്നില്‍ കണ്ട ഒറ്റമൂലി; കോഴിക്കോട്ട് തദ്ദേശം കളറാക്കാന്‍ അച്ഛന്റെ മകളെത്തും; പ്രദീപ് കുമാറിന്റെ മകള്‍ അമിതയെ ഡെപ്യുട്ടി മേയറാക്കാന്‍ സിപിഎം; കോണ്‍ഗ്രസിന് മുഖം നിസാര്‍; ബിജെപിക്ക് ശ്രീശന്‍ മാസറ്ററും; കോഴിക്കോട്ട് പോരാട്ടം തീപാറും

Update: 2025-11-06 05:01 GMT

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ പോരാട്ടം കടുക്കും. സര്‍പ്രൈസ് സ്ഥാനാര്‍ഥികള്‍ രംഗത്തുവരുമെന്നും തിരഞ്ഞെടുപ്പ് ചിത്രം മാറിമറിയുമെന്നുമാണ് വിലയിരുത്തല്‍. ബിജെപിയും നിലയുറപ്പിക്കുന്നതോടെ പല വാര്‍ഡുകളിലും ത്രികോണപ്പോരാട്ടത്തിനാണ് കോഴിക്കോട്ട് അരങ്ങുണരുന്നത്. പരിചയസമ്പന്നര്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന പട്ടികയാണ് ഇടതുമുന്നണി അണിയറയില്‍ തയാറാക്കുന്നതെന്നാണ് വിവരം.

മേയര്‍ സ്ഥാനാര്‍ഥിയായി നിലവിലെ ഡപ്യൂട്ടി മേയറും സിപിഎം നേതാവുമായ സി.പി.മുസാഫര്‍ അഹമ്മദിന്റെ പേരിനാണ് മുന്‍തൂക്കം. സിപിഎം സംസ്ഥാന സമിതി അംഗവും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ മുന്‍ എംഎല്‍എ എ.പ്രദീപ് കുമാറിന്റെ മകള്‍ അമിത പ്രദീപ് മത്സരിക്കുമെന്നും സൂചനയുണ്ട്. കോര്‍പറേഷനില്‍ അധികാര തുടര്‍ച്ചയുണ്ടായാല്‍ അമിതയെ ഡപ്യൂട്ടി മേയറാക്കാനാണ് നീക്കം. കോഴിക്കോടിന്റെ പുതിയ സിപിഎം മുഖമാകും. നിയമസഭാ തിരഞ്ഞെടുപ്പിലും ഭാവിയില്‍ അമിത മത്സരിക്കും.

ഒരുകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ എതിര്‍ഭാഗത്തായിരുന്നു പ്രദീപ് കുമാര്‍. വിഎസ് അച്യുതാനന്ദന്റെ വിശ്വസ്തന്‍. ജനകീയ മുഖമായ പ്രദീപിനെ തഴയുന്നുവെന്ന പരാതിയും പല കോണില്‍ നിന്നും ഉയര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രദീപിനെ തോല്‍പ്പിക്കാനുള്ള ഗൂഡാലോചന പോലും ചര്‍ച്ചകളില്‍ എത്തി. എന്നാല്‍ പെട്ടെന്ന് മുഖ്യമന്ത്രിയുടെ വിശ്വസ്തനായി പ്രദീപ് മാറി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രതിച്ഛായ കൂട്ടുകയെന്ന ലക്ഷ്യത്തോടെ പ്രദീപിനെ പ്രൈവറ്റ് സെക്രട്ടറിയുമായി. മലപ്പുറം പാര്‍ട്ടി സമ്മേളനത്തില്‍ പിണറായിയുടെ വാക്ക് ലംഘിട്ട് വിഎസിന് വേണ്ടി പടനയിച്ചത് പ്രദീപ് കുമാറായിരുന്നു.

പക്ഷേ എന്നും പാര്‍ട്ടിക്ക് വിധേയനാകുന്ന പ്രകൃതക്കാരനായിരുന്നു പ്രദീപ്. പരസ്യമായി നേതൃത്വത്തെ ചോദ്യം ചെയ്തില്ല. പറയുന്നതെല്ലാം അനുസരിക്കുകയും ചെയ്തു. ലോക്‌സഭയില്‍ തോറ്റപ്പോഴും പാര്‍ട്ടിയെ വെട്ടിലാക്കുന്നതൊന്നും പറഞ്ഞില്ല. സിപിഎം സ്ഥാനത്തിനായി പരസ്യമായി രംഗത്തു വരികയും ചെയ്തിരുന്നില്ല. ജനകീയനായ പ്രദീപ് കുമാറിനെ പിണറായി പിന്നീട് കൂടെ കൂട്ടി. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയായതോടെ കോഴിക്കോട്ടെ പാര്‍ട്ടിയിലും പ്രദീപിന് പ്രാധാന്യം കൂടി. ഇതിനൊപ്പമാണ് പ്രദീപിന്റെ മകള്‍ മത്സരിക്കുമെന്ന് സൂചനകള്‍ പുറത്തു വന്നത്. എസ് എഫ് ഐ വിദ്യാര്‍ത്ഥി രാഷ്ട്രീയം അമിതയ്ക്കുണ്ട്. അറിയപ്പെടുന്ന ആര്‍ക്കിടെക്ട് കൂടിയാണ് അമിത.

2020 ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 49, യുഡിഎഫ് 14, ബിജെപി 7, സ്വതന്ത്രര്‍ 5 എന്നിങ്ങനെയായിരുന്നു 75 സീറ്റുള്ള കോഴിക്കോട് കോര്‍പറേഷനിലെ സീറ്റുനില. വാര്‍ഡ് പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി ഇത്തവണ കോഴിക്കോട് 76 സീറ്റിലേക്കാണ് മല്‍സരം. നിലവിലെ മേയര്‍ ബീന ഫിലിപ് വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. മുസാഫര്‍ അഹമ്മദ് കഴിഞ്ഞ തവണ മല്‍സരിച്ച കപ്പക്കല്‍ വാര്‍ഡില്‍ നിന്നോ അതുമല്ലെങ്കില്‍ കോട്ടൂളി വാര്‍ഡില്‍ നിന്നോ മത്സരിക്കും. ബീച്ച് നവീകരണം, കല്ലുത്താന്‍ കടവിലെ പുതിയ മാര്‍ക്കറ്റ് നഗരത്തിലെ റോഡ് വികസനപദ്ധതികള്‍ എന്നിവ തുടങ്ങി യുനെസ്‌കോയുടെ സാഹിത്യനഗര പദവിയുമെല്ലാം ചര്‍ച്ചയാക്കാനാണ് തീരുമാനം. മേയര്‍ സ്ഥാനത്തേക്ക് കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ പി.എം.നിയാസിനെ ഉയര്‍ത്തിക്കാട്ടാനാണ് കോണ്‍ഗ്രസ് നീക്കം. മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി.അബു ഇത്തവണ മല്‍സരരംഗത്തുമെന്നാണ് വിവരം.

ബിജെപിയും കരുതലോടെയാണ് നീങ്ങുന്നത്. മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ എന്ന പദവിയിലേക്ക് കടന്നെത്തുകയും ചെയ്ത നവ്യ ഹരിദാസ് ഇത്തവണ മത്സരിക്കില്ലെന്നാണ് വിവരം. നടുവട്ടത്ത് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കെ.പി.ശ്രീശന്‍, സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി.പ്രകാശ് ബാബു മൂന്നാലിങ്ങല്‍, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് പാറോപ്പടി, മുന്‍ ജില്ലാ അധ്യക്ഷന്‍ വി.കെ.സജീവന്‍ കോട്ടൂളി, അനുരാധ തായാട്ട് ഈസ്റ്റ്ഹില്‍, നമ്പി ടി. നാരായണന്‍ പന്നിയങ്കര, ഇ.പ്രശാന്ത് കുമാര്‍ ചേവരമ്പലം, ടി.രനീഷ് നെല്ലിക്കോട്, രമ്യ സന്തോഷ് പുതിയറ, സരിത പറയേരി സിവില്‍ സ്റ്റേഷന്‍ വാര്‍ഡുകളില്‍ മല്‍സരിക്കുമെന്നാണ് സൂചന.

Tags:    

Similar News