ഉദയംപേരൂരില്‍ അങ്കണ്‍വാടിയുടെ മേല്‍ക്കൂര വീണു; അപകടം കുട്ടികള്‍ വരുന്നതിനു തൊട്ടുമുന്‍പ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്; പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപെട്ട് ആയ; 100 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലെ അങ്കണ്‍വാടി വിരല്‍ചൂണ്ടുന്നത് ഗുരുതര അനാസ്ഥയിലേക്ക്
ഉദയംപേരൂരില്‍ അങ്കണ്‍വാടിയുടെ മേല്‍ക്കൂര വീണു
കൊച്ചി: അധികാരികളുടെ അനാസ്ഥയുടെ തെളിവായി വീണ്ടുമൊരു അപകടം. വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. തൃപ്പൂണിത്തുറ ഉദയംപേരൂരിനു സമീപം കണ്ടനാട് ജൂനിയര്‍ ബേസിക് സ്‌കൂളിന്റെ അങ്കണവാടി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണാണ് അപകടം ഉണ്ടായത്. രാവിലെ 9.30നാണ് വലിയ ശബ്ദത്തോടെ, ഓടിട്ട മേല്‍ക്കൂര താഴെ വീണത്.
അങ്കണവാടിയിലെ ആയ മാത്രമായിരുന്നു അപകട സമയത്ത് ഉണ്ടായിരുന്നത്. ഈ സമയത്ത് കുട്ടികള്‍ ക്ലാസില്‍ ഉണ്ടാകാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. അടുത്ത ദിവസം സ്‌കൂളിലെ ക്രിസ്മസ് ആഘോഷം ഇവിടെ നടത്താനിരിക്കെയാണ് അപകടമുണ്ടായത്. കാലപ്പഴക്കം ചെന്ന കെട്ടിടത്തില്‍ കുട്ടികള്‍ക്ക് അങ്കണ്‍വാടി ഒരുക്കിയത് തന്നെ വലിയ വീഴ്ച്ചയാണ്. അങ്കണവാടിയില്‍ 5 കുട്ടികളാണ് പഠിക്കുന്നത്. രാവിലെ പത്ത് മണിയോടെയാണ് കുട്ടികള്‍ വരാറുള്ളത്. വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ ആയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് അവര്‍. ''വാതില്‍ തുറന്ന് അകത്ത് കയറി, അടിച്ചു വാരി. പെട്ടെന്ന് ശബ്ദം കേട്ടു. വരാന്ത തൂത്തുവാരാന്‍ പുറത്തേക്ക് ഇറങ്ങിയതോടെ വീണ്ടും ശബ്ദം കേട്ടു. പുറത്തേക്ക് ഓടി. നേരത്തേ അങ്കണവാടിയിലെ ഷീറ്റ് ദേഹത്തേക്ക് വീണിരുന്നു. അന്നുതന്നെ പഞ്ചായത്തില്‍ പരാതി പറഞ്ഞിരുന്നു. കുട്ടികളില്ലാത്തതിനാല്‍ അപകടം ഒഴിവായി. കുട്ടികള്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ജീവിതകാലം എനിക്ക് സമാധാനം കിട്ടില്ലായിരുന്നു.'' രക്ഷപ്പെട്ട ആയ പറഞ്ഞു.
100 വര്‍ഷത്തിലേറെ കെട്ടിടത്തിനു പഴക്കമുണ്ടെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പുതിയ കെട്ടിടത്തിലേക്ക് അടുത്തിടെയാണു മറ്റ് ക്ലാസുകള്‍ മാറിയത്. അങ്കണവാടി മാത്രമാണു പഴയകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. വാര്‍ഡ് ഗ്രാമസഭകള്‍ ഇവിടെയാണ് ചേരാറുള്ളതെന്നും പോളിങ് ബൂത്തായി പ്രവര്‍ത്തിക്കാറുണ്ടെന്നും വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചു.
ഉച്ചയ്ക്കു മറ്റു കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നതും തകര്‍ന്നുവീണ ക്ലാസ് മുറിയിലായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. കെട്ടിടത്തിലെ ചോര്‍ച്ച മുന്‍പ് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നുവെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.anganwadi-roof-collapse-ernakulam.ht