തങ്ങളുടെ തൊഴില്‍ തെറിപ്പിക്കുന്ന മസ്‌ക്കിന്റെ ടെസ്ല വേണ്ട! ബഹിഷ്‌ക്കരണ ആഹ്വാനം സജീവം; മസ്‌ക്കിന്റെ 'ടെസ്ല' കാര്‍ ഷോറൂമുകള്‍ക്ക് പുറത്ത് വന്‍ പ്രതിഷേധം

തങ്ങളുടെ തൊഴില്‍ തെറിപ്പിക്കുന്ന മസ്‌ക്കിന്റെ ടെസ്ല വേണ്ട!

Update: 2025-03-02 10:49 GMT

വാഷിംങ്ടണ്‍: ഡോജിന്റെ ചുമതലക്കാരനായ ഇലോണ്‍ മസ്‌കിനെതിരെ അമേരിക്കയില്‍ വന്‍ പ്രതിഷേധം. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറക്കാനുള്ള, വാഹന നിര്‍മാതാവും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് യു.എസിലുടനീളമുള്ള 'ടെസ്ല' കാര്‍ ഷോറൂമുകള്‍ക്ക് പുറത്ത് ഒത്തുകൂടി പ്രകടനക്കാര്‍. ടെസ്ല ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനവും ശക്തമാണ്.

മസ്‌കിന്റെ വിനാശകരമായ ശ്രമങ്ങള്‍ക്കെതിരെ വടക്കേ അമേരിക്കയിലും യൂറോപ്പിലും വര്‍ധിച്ചുവരുന്ന പ്രതിഷേധത്തിന്റെ ഭാഗമാണ് പ്രകടനങ്ങള്‍. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാഹന നിര്‍മാതാക്കളായ ടെസ്ലയുടെ വാങ്ങലുകള്‍ നിരുത്സാഹപ്പെടുത്താന്‍ ഈ പ്രകടനങ്ങള്‍ പ്രേരിപ്പിക്കുമെന്ന് ട്രംപിന്റെയും മസ്‌കിന്റെയും വിമര്‍ശകര്‍ കരുതുന്നു. ട്രംപിന്റെ നവംബറിലെ വിജയത്തില്‍ ഇപ്പോഴും നിരാശയില്‍ തുടരുന്ന ഡെമോക്രാറ്റുകള്‍ക്ക് ഊര്‍ജം പകരാനുമുള്ള പ്രതീക്ഷയില്‍ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ ആഴ്ചകളായി ടെസ്ല വിരുദ്ധ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു വരികയാണ്.

'എല്ലായിടത്തെയും ഷോറൂമുകളില്‍ ഹാജറാകുകയും ടെസ്ലയെ ബഹിഷ്‌കരിക്കുകയും സ്റ്റോക്കുകളും കാറും വില്‍ക്കാനും പറഞ്ഞുകൊണ്ട് നമുക്ക് ടെസ്ലക്ക് നേരിട്ടുള്ള സാമ്പത്തിക നാശം വരുത്താം' -ശനിയാഴ്ച ബോസ്റ്റണില്‍ പ്രതിഷേധിച്ച മസാച്യുസെറ്റ്സിലെ ന്യൂട്ടണില്‍ നിന്നുള്ള 58 കാരനായ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ നഥാന്‍ ഫിലിപ്സ് പറഞ്ഞു.

ശനിയാഴ്ച 50ലധികം പ്രകടനങ്ങള്‍ ലിസ്റ്റ് ചെയ്തതായി 'ടെസ്ല ടേക്ക്ഡൗണ്‍' എന്ന വെബ്സൈറ്റില്‍ പറയുന്നു. ടെസ്‌ല വിരുദ്ധ പ്രതിഷേധം രാജ്യത്തിനു പുറത്തും ആസൂത്രണം ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ചില ടെസ്ല ഉടമകള്‍ തങ്ങളുടെ വാഹനങ്ങള്‍ 'സ്വസ്തികകള്‍' സ്‌പ്രേ പെയിന്റ് ചെയ്ത് നശിപ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരിടത്ത്, ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ നശീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു സ്ത്രീക്കെതിരെ കുറ്റം ചുമത്തി. അതില്‍ കോക്ടെയിലുകള്‍ വാഹനങ്ങള്‍ക്ക് നേരെ എറിയുന്നതും കെട്ടിടത്തില്‍ 'നാസി കാറുകള്‍' എന്ന് സ്‌പ്രേ ചെയ്‌തെന്നതും ഉള്‍പ്പെടുന്നു.

ശനിയാഴ്ച, ബോസ്റ്റണില്‍ നടന്ന പ്രകടനത്തിന് ഉത്സവ സമാന അന്തരീക്ഷം ഉണ്ടായിരുന്നു. പ്രതിഷേധക്കാര്‍ അടയാളങ്ങളും മുദ്രാവാക്യങ്ങളും ഉയര്‍ത്തുകയും സംഗീതം പ്ലേ ചെയ്യുകയും ചെയ്തു. പല അടയാളങ്ങളും മസ്‌കിനെയും ഡോജിനെയും പരിഹസിച്ചു. ഇലോണിനെയും അയാളുടെ നിന്ദ്യരായ 'മസ്‌ക്രാറ്റു'കളേയും തടയുക എന്ന മുദ്രാവാക്യങ്ങളുമുയര്‍ത്തി.

ഫെഡറല്‍ ചെലവുകള്‍ വെട്ടിക്കുറക്കാനും തൊഴിലാളികളെ കുത്തനെ കുറക്കാനും ട്രംപിന്റെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിച്ചുവരികയാണ് മസ്‌ക്. ട്രംപിന്റെ വിജയം അദ്ദേഹത്തിന് യു.എസ് ഗവണ്‍മെന്റിനെ പുനഃസംഘടിപ്പിക്കാനുള്ള അധികാരം നല്‍കി. 'ഡോജ്' ഉദ്യോഗസ്ഥര്‍ സെന്‍സിറ്റിവ് ഡാറ്റാബേസുകളിലേക്ക് അതിവേഗം പ്രവേശനം നേടി. ആയിരക്കണക്കിന് ഫെഡറല്‍ ജോലി വെട്ടിക്കുറക്കാനും കരാറുകള്‍ റദ്ദാക്കാനും യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഉള്‍പ്പെടെയുള്ള ഗവണ്‍മെന്റിന്റെ വിഭാഗങ്ങള്‍ അടച്ചുപൂട്ടാനും നിര്‍ദേശിച്ചു.

മസ്‌കിന്റെ വിമര്‍ശകര്‍ പറയുന്നത്, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ യു.എസ് ബജറ്റ് നിയന്ത്രിക്കാനുള്ള കോണ്‍ഗ്രസിന്റെ അധികാരത്തെ ധിക്കരിക്കുകയും സ്വയം സമ്പന്നനാകാനുള്ള നിരവധി മാര്‍ഗങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ്. നാസക്കും ഇന്റലിജന്‍സ് കമ്യൂണിറ്റിക്കും വേണ്ടി വിക്ഷേപണങ്ങള്‍ നടത്തുന്ന സ്‌പേസ് എക്സ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം 'എക്സ്' എന്നിവയടക്കം നിരവധി കമ്പനികളയാണ് മസ്‌ക് നയിക്കുന്നത്.

Tags:    

Similar News