'ഞാൻ അന്ന് അവിടെ കണ്ടത് എന്റെ അച്ഛനെ; അങ്കിൾ.. വിചാരിച്ചത് പുള്ളിക്കാരന്റെ നമ്പറെന്ന്; നേരിട്ട് കണ്ടപ്പോ..പെട്ടെന്ന് സങ്കടം വന്നു..!!'; വേദിയിൽ നിന്ന് വെറുംകയ്യോടെ മടങ്ങുന്നത് കണ്ട് വിതുമ്പിയ നടി; സോഷ്യൽ മീഡിയയിൽ ആ വീഡിയോ വൈറലായത് നിമിഷ നേരം കൊണ്ട്; അനുശ്രീ മനസ്സ് തുറക്കുമ്പോൾ
ആലപ്പുഴ: മനസിലെ നന്മകള്‍ വറ്റാതിരിക്കുമ്പോഴാണ് നാം യഥാര്‍ത്ഥ മനുഷ്യന്മാരാകുന്നത്. അതുപോലെ ഒരു നന്മയും സ്നേഹവും നിറഞ്ഞ ഹൃദയത്തിനുടമയാണ് നടി അനുശ്രീയും എന്നു തെളിയിക്കുന്ന ഒരു വീഡിയോയായിരുന്നു സോഷ്യല്‍ മീഡിയയിൽ വൈറലായത്. നിരവധി സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് പതിവായി എത്തുന്ന നടി അനുശ്രി പതിവു ചടങ്ങിന് ആലപ്പുഴയിലെ ഒരു ടെക്സ്റ്റൈല്‍സ് ഷോപ്പിലെത്തിയതായിരുന്നു താരം. ഉദ്ഘാടനത്തോടൊപ്പം ഒരു നറുക്കെടുപ്പും ഉണ്ടായിരുന്നു. ആ നറുക്കെടുപ്പില്‍ വിജയിയെ തിരഞ്ഞെടുത്തത് നടി അനുശ്രീ ആയിരുന്നു. ഇപ്പോഴിതാ, അന്നത്തെ സംഭവത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടി അനുശ്രീ.
സമ്മാനം ലഭിച്ചെന്ന് തെറ്റിദ്ധരിച്ച് വേദിയിലെത്തിയ ശേഷം നിരാശനായി മടങ്ങിയ മധ്യവയസ്കനെ സഹായിച്ച സംഭവത്തിൽ പ്രതികരണവുമായി നടി അനുശ്രീ. അദ്ദേഹത്തിൽ തൻ്റെ അച്ഛനെയാണ് കണ്ടതെന്നും നെഞ്ചുപൊട്ടുന്ന വേദന തോന്നിയതുകൊണ്ടാണ് സഹായിച്ചതെന്നും അനുശ്രീ പറഞ്ഞു. ആരും കാണാനോ പ്രശസ്തിക്കോ വേണ്ടിയല്ല താനത് ചെയ്തതെന്നും നടി വ്യക്തമാക്കി.
ഒരു ഉദ്ഘാടനച്ചടങ്ങിനിടെ നടന്ന ലക്കി ഡ്രോയിലാണ് സംഭവങ്ങളുടെ തുടക്കം. നറുക്കെടുത്ത നമ്പറിനോട് സാമ്യമുള്ള നമ്പർ കൈവശമുണ്ടായിരുന്ന മധ്യവയസ്കൻ, തനിക്കാണ് സമ്മാനം ലഭിച്ചതെന്ന് കരുതി വേദിയിലേക്ക് വരികയായിരുന്നു. എന്നാൽ സമ്മാനം തനിക്കല്ലെന്നറിഞ്ഞ് അദ്ദേഹം നിരാശയോടെ മടങ്ങിപ്പോകുന്നത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നിയെന്ന് അനുശ്രീ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.
"അദ്ദേഹം മടങ്ങിപ്പോകുന്നത് കണ്ടപ്പോൾ എൻ്റെ അച്ഛനെപ്പോലെയാണ് തോന്നിയത്. അച്ഛൻ്റെ സ്ഥാനത്ത് അദ്ദേഹത്തെ കണ്ടപ്പോൾ നെഞ്ചിടിക്കുന്നൊരു വേദനയായിരുന്നു. ആ നിമിഷം തോന്നിയ ഒരു കാര്യം ചെയ്തുവെന്നേയുള്ളൂ," അനുശ്രീ പറഞ്ഞു. താൻ മാത്രമല്ല, കടയുടമയും അദ്ദേഹത്തെ സഹായിക്കാൻ മുന്നോട്ട് വന്നുവെന്നും നടി കൂട്ടിച്ചേർത്തു. വേദിയിൽ വെച്ച് പരസ്യമായി സഹായം നൽകാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, എന്നാൽ അവിടെയുണ്ടായിരുന്ന ഓൺലൈൻ മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്നും അനുശ്രീ വിശദീകരിച്ചു.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് അനുശ്രീയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. "കഴിഞ്ഞ രണ്ടുദിവസമായി ഒരുപാട് കോളുകളും സന്ദേശങ്ങളും വന്നു. വീഡിയോ കണ്ടപ്പോൾ തങ്ങൾക്കുപോലും സങ്കടം തോന്നിയെന്ന് പലരും പറഞ്ഞു. നേരിട്ട് കണ്ട എനിക്ക് എത്രമാത്രം വിഷമം തോന്നിയിട്ടുണ്ടാകുമെന്ന് ഓർക്കണം," അനുശ്രീയുടെ വാക്കുകൾ.
തൻ്റെ പ്രവൃത്തിക്ക് ജനങ്ങൾ നൽകിയ സ്നേഹവും അംഗീകാരവും വലിയൊരു ഭാഗ്യമായി കാണുന്നുവെന്നും നടി കൂട്ടിച്ചേർത്തു. ഈ സംഭവത്തിലൂടെ പ്രകടമായ മാനുഷികതയ്ക്ക് ലഭിച്ച വലിയ അംഗീകാരത്തിൽ ഏറെ സന്തോഷമുണ്ടെന്നും അനുശ്രീ പറഞ്ഞു.
അതേസമയം, അന്ന് വേദിയില്‍ അനുശ്രീയ്ക്കൊപ്പം ഫുട്ബോള്‍ ഇതിഹാസം ഐ.എം. വിജയനും എന്നിവര്‍ ഉണ്ടായിരുന്നു. വിഡിയോ പുറത്തുവന്നതോടെ അനുശ്രീയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. അനുശ്രീയുടെ നല്ല മനസ്സിനെ വാനോളം പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ.
''ഒരു ചെറിയ പൂവ് കിട്ടുമെന്ന് കരുതി പ്രതീക്ഷയോടെ സ്റ്റേജില്‍ കയറിവന്ന ചേട്ടന്, ഒരു പൂന്തോട്ടം തന്നെ കൊടുത്തു മനസ്സ് നിറച്ചുവിട്ട അനുശ്രീ,'' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ''അനുശ്രീയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കില്‍ ഒരുപക്ഷേ അവരുടെ മാതാപിതാക്കളെ ഓര്‍ത്തു കാണും, മനുഷ്യനായിട്ട് കാര്യമില്ല മനുഷ്യത്വം ഉണ്ടാവണം. മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ല. എല്ലാവരിലും ഈ ഒരു അംശം ഉണ്ടാവണം,'' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.