'ആപ്പിള്‍ എ ഡേ' ഫ്ളാറ്റ് തട്ടിപ്പ്; 16 വര്‍ഷമായിട്ടും പണം തിരികെ ലഭിക്കാതെ നിക്ഷേപകര്‍; കോടതി റിസീവറെ വച്ചിട്ടും നടപടികള്‍ ഇഴയുന്നു; വഞ്ചിതരായവരില്‍ കൂടുതലും പ്രവാസി മലയാളികള്‍

'ആപ്പിള്‍ എ ഡേ' ഫ്ളാറ്റ് തട്ടിപ്പ്; 16 വര്‍ഷമായിട്ടും പണം തിരികെ ലഭിക്കാതെ നിക്ഷേപകര്‍

Update: 2025-08-27 11:15 GMT

കൊച്ചി: ആപ്പിള്‍ എ ഡേ ഫ്ളാറ്റ് നിര്‍മ്മാണ തട്ടിപ്പില്‍ 16 വര്‍ഷമായിട്ടും പണം തിരികെ ലഭിക്കാതെ നിക്ഷേപകര്‍. എറണാകുളം ജില്ലയിലെ വിവിധ ജില്ലകളില്‍ ഫ്ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് 16 വര്‍ഷത്തിനു മുന്‍പ് തട്ടിപ്പ് നടന്നിരുന്നത്്. റിസീവറെ നിയമിച്ച് ഹൈക്കോടതി ഉത്തരവിട്ടിട്ടും പണം ലഭിക്കുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി. പ്രവാസി മലയാളികളാണ് കൂടുതലും വഞ്ചിക്കപ്പെട്ടത്.

വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നിരവധിപേര്‍ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിനെ സമീപിച്ചത്. തൈക്കാട്ടുശ്ശേരിയില്‍ നാനോ ഹോം എന്ന പേരില്‍ പണിയുന്ന ഫ്ളാറ്റിനാണ് കൂടുതല്‍ പേര്‍ ആകൃഷ്ടരായത്. പത്തുമുതല്‍ 25 ലക്ഷംരൂപ വരെ ഫ്ളാറ്റിനു വേണ്ടി മുന്‍കൂറായി നിരവധിപേര്‍ നല്‍കി. കരാര്‍ പ്രകാരമുള്ള നടപടികളായതിനാല്‍ ആര്‍ക്കും അപ്പോള്‍ സംശയം തോന്നിയിരുന്നില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണം ആരംഭിക്കാതിരുന്നതു കൊണ്ടു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് നിരവധിപേര്‍ പരാതികള്‍ നല്‍കി. നിയമപരമായ നടപടികളുമായി മുന്നോട്ടു പോയപ്പോള്‍ മൂന്ന് തവണകളായി 2011 ഒക്ടോബറോടെ മുഴുവന്‍ തുകയും മടക്കി നല്‍കാമെന്ന് കമ്പനി ഉറപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് ഭൂരിഭാഗംപേരും പരാതികള്‍ പിന്‍വലിച്ചു. എന്നാല്‍, അതു പാലിക്കപ്പെട്ടില്ല.

ആപ്പിള്‍ എ ഡെ പ്രോപ്പര്‍ട്ടീസ് മാനേജിങ് ഡയറക്ടര്‍ സാജു കടവിലാന്‍, ഡയറക്ടര്‍ രാജീവ് ചെറുവാര എന്നിവരെ പ്രതി ചേര്‍ത്താണ് ഏറെയും പരാതികള്‍ നല്‍കിയിരുന്നത്. ഇപ്പോള്‍ കമ്പനിയെക്കുറിച്ചോ അവരുടെ പ്രവര്‍ത്തനങ്ങളെക്കുരിച്ചോ യാതൊരു വിവരവുമില്ല. സാജു കടവിലാന്‍, രാജീവ് ചെറുവാര എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സ്വത്ത് കണ്ടുകെട്ടാനുമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇവര്‍ എറണാകുളത്തിന് പുറത്തും ഭൂമി വാങ്ങിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

എറണാകുളം ജില്ലയിലെ തമ്മനം, നെടുമ്പാശ്ശേരി, അരൂര്‍, കാക്കനാട്, വാഴക്കാല, മറ്റൂര്‍, പാടിവട്ടം, പാലാരിവട്ടം എന്നിവിടങ്ങളില്‍ ഈ കമ്പനി ആസൂത്രണം ചെയ്തിരുന്ന പദ്ധതികള്‍ക്കെതിരെയും പൊലീസില്‍ പരാതികള്‍ ലഭിച്ചിരുന്നു. നിക്ഷേപകരില്‍ ഭൂരിഭാഗംപേരും പ്രവാസി മലയാളികളായിരുന്നു. ഇപ്പോള്‍ റിസീവറെ ബന്ധപ്പെട്ടിട്ടും പണം ലഭിക്കുന്നില്ലെന്നാണ് വഞ്ചിക്കപ്പെട്ടവരുടെ പരാതി. ഭൂമി വില്‍പ്പനയിലെ കാലതാമസമാണ് കാരണമെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും അവര്‍ പറയുന്നു.

Tags:    

Similar News