അരുണിന്റെ വിവാഹം അറിഞ്ഞതോടെ പ്രകോപനം; കാര്‍ തടഞ്ഞ് സീറ്റ് കുത്തിക്കയറി കുത്തിയിട്ടും ആണ്‍സുഹൃത്ത് വിവാഹ തീരുമാനത്തില്‍ ഉറച്ചു നിന്നു; പിന്നാലെ മുട്ടത്തറയിലെ വീട്ടില്‍ അതിക്രമിച്ച് കയറി; വല്യമ്മയെ തള്ളിയിട്ടത് എല്ലാം ഉറപ്പിച്ച് എത്തിയതു പോലെ; സിന്ധുവിന്റെ മരണത്തില്‍ മറ്റ് ദുരൂഹതകളില്ലേ?

Update: 2024-12-01 06:29 GMT

തിരുവനന്തപുരം: ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കടന്നുകയറിയ ഭര്‍തൃമതിയായ യുവതി കിടപ്പുമുറിയിലെത്തി ഫാനില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്തിന്റെ വിവാഹം അറിഞ്ഞതിലുള്ള പ്രകോപനമെന്ന നിലപാടില്‍ പോലീസ്. മുട്ടത്തറ കല്ലുമ്മൂട് പുതുവല്‍ പുത്തന്‍വീട്ടില്‍ പരേതരായ രാമചന്ദ്രന്റെയും കുമാരിയുടെയും മകള്‍ കെ. സിന്ധു(38) ആണ് മരിച്ചത്.

മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിന് സമീപം എസ്.എന്‍ നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ ആണ്‍സുഹ്യത്ത് അരുണ്‍ വി. നായരുടെ വീട്ടില്‍ വെളളിയാഴ്ച രാവിലെയായിരുന്നു സംഭവം. അരുണിന്റെ വിവാഹക്കാര്യത്തെച്ചൊല്ലി വ്യാഴാഴ്ച രാത്രിയും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. കാറില്‍ വരികയായിരുന്ന അരുണിനെ തടഞ്ഞുനിര്‍ത്തിയ യുവതി, ബലമായി കാറിനുള്ളില്‍ക്കയറിയ ശേഷം സീറ്റുകള്‍ കത്തി കൊണ്ട് കുത്തിക്കീറിയിരുന്നു. തടയാന്‍ ശ്രമിച്ച അരുണിന് ഇടതുകൈയില്‍ കുത്തേല്‍ക്കുകയും അടിപിടിക്കിടെ യുവതിക്ക് പരിക്കേല്‍ക്കുകയുംചെയ്തു. അതിന് ശേഷവും പക തീര്‍ന്നില്ല.

അടുത്ത ദിവസം അരുണ്‍ കാര്‍ നന്നാക്കാന്‍ പോയപ്പോഴായിരുന്നു യുവതി വീട്ടിലെത്തിയത്. അവിവാഹിതനായ അരുണ്‍ മറ്റൊരു വിവാഹം കഴിക്കാന്‍ നീക്കം നടത്തുന്നുവെന്ന വിവരം യുവതി അറിഞ്ഞിരുന്നു. ഇതിന്റെ പ്രകോപനത്തിലാണ് യുവതി വീട്ടില്‍ കടന്നുകയറി മുറിയ്ക്കുളളില്‍ ആത്മഹത്യ ചെയ്തത്. ആ വീട്ടില്‍ അരുണിന്റെ വല്യമ്മയുണ്ടായിരുന്നു. ഇവരേയും ആക്രമിച്ചായിരുന്നു വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. സാമ്പത്തിക കൈമാറ്റങ്ങള്‍ അരുണിനും സിന്ധുവിനും ഇടയിലുണ്ടായിരുന്നു. എങ്കിലും ആത്മഹത്യയ്ക്ക് കാരണം അരുണിന്റെ വിവാഹ നിശ്ചയമെന്ന നിലപാടിലാണ് പോലീസ്.

അരുണിന്റെ വീട്ടിലെത്തിയ യുവതി കിടപ്പുമുറിയിലേക്ക് തളളിക്കയറുകയായിരുന്നു. തടയാന്‍ ശ്രമിച്ച അരുണിന്റെ വല്യമ്മയെ യുവതി തളളി തറയിലിട്ടു. മുറിക്കുളളില്‍ കയറി കതകടച്ച് കുറ്റിയിട്ടു. വല്യമ്മ ബഹളംവെച്ചെങ്കിലും മുറിതുറന്നിരുന്നില്ല. പിന്നീട് നാട്ടുകാരും പൂന്തുറ പോലീസും സ്ഥലത്തെത്തി മുറി ചവിട്ടി തുറന്നെങ്കിലും യുവതി മരിച്ചിരുന്നു. അരുണിനെ പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇതിന് ശേഷമാണ് സിന്ധുവിന്റെ കുടുംബം സാമ്പത്തിക ഇടപാടുകള്‍ ആരോപിച്ചത്.

സ്‌കൂളില്‍ ഒരുമിച്ച പഠിച്ചിരുന്ന സിന്ധുവും അരുണും പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍വെച്ച് കണ്ടുമുട്ടിയതോടെയാണ് സൗഹൃദത്തിലായത്. അരുണിനായി യുവതി പലരില്‍നിന്നും കടം വാങ്ങിയിരുന്നതായും പറയുന്നുണ്ട്. പാല്‍കുളങ്ങരയിലെ വീട്ടില്‍ ജോലിക്ക് പോവുകയായിരുന്നു സിന്ധു. ഒന്നാം ക്ലാസ് മുതല്‍ ഏഴുവരെയാണ് യുവതിയും അരുണും ഒരുമിച്ച് പഠിച്ചത്.

യുവതി ആണ്‍സുഹ്യത്തിന്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. നിലവില്‍ ആത്മഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത് എസ്.എച്ച്.ഒ. സാജു അറിയിച്ചു. ആത്മഹത്യക്കുറിപ്പോ മറ്റൊന്നും കണ്ടെത്തിയിട്ടില്ല. ഫൊറന്‍സിക്, വിരലടയാള ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. സിന്ധുവിന് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്.

Tags:    

Similar News