അര്‍ജുനായുള്ള തിരച്ചില്‍ വൈകിപ്പിച്ചത് ഈശ്വര്‍ മാല്‍പെ; മനാഫും മാല്‍പെയും ചേര്‍ന്ന് ഷിരൂരില്‍ ഡ്രഡ്ജര്‍ വെച്ച് നാടകപരമ്പര തന്നെ നടത്തി; രണ്ട് ദിവസം അവിടെ നഷ്ടമായി; 'രക്ഷകനായി അവതരിച്ച' മാല്‍പെക്കെതിരെയും അര്‍ജുന്റെ കുടുംബം

മാല്‍പെക്കെതിരെയും അര്‍ജുന്റെ കുടുംബം

Update: 2024-10-02 12:37 GMT

കോഴിക്കോട്: ലോറി ഡ്രൈവര്‍ മനാഫിനെതിരെ ആരോപണം ഉന്നയിച്ച അര്‍ജുന്റെ കുടുംബം രക്ഷാദൗത്യത്തില്‍ 'രക്ഷക വേഷത്തില്‍' ചാനലുകള്‍ അവതരിപ്പിച്ച ഡൈവര്‍ ഈശ്വര്‍ മാല്‍പെക്കെതിരതെയും രംഗത്തെത്തി. മനാഫിനൊപ്പം തന്നെ മാല്‍പെക്കെതിരെയും കുടുംബം ഗുരുതര രോപണമാണ് ഉന്നയിച്ചത്. അര്‍ജുന്റെ കുടുംബം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സഹോദരീഭര്‍ത്താവ് ജിതിനാണ് മാല്‍പെക്കെതിരെ ആരോപണം ഉന്നയിച്ചത്.

പക്ഷാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട അര്‍ജുന്റെ അമ്മയുമായി നിരന്തരം ബന്ധപ്പെട്ടും മനാഫും മാല്‍പെയും വൈകാരികത ചൂഷണം ചെയ്തുവെന്നാണ് ജിതിന്‍ ആരോപണം ഉന്നയിച്ചത്. ഈശ്വര്‍ മാല്‍പെയെ കൊണ്ടുവന്നത് മനാഫാണ്. മനാഫും മാല്‍പെയും ചേര്‍ന്ന് ഷിരൂരില്‍ ഡ്രഡ്ജര്‍വെച്ച് നാടകപരമ്പര തന്നെ നടത്തി. അത് അവിടെയുള്ള മാധ്യമങ്ങള്‍ക്കെല്ലാം അറിയാം. ആദ്യത്തെ രണ്ട് ദിവസവും ഡ്രഡ്ജറിന്റെ പ്രവര്‍ത്തനങ്ങള്‍ മാല്‍പെയെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുനീങ്ങിയത്. അതിനാല്‍ ആ രണ്ട് ദിവസവും നമുക്ക് നഷ്ടമായി. അക്കാര്യം അവിടത്തെ എസ്.പിക്കും എം.എല്‍.എയ്ക്കും മനസ്സിലായി. അവര്‍ അത് ഞങ്ങളുമായി ചര്‍ച്ചചെയ്തു.

ഇവിടെയൊരു ഔദ്യോഗിക സംവിധാനമുണ്ട്. അവിടെനിന്ന് ആദ്യം എന്ത് ലഭിച്ചാലും അത് വെളിപ്പെടുത്തേണ്ടത് പോലീസ് സംവിധാനമാണെന്നാണ് അവിടത്തെ എസ്.പി. പറഞ്ഞത്. എന്നാല്‍, ഇവര്‍ അവിടെനിന്നുള്ള വീഡിയോകള്‍ നിരന്തരമായി യുട്യൂബ് ചാനലിലിടുന്നുണ്ട്. മനാഫിന് യുട്യൂബ് ചാനലുണ്ട്. അവര്‍ അവിടുന്ന് വീഡിയോ എടുക്കുകയാണ്. എന്നിട്ട് അവര്‍ തമ്മില്‍ 600 പേര് കാണുന്നുണ്ട്, 700 പേര് കാണുന്നുണ്ട്, അടിപൊളിയാണ്, സൂപ്പറാണ് എന്നൊക്കെയാണ് സംസാരിക്കുന്നത്. അര്‍ജുനോട് ഒരു തുള്ളി സ്നേഹമുണ്ടെങ്കില്‍ മനാഫ് ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്നും മനാഫ് പറഞ്ഞു.

അര്‍ജുന്റെ ലോറി ഉയര്‍ത്തുന്നതും അവിടെ നടക്കുന്ന മറ്റു സംഭവങ്ങളുമെല്ലാം ഇവര്‍ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യുന്നു. അതിന് മുഖ്യധാരാ മാധ്യമങ്ങളില്ലേ, അര്‍ജുനോടും കുടുംബത്തോടും സ്നേഹമുണ്ടെങ്കില്‍ അങ്ങനെ ഒരു കാര്യം ചെയ്യുമോ? അര്‍ജുനും മാല്‍പെയും ചേര്‍ന്നൊരു നാടകപരമ്പരയാണ് അവിടെ നടന്നത്. അന്നൊന്നും ഇക്കാര്യം പറഞ്ഞ് കൂടുതല്‍ വിവാദത്തിലേക്ക് കടക്കാന്‍ താത്പര്യമില്ലായിരുന്നു. ഇതെല്ലാം ഞങ്ങളെക്കൊണ്ട് ഇപ്പോള്‍ പറയിപ്പിച്ചതാണെന്നും ജിതിന്‍ വ്യക്തമാക്കി.

അര്‍ജുനെക്കിട്ടിയാല്‍ എല്ലാം നിര്‍ത്തുമെന്നായിരുന്നു പറഞ്ഞത്. പക്ഷേ, ഇപ്പോഴും നിര്‍ത്തുന്നില്ല. അര്‍ജുന്റെ പേരും പറഞ്ഞ് പബ്ലിസിറ്റിക്കുവേണ്ടി ഇപ്പോഴും മനാഫ് ഓടിനടക്കുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരലൊന്നും നടക്കില്ലെന്ന് കുടുംബത്തെ പറഞ്ഞ് പറ്റിച്ച്, മനാഫ് ആക്ഷന്‍ കമ്മിറ്റിയടക്കം രൂപീകരിച്ച് കാര്യങ്ങളെ അയാളുടെ വഴിക്ക് നീക്കുകയാണ് ചെയ്തത്. ഒരു കോടി രൂപയ്ക്ക് കൊണ്ടുവന്ന ഡ്രഡ്ജര്‍ കൊണ്ട് കാര്യമില്ലെന്നും മലപ്പുറത്തുനിന്നുള്ള ഡ്രഡ്ജര്‍ മതിയെന്നും മനാഫ് പറഞ്ഞതിന്റെ പേരില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നെന്നും കുടുംബം അറിയിച്ചു.

നേരത്തെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പേ മടങ്ങിയിരുന്നു. കാര്‍വാര്‍ എസ് പി നാരായണ മോശമായി സംസാരിച്ചെന്നും ഡ്രഡ്ജര്‍ കമ്പനിയുടെ ഭാഗത്ത് നിന്നും അനുകൂല സമീപനം ഉണ്ടായില്ലെന്നും അടക്കം ആരോപണം ഉന്നയിച്ചാണ് ഈശ്വര്‍ മാല്‍പെ തിരൂരിലെ ദൗത്യം അവസാനിപ്പിക്കുന്നത്. അതേസമയം മാല്‍പെയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു എന്നാണ് ഇപ്പോള്‍ ജിതിന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്നും വ്യക്തമാകുന്ന കാര്യം.

അര്‍ജുന്റെ സംസ്‌ക്കാര ചടങ്ങുകള്‍ക്കും മാല്‍പെ കോഴിക്കോട് എത്തിയിരുന്നു. ജാതിമത ഭേദമില്ലാതെ മലയാളികള്‍ നടത്തിയ ഇടപെടലും പ്രാര്‍ഥനയുമാണ് അര്‍ജുനെ ഇവിടെ എത്തിച്ചതെന്നും കേരളക്കരയോട് കൈകൂപ്പുന്നുവെന്നു എന്നുമാണ് മാല്‍പെ അന്ന് പറഞ്ഞത്.

Tags:    

Similar News