തമിഴ്‌നാട്ടില്‍ നിന്ന് മുട്ട എടുത്ത ശേഷം തിരികെ വരുമ്പോള്‍ ദുരന്തം; പിക്ക് ആപ്പുമായി പോയത് രണ്ടു ദിവസം മുമ്പും; സ്ഥിരം ഡ്രൈവര്‍ വരാത്തതിനാല്‍ എത്തിയ പകരക്കാരന്‍; പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി; അവരുടെ നഷ്ടത്തിന് ഇനി ആരു സമാധാനം പറയും; എറണാകുളത്ത് ലോഡിറക്കി മടക്കം രാജേഷിന്റെ അവസാന യാത്രയായി
ആലപ്പുഴ: അരൂര്‍ - തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണ മേഖലയില്‍ ഗര്‍ഡര്‍ വീണ് അപകടം ഉണ്ടാക്കിയത് അനാസ്ഥ മാത്രം. പിക്കപ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീഴുകയായിരുന്നു. സംഭവത്തില്‍ പിക്കപ് വാനിന്റെ ഡ്രൈവര്‍ മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. ചന്തിരൂരില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്.
തമിഴ്‌നാട്ടില്‍ നിന്നും മുട്ട കയറ്റി വരികയായിരുന്ന പിക്കപ് വാന്‍ ആയിരുന്നു. എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. രാജേഷ് പിക്കപ് വാനിന്റെ സ്ഥിരം ഡ്രൈവര്‍ ആയിരുന്നില്ല. സ്ഥാരമായി ഓടിക്കുന്ന ഡ്രൈവര്‍ ഇല്ലാതിരുന്നത് കൊണ്ട് വാഹനം ഓടിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ രാജേഷ് വരികയായിരുന്നു. മരിച്ച രാജേഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. കരാര്‍ കമ്പനിയുടെ അനാസ്ഥയാണ് അപകടമുണ്ടാക്കിയതെന്ന് വാഹനയുടമ പറയുന്നു. സംഭവത്തില്‍ പിഡബ്ലുഡി സെക്രട്ടറിയോട് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
മുട്ടയുമായി എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് വരുമ്പോഴാണ് ഹരിപ്പാട് പള്ളിപ്പാട് ജിഷ്ണു ഭവനില്‍ രാജേഷിന്റെ പിക്കപ്പ് വാനിലേക്ക് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ വീണത്. രാത്രി രണ്ടരയോടെ ചന്തിരൂര്‍ ഭാഗത്താണ് അപകടമുണ്ടായത്. 3 ഗര്‍ഡറുകള്‍ ഈ ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. ഒരു ഗര്‍ഡര്‍ പൂര്‍ണമായി നിലംപതിച്ചു. ഒരെണ്ണം ചരിഞ്ഞ നിലയിലാണ്. മൂന്നര മണിക്കൂറിനുശേഷമാണ് ഗര്‍ഡര്‍ ഉയര്‍ത്തി വാഹനം പൊളിച്ച് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്. 8,000 കിലോയാണ് ഒരു ഗര്‍ഡറിന്റെ ഭാരം. 32 മീറ്റര്‍ നീളമുണ്ട്.
രാജേഷ് തമിഴ്‌നാട്ടില്‍നിന്ന് മുട്ട എടുത്തശേഷം തിരികെ വരികയായിരുന്നെന്ന് വാഹന ഉടമ പറഞ്ഞു. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പണിക്കാരുടെ അനാസ്ഥ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. സ്ഥിരം ഡ്രൈവര്‍ വരാത്തതിനാലാണ് രാജേഷ് വാഹനം ഓടിക്കാന്‍ എത്തിയതെന്നും ഉടമ പറഞ്ഞു. 2 ദിവസം മുന്‍പാണ് രാജേഷ് തമിഴ്‌നാട്ടിലേക്ക് പോയത്. വണ്ടിയില്‍ രാജേഷ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അപകടം ഉണ്ടായതോടെ വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടു. ചേര്‍ത്തല ഭാഗത്തുനിന്ന് എറണാകുളത്തേക്കുള്ള വാഹനങ്ങള്‍ അരൂക്കുറ്റി വഴി അരൂര്‍ക്ഷേത്രത്തിന്റെ ഭാഗത്തുകൂടി എറണാകുളത്തേക്ക് വഴി തിരിച്ചു വിട്ടു. എറണാകുളത്തുനിന്നുള്ള വാഹനങ്ങള്‍ അരൂരില്‍നിന്ന് ചേര്‍ത്തല വഴി തിരിച്ചുവിട്ടു.
ദുഃഖകരമായ സംഭവമാണെന്ന് അരൂര്‍ എംഎല്‍എ ദലീമ ജോജോ പറഞ്ഞു. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് സാധാരണ നിര്‍മാണം നടക്കുന്നത്. എന്തോ ഒടിഞ്ഞെന്നാണ് അറിയാന്‍ കഴിയുന്നത്. യാദൃച്ഛികമായി സംഭവിച്ചതാണ്. സുരക്ഷ ഒരുക്കണമെന്ന് കലക്ടറെ നേരത്തെ അറിയിച്ചിരുന്നതായും എംഎല്‍എ പറഞ്ഞു. ഇവിടെ അപകടം സ്ഥിരം സംഭവമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം ചൂണ്ടിക്കാണിച്ചാല്‍ പരിഹരിക്കാമെന്ന് അധികൃതര്‍ പറയുന്നതല്ലാതെ നടപടി ഉണ്ടാകില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
രണ്ട് ഗര്‍ഡറുകളാണ് വീണത്. പിക്കപ് വാന്‍ ഗര്‍ഡറിന് അടിയിലാണ്. മുട്ട കൊണ്ടു പോകുന്ന പിക്കപ് വാന്‍ ആയിരുന്നു. രണ്ട് ഗര്‍ഡറുകളാണ് വീണത്. ഒന്ന് പൂര്‍ണമായും മറ്റൊന്ന് ഭാഗികമായുമാണ് പതിച്ചത്. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം പുറത്തെടുത്തു.
