പദ്ധതിയുടെ പകുതിയിലധികം തുകയും റെയില്‍വേ നേരിട്ട് വഹിക്കും; കേരളത്തിന് ചെലവ് വെറും 30,000 കോടി; ശതകോടികളുടെ വായ്പ വേണ്ട; ഇ. ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയില്‍ പ്രഖ്യാപനം 15 ദിവസത്തിനകം; ഓഫീസ് തുറക്കുക പൊന്നാനിയിലും; ഭൂമി ഏറ്റെടുക്കല്‍ സമരങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധ; അഞ്ചു കൊല്ലത്തിനകം കേരളം അതിവേഗമാകും
പാലക്കാട്: കേരളത്തിന്റെ യാത്രാദുരിതത്തിന് അറുതി വരുത്താന്‍ ലക്ഷ്യമിട്ടുള്ള അതിവേഗ റെയില്‍ പദ്ധതിയില്‍ നിര്‍ണ്ണായക പ്രഖ്യാപനം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടായേക്കും. മെട്രോമാന്‍ ഇ. ശ്രീധരന്‍ തയ്യാറാക്കിയ പുതിയ പദ്ധതി പ്രകാരം, ഭീമമായ തുക വായ്പ എടുക്കാതെ തന്നെ കേരളത്തിന് ഈ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാം. 86,000 കോടി രൂപ മുതല്‍ 1 ലക്ഷം കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പകുതിയിലധികം തുകയും റെയില്‍വേ നേരിട്ട് വഹിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
പദ്ധതിയുടെ സാമ്പത്തിക വശം ഇങ്ങനെ:
മൊത്തം ചെലവ്: 86,000 കോടി മുതല്‍ 1 ലക്ഷം കോടി രൂപ വരെ.
റെയില്‍വേ വിഹിതം: പദ്ധതി ചെലവിന്റെ 51 ശതമാനം റെയില്‍വേ വഹിക്കും.
സംസ്ഥാന-കേന്ദ്ര വിഹിതം: ബാക്കിയുള്ള തുകയില്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് 60,000 കോടി രൂപ വഹിക്കണം. അതായത് കേരളത്തിന് കേവലം 30,000 കോടി രൂപ മാത്രം മുടക്കിയാല്‍ പദ്ധതിയുടെ ഭാഗമാകാം.
നേരത്തെ നിശ്ചയിച്ചിരുന്ന 350 കി.മീറ്റര്‍ വേഗതയില്‍ നിന്ന് മാറി, ഇപ്പോള്‍ 200 കിലോമീറ്ററാണ് പരമാവധി വേഗമായി നിശ്ചയിച്ചിട്ടുള്ളത്. സ്റ്റേഷനുകള്‍ തമ്മിലുള്ള ദൂരത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. 20-25 കിലോമീറ്റര്‍ പരിധിയില്‍ സ്റ്റേഷനുകള്‍ വരും. ആകെ 22 സ്റ്റേഷനുകളാണ് ഉണ്ടാവുക. തുടക്കത്തില്‍ 8 കോച്ചുകളുള്ള ട്രെയിനില്‍ 560 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാം. 70 ശതമാനം എലിവേറ്റഡ് (തൂണുകളിലൂടെയുള്ള) പാതയും 20 ശതമാനം തുരങ്കപാതയുമായിരിക്കും. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് പാത കടന്നുപോകുന്നത്.
പദ്ധതിക്കെതിരെ സമരങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യത്തിന് മാത്രമായിരിക്കും സ്ഥലമേറ്റെടുപ്പ്. തൂണുകളുടെ പണി കഴിഞ്ഞാല്‍ ഭൂമി ഉടമകള്‍ക്ക് വിട്ടുനല്‍കും. അവിടെ വീട് നിര്‍മ്മിക്കാന്‍ അനുവാദമുണ്ടാകില്ലെങ്കിലും കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ നിര്‍മ്മിക്കുന്ന ഈ പാതയിലൂടെ ചരക്ക് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവില്‍ നിന്ന് ഡിപിആര്‍ തയ്യാറാക്കാന്‍ വാക്കാലുള്ള അനുമതി ലഭിച്ചതായും 15 ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി.
രണ്ടാം തീയതി പൊന്നാനിയില്‍ പദ്ധതിയുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് വ്യത്യസ്തമായി കുറഞ്ഞ സാമ്പത്തിക ബാധ്യതയില്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്നിരിക്കെ, കേരള സര്‍ക്കാര്‍ ഈ പദ്ധതിയോട് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
