മെസിയെപ്പോലെയുള്ള ഒരു ആഗോള താരം ഇവിടെ വന്നിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഈ തട്ടിക്കൂട്ട് സംവിധാനങ്ങള്‍ക്ക് ഒന്നിനും സാധിക്കുമായിരുന്നില്ല; സ്‌റ്റേഡിയത്തിനുള്ളില്‍ ഷവര്‍ മഴ; പുറത്ത് ഗേറ്റ് വീഴ്ച; മെസിയും അര്‍ജന്റീനയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മരം മുറിച്ചവര്‍ പകരം ഒരുക്കിയത് കണ്‍കെട്ട് ജാലവിദ്യയോ? കലൂര്‍ സ്‌റ്റേഡിയും ഒന്നിനും കൊള്ളാത്ത അവസ്ഥയില്‍!

Update: 2026-03-07 02:13 GMT

കൊച്ചി: ലയണല്‍ മെസി കൊച്ചിയില്‍ വരാത്തത് ഒരുതരത്തില്‍ നന്നായി എന്ന് കായികപ്രേമികള്‍ക്കിടയില്‍ സംസാരം. മെസി വന്നിരുന്നുവെങ്കില്‍ കാണാനെത്തുന്ന ലക്ഷക്കണക്കിന് വരുന്ന ആള്‍ക്കൂട്ടത്തെ ഉള്‍ക്കൊള്ളാനോ അവര്‍ക്ക് സുരക്ഷയൊരുക്കാനോ നിലവിലെ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സാധിക്കില്ലായിരുന്നു എന്നതിന്റെ ഒടുവിലത്തെ തെളിവാണ് കഴിഞ്ഞ ദിവസം ഉണ്ടായ ഗേറ്റ് അപകടം.

സ്റ്റേഡിയം നവീകരണത്തിന്റെ പേരില്‍ നടന്നത് വെറും 'പെട്ടിക്കട' പണിയാണെന്നും അന്താരാഷ്ട്ര നിലവാരമുണ്ടായിരുന്ന സ്റ്റേഡിയത്തെ തരംതാഴ്ത്തിയെന്നും ആക്ഷേപം ശക്തമാവുകയാണ്. സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കൂറ്റന്‍ കവാടം തകര്‍ന്നുവീണത് കൊച്ചിയെ ഞെട്ടിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ടിവിയുടെ നേതൃത്വത്തില്‍ നടന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നേരത്തെ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന്റെ ബാക്കിപത്രമെന്നോണമാണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ പ്രധാന കവാടത്തിലെ നാലു പാളികളില്‍ ഒന്ന് കടപുഴകി വീണത്.

ആഡംബരത്തിന്റെ പേരില്‍ നിര്‍മ്മിച്ച ഈ കൂറ്റന്‍ ഗേറ്റ് വീഴുമ്പോള്‍ അതിനടിയിലൂടെ പോയ ഓട്ടോറിക്ഷ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഓട്ടോ ഡ്രൈവര്‍ ചന്ദ്രനും മൂന്ന് യാത്രക്കാരും ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തത്തില്‍ നിന്ന് ഒഴിവായത്. മുകളിലെ ക്ലാമ്പുകള്‍ക്ക് ഭാരം താങ്ങാന്‍ കഴിയാതെ പൊട്ടി വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ ഈ അപകടത്തിന് ശേഷവും നിഗൂഢമായ മൗനം തുടരുന്നത് അഴിമതി ആരോപണങ്ങളെ ബലപ്പെടുത്തുന്നു. നവീകരണത്തിന്റെ പേരില്‍ സ്റ്റേഡിയത്തിന് ചുറ്റുമുണ്ടായിരുന്ന തണല്‍മരങ്ങള്‍ മുറിച്ചുകടത്തിയത് വലിയ വിവാദമായിരുന്നു. മരങ്ങള്‍ മുറിച്ചതും പകരം നിര്‍മ്മിച്ച കവാടവുമെല്ലാം വെറും തട്ടിപ്പായിരുന്നുവെന്ന് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു.

നൂറുകണക്കിന് ആളുകള്‍ക്ക് എടുത്തുയര്‍ത്താന്‍ പോലും സാധിക്കാത്ത അത്ര ഭാരമുള്ള ഈ ഗേറ്റ് റോഡില്‍ വീണുകിടന്നിട്ടും അത് നീക്കം ചെയ്യാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞില്ല. സുരക്ഷാ ജീവനക്കാര്‍ ബാരിക്കേഡ് വച്ച് താത്കാലികമായി അവിടം മറയ്ക്കുക മാത്രമാണ് ചെയ്തത്. അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ മുഖമുദ്ര തന്നെ നശിപ്പിച്ച്, കേവലം ഒരു സ്‌പോണ്‍സര്‍ക്ക് പരസ്യം ചെയ്യാനുള്ള ഇടമാക്കി മാറ്റിയെന്ന ആക്ഷേപം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. ശാസ്ത്രീയമായ സുരക്ഷാ പരിശോധനകള്‍ നടത്താതെയാണ് ഇത്തരം നിര്‍മ്മാണങ്ങള്‍ നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ മെസിയെപ്പോലെയുള്ള ഒരു ആഗോള താരം ഇവിടെ വന്നിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഈ തട്ടിക്കൂട്ട് സംവിധാനങ്ങള്‍ക്ക് ഒന്നിനും സാധിക്കുമായിരുന്നില്ല. ഈ സുരക്ഷാ വീഴ്ചയില്‍ ജിസിഡിഎ മറുപടി പറയണമെന്നും അഴിമതിയെക്കുറിച്ച് അന്വേഷണം വേണമെന്നുമാണ് കായിക പ്രേമികളുടെ ആവശ്യം. സ്‌റ്റേഡിയത്തിനുള്ളില്‍ മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലെ മത്സരത്തിനിടെ സ്‌റ്റേഡിയം ചോര്‍ന്നൊലിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഐ എസ് എല്‍ മത്സരത്തിന് തൊട്ടു മുമ്പുള്ള ദിവസത്തെ മഴയിലാണ് സ്റ്റേഡയത്തിലെ 'ഷവര്‍' പ്രത്യക്ഷപ്പെട്ടത്.

Tags:    

Similar News