സെക്കന്‍ഡ് ഹാന്‍ഡ് ആഡംബര വാഹനങ്ങള്‍ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ ഇന്ത്യയിലേക്ക് കടത്തും; ഒരേ എന്‍ജിന്‍ നമ്പറും ചേസിസ് നമ്പറുമുള്ള 15,849 വാഹനങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തു; ഇന്ത്യയെ ഞെട്ടിച്ച ഭൂട്ടാന്‍ വാഹനക്കള്ളക്കടത്ത്; കൊച്ചി കസ്റ്റംസ് അഞ്ചുപേരെ പിടികൂടി; പിന്നില്‍ വിപ്രോ എന്‍ജിനീയറും ഉന്നത ഉദ്യോഗസ്ഥരും

Update: 2026-03-07 03:18 GMT

കൊച്ചി: രാജ്യത്തെ ഞെട്ടിച്ച വമ്പന്‍ ആഡംബര വാഹനക്കള്ളക്കടത്ത് മാഫിയയെ തുരത്താന്‍ ലക്ഷ്യമിട്ട് കൊച്ചി കസ്റ്റംസ് (പ്രിവന്റീവ്) ആരംഭിച്ച 'ഓപ്പറേഷന്‍ നംഖോര്‍' നിര്‍ണ്ണായക ഘട്ടത്തിലേക്ക്. ഭൂട്ടാനില്‍ നിന്നും വിദേശത്തുനിന്നും നികുതി വെട്ടിച്ച് ആഡംബര കാറുകളും ലോറികളും ഇന്ത്യയിലേക്ക് കടത്തുന്ന വന്‍ റാക്കറ്റിലെ മുഖ്യസൂത്രധാരനടക്കം അഞ്ചുപേരെ കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് സംഘം അതിസാഹസികമായി പിടികൂടി. പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ബിശ്വദീപ് ദാസ് (35) ആണ് അറസ്റ്റിലായത്. പശ്ചിമ ബംഗാള്‍ ജയ്ഗാവ് സ്വദേശി. പ്രമുഖ ഐടി കമ്പനിയായ വിപ്രോയിലെ സീനിയര്‍ എന്‍ജിനീയറായ ഇയാളാണ് കള്ളക്കടത്തിന്റെ പ്രധാന സൂത്രധാരനെന്ന് കരുതപ്പെടുന്നു. ഫെബ്രുവരി 22-ന് ഭൂട്ടാന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. ദീപക് പാട്ടോവാരി (57) അസമിലെ ബോംഗായ്ഗാവ് ഡിസ്ട്രിക്റ്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസറാണ് വ്യാജ രേഖകള്‍ ചമച്ച് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇയാള്‍ വഴിവിട്ട സഹായം നല്‍കിയതായി കണ്ടെത്തി. അയൂബ് അലി (35), എംഡി മുസ്തഫ അഹമ്മദ് (35), ജലാല്‍ മണ്ഡല്‍ (31): അസം സ്വദേശികളായ ഇവര്‍ വാഹനക്കടത്തിന്റെ വിവിധ കണ്ണികളായി പ്രവര്‍ത്തിച്ചവരാണ്.

ഭൂട്ടാനില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സെക്കന്‍ഡ് ഹാന്‍ഡ് ആഡംബര വാഹനങ്ങള്‍ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ ഇന്ത്യയിലേക്ക് കടത്തുന്നതാണ് രീതി. കൂടാതെ, ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത വാഹനങ്ങള്‍ നികുതി വെട്ടിച്ച് തിരികെ നാട്ടിലെത്തിച്ച് വ്യാജ രേഖകള്‍ ഉപയോഗിച്ച് വീണ്ടും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. അസം പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തില്‍ 460 വാഹനങ്ങള്‍ വ്യാജരേഖ ചമച്ച് രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് സംഘം ഒരാഴ്ചയ്ക്കുള്ളില്‍ ഏകദേശം 3000 കിലോമീറ്ററോളം സഞ്ചരിച്ചാണ് പ്രതികളെ വലയിലാക്കിയത്. ഷില്ലോങ് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിന്റെയും ശാസ്ത്ര സീമാ ബല്‍ സേനയുടെയും സഹായത്തോടെയായിരുന്നു മിന്നല്‍ പരിശോധനകള്‍. അറസ്റ്റ് ചെയ്ത ബിശ്വദീപ് ദാസിനെ ട്രാന്‍സിറ്റ് റിമാന്‍ഡില്‍ കൊച്ചിയിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാഹനക്കള്ളക്കടത്ത് കേസായി ഓപ്പറേഷന്‍ നംഖോര്‍ മാറുകയാണ്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (ഇഅഏ) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഒരേ എന്‍ജിന്‍ നമ്പറും ചേസിസ് നമ്പറുമുള്ള 15,849 വാഹനങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് രാജ്യവ്യാപകമായി പടര്‍ന്നു കിടക്കുന്ന ഒരു വലിയ മാഫിയയുടെ സാന്നിധ്യമാണ് വിരല്‍ചൂണ്ടുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളും വാഹനങ്ങള്‍ പിടിച്ചെടുക്കലും ഉണ്ടാകുമെന്നാണ് കൊച്ചി കസ്റ്റംസ് നല്‍കുന്ന സൂചന.

Similar News