'ടി.പി.യുടെ അവസ്ഥ ഉണ്ടായേക്കില്ല, പക്ഷേ...'! എം.എല്‍.എയ്‌ക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച വി. കുഞ്ഞികൃഷ്ണനെതിരെ പാര്‍ട്ടി അച്ചടക്കനടപടി നാളെ; പയ്യന്നൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍; കുഞ്ഞികൃഷ്ണന്റെ ചിത്രത്തില്‍ കറുത്ത നിറം കൊണ്ട് വെട്ടി സന്ദേശം നല്‍കല്‍; പയ്യന്നൂര്‍ സിപിഎമ്മില്‍ കലാപ കാലം
കണ്ണൂര്‍: പയ്യന്നൂരിലെ സി.പി.എമ്മില്‍ വിഭാഗീയതയുടെ കനലുകള്‍ വീണ്ടും ആളിപ്പടരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവും എം.എല്‍.എയുമായ ടി.ഐ. മധുസൂദനനെതിരേ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്‍ പരസ്യമായി പോരിനിറങ്ങിയതോടെ കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം പ്രതിരോധത്തിലായി. 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പേരില്‍ കുഞ്ഞികൃഷ്ണന്‍ രചിച്ച പുസ്തകം, പയ്യന്നൂരിലെ പാര്‍ട്ടി ഘടകങ്ങളില്‍ പുതിയ രാഷ്ട്രീയ ഭൂകമ്പത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
അതിനിടെ ടി ഐ മധുസൂദനന്‍ എംഎല്‍എ രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂര്‍ നഗരത്തില്‍ വ്യാപകമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. ഒറ്റുകാരനെ നാട് തിരിച്ചറിയുമെന്ന് പോസ്റ്ററില്‍ പറയുന്നു. ജില്ലാകമ്മിറ്റി അംഗത്തെ തള്ളി പാര്‍ട്ടി ജില്ലാ നേതൃത്വം രംഗത്തെത്തിയതോടെയാണ് പരസ്യ പ്രതിഷേധം തുടങ്ങിയിരിക്കുന്നത്. ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമെന്നും രാഷ്ട്രീയ ശത്രുക്കളുടെ കോടാലിക്കയ്യായി കുഞ്ഞികൃഷ്ണന്‍ മാറിയെന്നും കണ്ണൂര്‍ ജില്ലാ നേതൃത്വം പ്രതികരിച്ചിരുന്നു.
അതേസമയം, പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് തിരിമറിയില്‍ വി കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളടക്കം ചര്‍ച്ച ചെയ്യാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം നാളെ ചേരും. സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാകും യോഗം. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ പരസ്യപ്രസ്താവനയില്‍ ജില്ല കമ്മിറ്റി അംഗം കൂടിയായ വി കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. സി പി എം എം എല്‍ എ ടി ഐ മധുസൂദനനെതിരെ ആരോപണം ഉന്നയിച്ച സിപിഎം കണ്ണൂര്‍ ജില്ല കമ്മിറ്റിയംഗം വി.കുഞ്ഞി കൃഷ്ണനെതിരെ പയ്യന്നൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത് അസാധാരണ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയുമെന്നാണ് ഫ്‌ലക്‌സിലുള്ളത്. പയ്യന്നൂര്‍ കാറമേല്‍ മുച്ചിലോട്ടാണ് ആദ്യം ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. കുഞ്ഞികൃഷ്ണന്റെ ചിത്രത്തില്‍ കറുത്ത നിറം കൊണ്ട് വെട്ടിയാണ് ഫ്‌ലക്‌സ്.
കഴുത്തിനു നേരെ വടിവാള്‍ വരുന്ന നാളുകളില്‍ വിശുദ്ധന്‍ എവിടെയായിരുന്നു.. കൂട്ടത്തിലൊരു പ്രിയ സഖാവ് വീണുപോയ രാത്രിയില്‍ വിശുദ്ധന്‍ എവിടെയായിരുന്നു. തടവറകളും ഇടിമുറികളും വിളിച്ച നാളുകളില്‍ വിശുദ്ധന്‍' എവിടെയായിരുന്നു. ഊണും കഴിഞ്ഞ് ഏമ്പക്കവും വിട്ട് പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയുമെന്നും ബോര്‍ഡിലുണ്ട്.
'ടി.പി.യുടെ അവസ്ഥ ഉണ്ടായേക്കില്ല, പക്ഷേ...'
പാര്‍ട്ടിക്കുള്ളിലെ തെറ്റായ പ്രവണതകളെ ചോദ്യം ചെയ്യുന്നവരെ ഇഷ്ടപ്പെടുന്ന രീതിയല്ല ഇപ്പോഴത്തെ നേതൃത്വത്തിന്റേതെന്ന് കുഞ്ഞികൃഷ്ണന്‍ തുറന്നടിച്ചിരുന്നു. 'പാര്‍ട്ടിക്കെതിരേ തിരിഞ്ഞ ടി.പി. ചന്ദ്രശേഖരന്റെ അവസ്ഥ ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല, കാരണം ഇത് സൈബര്‍ പോരാളികളുടെ കാലമാണ്' എന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ പരിഹാസവും ആത്മവിശ്വാസവും കലര്‍ന്നിട്ടുണ്ട്. തെറ്റുകാര്‍ക്ക് കുടപിടിക്കാനും നിരപരാധികളെ ശിക്ഷിക്കാനുമാണ് ഇപ്പോള്‍ പാര്‍ട്ടി കമ്മീഷനുകളെ നിയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ധനരാജ് രക്തസാക്ഷി ഫണ്ടിലെ ക്രമക്കേടുകള്‍ മുതല്‍ തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ് വരെ നീളുന്ന ഞെട്ടിക്കുന്ന ആരോപണങ്ങളാണ് കുഞ്ഞികൃഷ്ണന്‍ ഉന്നയിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് പിരിവിനായി ആറ് രസീത് ബുക്കുകള്‍ അച്ചടിച്ചു. അതില്‍ നാലെണ്ണം വ്യാജമാണെന്നും രണ്ട് രസീതുകള്‍ ഉപയോഗിച്ച് എം.എല്‍.എ നേരിട്ടാണ് പണം പിരിച്ചതെന്നും കുഞ്ഞികൃഷ്ണന്‍ പറയുന്നു. 20 പേരില്‍ നിന്നായി 23 ലക്ഷം രൂപ പിരിച്ചതില്‍ വലിയ തോതിലുള്ള ക്രമക്കേട് നടന്നതായി അദ്ദേഹം ഓഡിറ്ററായിരുന്ന ഘട്ടത്തില്‍ കണ്ടെത്തിയിരുന്നു. പയ്യന്നൂരിലെ ഭൂമാഫിയയില്‍ നിന്ന് പാര്‍ട്ടി ഫണ്ട് പിരിച്ചിരുന്നതായി അണികള്‍ക്ക് ബോധ്യമുണ്ടെങ്കിലും ജില്ലാ കമ്മിറ്റിക്ക് മാത്രം അത് ബോധ്യപ്പെടുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
വിഷയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തതാണെന്നും വ്യക്തിപരമായ ധനാപഹരണം നടന്നിട്ടില്ലെന്നുമാണ് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ വിശദീകരണം. കുഞ്ഞികൃഷ്ണന്‍ ബോധപൂര്‍വം വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിന്റെ ഭാഗമായി അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായും പാര്‍ട്ടി വ്യക്തമാക്കുന്നു. എങ്കിലും, എം.വി. ഗോവിന്ദന്‍ നേരിട്ട് ഇടപെട്ട് പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവന്ന കുഞ്ഞികൃഷ്ണന്‍ വീണ്ടും കലാപക്കൊടി ഉയര്‍ത്തുന്നത് കണ്ണൂരിലെ വരാനിരിക്കുന്ന സമ്മേളനങ്ങളില്‍ നേതൃത്വത്തിന് വലിയ തലവേദനയാകും.
