ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യക്ക് മാത്രം 'വിഐപി' പരിഗണന! രണ്ട് ടാങ്കറുകള്‍ ഇന്ത്യയിലേക്ക്; സുരക്ഷിത പാതയൊരുക്കി ഇറാന്‍; 'ഇന്ത്യയിലെ ജനങ്ങളുടെ ദുരിതം ഞങ്ങളുടേതു കൂടിയാണ്, തിരിച്ചും അങ്ങനെ തന്നെ': അംബാസഡറുടെ വാക്കുകള്‍ വെറുതെയല്ല; യുദ്ധമുഖത്ത് മോദി നേടിയ വലിയ നയതന്ത്ര വിജയം ഇങ്ങനെ!

യുദ്ധമുഖത്ത് മോദി നേടിയ വലിയ നയതന്ത്ര വിജയം ഇങ്ങനെ!

Update: 2026-03-13 17:17 GMT

ന്യൂഡല്‍ഹി/ടെഹ്റാന്‍: ലോകം മുള്‍മുനയില്‍ നില്‍ക്കുന്ന പശ്ചിമേഷ്യയിലെ യുദ്ധമുഖത്തുനിന്നും ഇന്ത്യക്ക് ആശ്വാസകരമായ വാര്‍ത്തകള്‍ പുറത്തുവരുന്നു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ അമേരിക്കയും ഇറാനും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍, ലോകത്തിന്റെ ശ്വാസംമുട്ടിക്കുന്ന ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യക്ക് മാത്രം പ്രത്യേക പരിഗണന നല്‍കി ഇറാന്‍. ഉപരോധങ്ങളും മിസൈല്‍ ആക്രമണങ്ങളും വഴി ഹോര്‍മുസ് ഏതാണ്ട് നിശ്ചലമായ അവസ്ഥയിലും, ഇന്ത്യയിലേക്കുള്ള എല്‍പിജി ടാങ്കറുകള്‍ക്ക് സുരക്ഷിത പാതയൊരുക്കിയ ഇറാന്റെ നടപടി ആഗോള നയതന്ത്ര രംഗത്ത് വലിയ ചര്‍ച്ചയാവുകയാണ്.

ഇന്ത്യയിലേക്കുള്ള രണ്ട് ദ്രവീകൃത പെട്രോളിയം (LPG) ടാങ്കറുകളെ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇറാന്‍ അനുവദിച്ചതായി വെള്ളിയാഴ്ച പുറത്തുവന്ന റോയിട്ടേഴ്‌സ് (Reuters) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കപ്പലുകള്‍ക്ക് അടുത്ത രണ്ട് മൂന്ന് മണിക്കൂറിനുള്ളില്‍ നിര്‍ണ്ണായകമായ ഈ സമുദ്രപാത വഴി സുരക്ഷിതമായി സഞ്ചരിക്കാന്‍ അനുമതി ലഭിക്കുമെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫതാലി സൂചിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഇന്ന് ഉച്ചയോടെയാണ് യാതൊരുവിധ അനിഷ്ട സംഭവങ്ങളുമില്ലാതെ ആദ്യ കപ്പല്‍ കടലിടുക്ക് പിന്നിട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഉടന്‍ തന്നെ മറ്റൊരു ടാങ്കര്‍ കൂടി ഇന്ത്യയിലേക്ക് പുറപ്പെട്ടു.

മേഖലയില്‍ യുദ്ധം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്‍ പ്രതിനിധിയുടെ ഈ പരാമര്‍ശം പുറത്തുവന്നത്. പേര്‍ഷ്യന്‍ ഉള്‍ക്കടലിനെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്ന ഈ ഇടുങ്ങിയ കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ലോകരാജ്യങ്ങള്‍ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയായിരുന്നു.

'ഇന്ത്യയ്ക്കും ഇറാനും പൊതുവായ താല്‍പ്പര്യങ്ങളാണുള്ളത്'

നേരത്തെ, ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യയ്ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുമോ എന്ന് നേരിട്ട് ചോദിച്ചപ്പോള്‍, അനുകൂലമായ സംഭവവികാസങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഇറാന്‍ അംബാസഡര്‍ സൂചിപ്പിച്ചു. 'അതെ, തീര്‍ച്ചയായും, ഭാവിയില്‍ നിങ്ങള്‍ക്കത് കാണാന്‍ സാധിക്കും. അടുത്ത രണ്ട് മൂന്ന് മണിക്കൂറിനുള്ളില്‍ അത് സംഭവിക്കുമെന്നാണ് ഞാന്‍ കരുതുന്നത്,' അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇറാന്റെ പ്രധാന പങ്കാളിയാണെന്നും മേഖലയില്‍ ഇരുരാജ്യങ്ങള്‍ക്കും ഒരേ താല്‍പ്പര്യങ്ങളാണുള്ളതെന്നും ഫതാലി വിശേഷിപ്പിച്ചു. 'ഇന്ത്യയിലെ ജനങ്ങളുടെ ദുരിതം ഞങ്ങളുടേതു കൂടിയാണ്, തിരിച്ചും അങ്ങനെ തന്നെ. അതുകൊണ്ടുതന്നെ ഇന്ത്യ ഞങ്ങളെ സഹായിക്കുന്നു, ഞങ്ങള്‍ തിരിച്ച് ഇന്ത്യയെയും സഹായിക്കണം. കാരണം നമ്മുടെ താല്‍പ്പര്യങ്ങളും ഭാവിയും ഒന്നാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘകാല ബന്ധത്തെക്കുറിച്ച് ഇറാന്‍ പ്രതിനിധി

ന്യൂഡല്‍ഹിയും ടെഹ്റാനും തമ്മിലുള്ള വിശാലമായ ബന്ധത്തെക്കുറിച്ചും അംബാസഡര്‍ സംസാരിച്ചു. സൗഹൃദത്തിലും സഹകരണത്തിലും കെട്ടിപ്പടുത്തതാണ് ഈ ബന്ധമെന്ന് അദ്ദേഹം വിവരിച്ചു. 'ഇന്ത്യയും ഇറാനും സുഹൃത്തുക്കളാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നമുക്ക് പൊതുവായ താല്‍പ്പര്യങ്ങളും പൊതുവായ വിശ്വാസവുമുണ്ട്,' അദ്ദേഹം പറഞ്ഞു. പ്രയാസകരമായ ഘട്ടങ്ങളില്‍ ഇറാനെ പിന്തുണയ്ക്കുന്നതില്‍ ഇന്ത്യ വഹിച്ച പങ്കിനെക്കുറിച്ചും ഫതാലി പരാമര്‍ശിച്ചു. ഇന്ത്യയിലെ അംബാസഡര്‍ എന്ന നിലയില്‍ എനിക്ക് പറയാനുള്ളത്, യുദ്ധാനന്തരമുള്ള ഈ സാഹചര്യത്തില്‍ ഭാരത സര്‍ക്കാര്‍ വിവിധ മേഖലകളില്‍ ഞങ്ങളെ സഹായിച്ചിട്ടുണ്ട് എന്നാണ്,' അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പ്രകൃതിവാതക ആവശ്യത്തിന്റെ 50 ശതമാനവും അന്താരാഷ്ട്ര വിപണിയില്‍ നിന്നാണ് കണ്ടെത്തുന്നത്. ഇതില്‍ 20 ശതമാനവും ഖത്തറില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഖത്തറിലെ എണ്ണപ്പാടങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന്, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി കമ്പനിയായ 'ഖത്തര്‍ എനര്‍ജി' ഉല്‍പ്പാദനം നിര്‍ത്തിവെച്ചു. ഇത് ഏഷ്യന്‍ മേഖലകളിലേക്കുള്ള പ്രകൃതിവാതക വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

വര്‍ദ്ധിച്ചുവരുന്ന ഈ വെല്ലുവിളി നേരിടുന്നതിനായി, രാജ്യത്തെ വിവിധ മേഖലകളിലെ പ്രകൃതിവാതക വിതരണവും ഉപയോഗവും നിയന്ത്രിക്കുന്നതിന് ഇന്ത്യ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പ്രധാന മേഖലകളെ കേന്ദ്രസര്‍ക്കാര്‍ നാല് മുന്‍ഗണനാ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

ആശങ്കയ്ക്ക് വകയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

രണ്ടാഴ്ച മുന്‍പ് യുഎസ്-ഇറാന്‍ യുദ്ധം ആരംഭിച്ചത് മുതല്‍, ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതോടെ വന്‍കിട എണ്ണക്കപ്പലുകള്‍ കടലില്‍ കുടുങ്ങിക്കിടക്കുകയാണ്. ഏകദേശം 50 കിലോമീറ്റര്‍ മാത്രം വീതിയുള്ളതും 60 മീറ്ററില്‍ താഴെ മാത്രം ആഴവുമുള്ള ഈ പ്രദേശം സൈനികമായി സീല്‍ ചെയ്യാന്‍ എളുപ്പമുള്ള ഇടമാണ്. എന്നാല്‍ ഇന്ത്യയുടെ ഊര്‍ജ്ജ സാഹചര്യം സുരക്ഷിതമാണെന്ന ചിത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പങ്കുവെച്ചത്. ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 70 ശതമാനത്തിലധികവും ഇപ്പോള്‍ ഹോര്‍മുസ് കടലിടുക്കിന് പുറത്തുള്ള പാതകളിലൂടെയാണ് നടക്കുന്നത്. ക്രൂഡ് ഓയില്‍ ലഭ്യത നിലവില്‍ 'സാധാരണ നിലയിലാണെന്ന്' ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റിഫൈനര്‍ (ശുദ്ധീകരണ ശേഷിയുള്ള രാജ്യം) ഇന്ത്യയാണെന്നും ഈ വസ്തുതയാണ് സര്‍ക്കാരിന്റെ പ്രധാന ആശ്വാസമെന്നും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (മാര്‍ക്കറ്റിംഗ് ആന്‍ഡ് ഓയില്‍ റിഫൈനറി) സുജാത ശര്‍മ്മ പറഞ്ഞു. 'ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഇത് ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു,' സുജാത ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് എല്‍പിജി ഉല്‍പ്പാദനം 28 ശതമാനം വര്‍ദ്ധിപ്പിച്ചു. യുദ്ധഭീതിയെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി വന്‍തോതില്‍ സിലിണ്ടറുകള്‍ ബുക്ക് ചെയ്തതോടെ ബുക്കിംഗില്‍ വലിയ വര്‍ദ്ധനവുണ്ടായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ എല്‍പിജി പ്രതിസന്ധിയില്ലെന്നും അതിനാല്‍ പരിഭ്രാന്തരായി സിലിണ്ടറുകള്‍ വാരിക്കൂട്ടരുതെന്നും (Panic-buying) അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി (86) യുഎസ്-ഇസ്രയേല്‍ സംയുക്ത സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് മിഡില്‍ ഈസ്റ്റിലെ യുദ്ധം രൂക്ഷമായത്. ഇതിന് തിരിച്ചടിയായി ഗള്‍ഫ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും അമേരിക്കന്‍-ഇസ്രയേല്‍ കേന്ദ്രങ്ങളെ ഇറാന്‍ ലക്ഷ്യമിട്ടു. ഇത് സമുദ്രപാതയിലെ ഗതാഗതം തടസ്സപ്പെടുത്തുന്നതിനും അന്താരാഷ്ട്ര ഊര്‍ജ്ജ വിപണികളെയും ആഗോള സാമ്പത്തിക സ്ഥിരതയെയും ബാധിക്കുന്നതിനും കാരണമായി.

Tags:    

Similar News