'സ്വന്തമായി ഒന്നും പറഞ്ഞിട്ടില്ല, എംടിയുടെ ജീവചരിത്രത്തിലെ ഭാഗങ്ങള്‍ മാത്രം ക്വാട്ട് ചെയ്തതാണ് എഴുതിയത്'; എം ടി പുസ്തക വിവാദത്തില്‍ വിശദീകരണവുമായി ദീദി ദാമോദരന്‍; 'പുസ്തകത്തില്‍ എല്ലാ പേജിലും എംടിയെ കുറിച്ച് പരാമര്‍ശമുണ്ട്, സിത്താര അനുമതി നല്‍കിയിട്ടില്ല' എന്ന മറുപടിയുമായി എംടിയുടെ മകള്‍ അശ്വതിയും; വിവാദം മുറുകുന്നു

'സ്വന്തമായി ഒന്നും പറഞ്ഞിട്ടില്ല, എംടിയുടെ ജീവചരിത്രത്തിലെ ഭാഗങ്ങള്‍ മാത്രം ക്വാട്ട് ചെയ്തതാണ് എഴുതിയത്

Update: 2026-01-24 06:16 GMT

കോഴിക്കോട്: എം ടി വാസുദേവന്‍ നായരെക്കുറിച്ച് ദീദി ദാമോദരന്‍, എച്ച്മക്കുട്ടി എന്നിവര്‍ എഴുതിയ 'എംറ്റി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍' എന്ന പുസ്തകത്തെ ചൊല്ലിയുള്ള വിവാദം മുറുകുന്നു. പുസ്തകത്തിനെതിരെ എംടിയുടെ മക്കള്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് ആരോപണങ്ങളില്‍ വിശദീകരണവുമായി തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ രംഗത്തുവന്നു.

എംടിയുടെ ആദ്യ ഭാര്യയെപ്പറ്റിയുള്ള പുസ്തകത്തില്‍ സ്വന്തമായി ഒന്നും പറഞ്ഞില്ലെന്നും എംടിയുടെ ജീവചരിത്രത്തില്‍ വന്ന ഭാഗങ്ങള്‍ ക്വാട്ട് ചെയ്തതാണ് എഴുതിയതെന്നും ദീദി ദാമോദരന്‍ പറഞ്ഞു. എംടിയുടെ മക്കളായ സിതാരയും, അശ്വതി നായരും നടത്തിയ പ്രതികരണം പുസ്തകം വായിക്കാതെയാണെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ പുസ്തകം വായിക്കാതെയാണ് വിമര്‍ശനം എന്ന ദീദി ദാമോദരന്റെ ആരോപണത്തിന് മറുപടിയുമായി എംടിയുടെ മകള്‍ അശ്വതി. പുസ്തകത്തില്‍ എല്ലാ പേജിലും എന്ന കണക്കെ എംടിയെ കുറിച്ചുള്ള പരാമര്‍ശമുണ്ടെന്ന് അശ്വതി പ്രതികരിച്ചു. സിത്താര പറയാത്ത കാര്യങ്ങളാണ് പുസ്തകത്തില്‍ ഉള്ളത്. സിത്താര ഒരിക്കലും എഴുത്തുകാരോട് സംസാരിച്ചിട്ടില്ല. അനുമതിയും നല്‍കിയിട്ടില്ല. അമ്മയെ കുറിച്ചുള്ള പുസ്തകത്തിന് സിത്താര അനുമതി നല്‍കാതെ എങ്ങനെ പ്രസിദ്ധീകരിക്കും എന്നാണ് അശ്വതി ചോദിക്കുന്നത്. ആരോപണങ്ങള്‍ പിന്നീട് വാസ്തവം ആണെന്ന് ആളുകള്‍ ധരിക്കും. അതുകൊണ്ടാണ് പ്രതികരിക്കുന്നത്. എന്തിനുവേണ്ടിയാണ് പക പോക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.

എച്ച്മുക്കുട്ടിയും ദീദി ദാമോദരനും ചേര്‍ന്നാണ് 'എംറ്റി സ്‌പേസ്: ബാഷ്പീകൃതയുടെ ആറാം വിരല്‍' എന്ന പുസ്തകം രചിച്ചത്. പുസ്തകത്തിനെതിരെ എം.ടി. വാസുദേവന്‍ നായരുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഈ പുസ്തകത്തിലുള്ളത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും പുസ്തകം പിന്‍വലിക്കണമെന്നും എംടിയുടെ മക്കളായ സിതാരയും അശ്വതി നായരും ആവശ്യപ്പെട്ടു. എംടിയുടെ ആദ്യഭാര്യയും പ്രശസ്ത എഴുത്തുകാരിയുമായ പ്രമീള നായരുടെയും വ്യക്തിജീവിതം പരാമര്‍ശ വിധേയമാകുന്നതാണ് പുസ്തകം.

പ്രമീള നായരും എംടി വാസുദേവന്‍ നായരും മരിച്ചതിനു ശേഷം രചിക്കപ്പെട്ട പുസ്തകം കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനും തേജോവധം ചെയ്യാനും ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് കുറിപ്പില്‍ പറയുന്നു. പ്രശസ്തിക്കും ധനസമ്പാദനത്തിനും വേണ്ടി മരിച്ച വ്യക്തികളെ തേജോവധം ചെയ്യരുതെന്ന് അശ്വതി നായരും സിതാരയും കുറിപ്പില്‍ വ്യക്തമാക്കി. പുസ്തകത്തിലുള്ളതെല്ലാം അര്‍ദ്ധ സത്യങ്ങളും കളവും വളച്ചൊടിക്കലുമാണ്. പുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഇരുവരും പ്രസ്താവിച്ചു.

അതുവഴി ആര്‍ജിക്കുന്ന കുപ്രസിദ്ധിയിലൂടെ പുസ്തകം വിറ്റുപോകാനായി നടത്തിയ ശ്രമത്തിന്റെ ഭാഗമാണിത്. പുസ്തകത്തില്‍ പറഞ്ഞ പല കാര്യങ്ങളും കേട്ടറിവ് മാത്രം വെച്ചുള്ളതും എംടിയെ കുറിച്ചുള്ള ആരോപണങ്ങളും പരാമര്‍ശങ്ങളും അടിസ്ഥാനരഹിതവുമാണ്. പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കുടുംബത്തിന് മനോവിഷമവും അപമാനവും ഉണ്ടാക്കി. പ്രശസ്തിക്കും പണത്തിനും വേണ്ടി മരിച്ച വ്യക്തികളെ തേജോവധം ചെയ്യുകയല്ല വേണ്ടത്. പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അര്‍ധ സത്യങ്ങളും കളവും വളച്ചൊടിച്ചതുമാണെന്ന് വായനക്കാരെ അറിയിക്കുന്നു.

പുസ്തകം ഉടനടി പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം നടപടി സ്വീകരിക്കുമെന്നും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രമീള നായരുടേയും എംടിയുടേയും മകളാണ് സിതാര. കലാമണ്ഡലം സരസ്വതിയില്‍ ജനിച്ച മകളാണ് അശ്വതി.

Tags:    

Similar News