വിദേശകാര്യമന്ത്രി ഇടപെട്ടതോടെ ഇന്ത്യയുടെ പതാക വഹിച്ച എണ്ണടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുമതി ലഭിച്ചോ? 'പുഷ്പക്', 'പരിമള്‍' എന്നീ ടാങ്കറുകള്‍ കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടുവെന്ന് സൂചന; വാര്‍ത്ത സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്യാതെ വിദേശകാര്യ മന്ത്രാലയം; എന്തെങ്കിലും ഇപ്പോള്‍ പറയുന്നില്ലെന്ന് വിദേശകാര്യ വക്താവ്; ഇറാനില്‍ നിന്നും ഇന്ത്യക്കാര്‍ മടങ്ങുന്നു
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ക്ക് കടന്നുപോകാനുള്ള അനുമതി ഇറാന്‍ നല്‍കിയെന്ന വാര്‍ത്ത സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്യാതെ വിദേശകാര്യ മന്ത്രാലയം. ഇറാന്‍ വിദേശകാര്യമന്ത്രിയുമായി എസ് ജയശങ്കര്‍ നടത്തിയ ചര്‍ച്ചയില്‍ കപ്പലുകളുടെ സുരക്ഷ വിഷയമായിരുന്നുവെന്നും ഇതില്‍ കൂടുതല്‍ എന്തെങ്കിലും ഇപ്പോള്‍ പറയുന്നില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകീട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയുമായി സംസാരിച്ചിരുന്നു.
യു.എസ്. യൂറോപ്പ്, ഇസ്രയേല്‍ കപ്പലുകള്‍ക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യന്‍ കപ്പലുകള്‍ക്ക് പ്രത്യേകാനുമതി നല്‍കിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. അമേരിക്ക, ഇസ്രായേല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കപ്പലുകള്‍ക്ക് ഇറാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കെയാണ് ഇന്ത്യയുടെ പതാക വഹിച്ച ടാങ്കറുകള്‍ക്ക് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുമതി ലഭിച്ചത്. ഭാരതത്തിന്റെ പതാകയേന്തിയ 'പുഷ്പക്', 'പരിമള്‍' എന്നീ ടാങ്കറുകള്‍ ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടുവെന്നാണ് വിവരം.
വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണമാണ് ഈ നീക്കത്തില്‍ നിര്‍ണ്ണായകമായതെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. യുദ്ധം ആരംഭിച്ച ശേഷം മൂന്നാം തവണയാണ് ഇരുവരും സംസാരിക്കുന്നത്. കൂടാതെ, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, ഫ്രഞ്ച് വിദേശകാര്യ മന്ത്രി, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുമായും ജയ്ശങ്കര്‍ ചര്‍ച്ചകള്‍ നടത്തി. ആഗോള ഊര്‍ജ്ജ വിപണിയെ ബാധിക്കാതെ ഷിപ്പിംഗ് പാതകള്‍ നിലനിര്‍ത്തുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ ടാങ്കറുകള്‍ സുരക്ഷിതമാണെങ്കിലും, ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യയിലേക്ക് വരികയായിരുന്ന തായ്ലന്‍ഡ് കപ്പല്‍ ആക്രമിക്കപ്പെട്ടത് ആശങ്കയുണ്ടാക്കുന്നു. യുഎഇയില്‍ നിന്ന് ഗുജറാത്തിലെ കണ്ട്ല തുറമുഖത്തേക്ക് 30,000 ടണ്‍ ചരക്കുമായി വരികയായിരുന്ന 'മയൂരി നരീ' എന്ന കപ്പലിന് നേരെയാണ് അജ്ഞാത കേന്ദ്രത്തില്‍ നിന്ന് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കപ്പലിന്റെ ഒരു ഭാഗം തീപിടിക്കുകയും അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. വാണിജ്യ കപ്പലുകളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. സിവിലിയന്‍ ഷിപ്പിംഗിനെ സൈനിക ലക്ഷ്യങ്ങളാക്കി മാറ്റുന്നത് അപകടകരമായ പുതിയ പ്രവണതയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തെത്തുടര്‍ന്ന് തന്ത്രപ്രധാനമായ ജലപാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളെ തടയുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടും ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാന്‍ ഇറാന്‍ വ്യാഴാഴ്ച അനുവദിച്ചതായി ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹോര്‍മുസ് പാതകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
അതേസമയം, സംഘര്‍ഷം നിലനില്‍ക്കുമ്പോഴും ഇറാന്റെ സ്വന്തം ക്രൂഡ് ഓയില്‍ കയറ്റുമതി തടസ്സമില്ലാതെ തുടരുന്നുണ്ടെന്നാണ് വിവരം. ഫെബ്രുവരി 28 മുതല്‍ ഏകദേശം 13.7 ദശലക്ഷം ബാരല്‍ എണ്ണ ഇറാന്‍ കയറ്റുമതി ചെയ്തു. സ്വന്തം എണ്ണ വിപണിയെ ബാധിക്കാതിരിക്കാന്‍ ഹോര്‍മുസ് കടലിടുക്ക് ഭാഗികമായെങ്കിലും തുറന്നിടാന്‍ ഇറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, വിദേശ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഈ പാതയെ അതീവ അപകടകരമായ മേഖലയായി മാറ്റിയിരിക്കുകയാണ്. അതേസമയം, ഇറാനില്‍ നിന്ന് ഇന്ത്യക്കാര്‍ മടങ്ങി തുടങ്ങി. അര്‍മേനിയ, അസര്‍ബൈജാന്‍ എന്നിവിടങ്ങള്‍ വഴി ഇന്ത്യക്കാര്‍ക്ക് മടങ്ങാന്‍ എംബസി സഹായം നല്‍കും.
