ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് തന്നെ; റിപ്പോര്‍ട്ടറിന്റെ സ്ഥിരമായ രണ്ടാം സ്ഥാനം 24 ന്യൂസിന് നല്‍കുന്നത് നിരാശ; അവസാന മൂന്ന് ചാനലുകള്‍ക്ക് മാത്രം പ്രേക്ഷകര്‍ കൂടിയ 38-ാം ആഴ്ചയില്‍ ബാര്‍ക്കില്‍ കണ്ടത്
ഒരു ഘട്ടത്തില്‍ ഒന്നാമത് എത്തിയ 24 ന്യൂസ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്
തിരുവനന്തപുരം: മലയാള വാര്‍ത്താ ചാനലുകളുടെ റേറ്റിംഗില്‍ 24 ന്യൂസിന് ഇടിവ്. കഴിഞ്ഞ ആഴ്ച 24 ന്യൂസിന് 80.92 പോയിന്റാണ് ബാര്‍ക്കിലുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ മുപ്പത്തിയേട്ടാം ആഴ്ചയില്‍ റിപ്പോര്‍ട്ടറിനുള്ളത് 76.65 പോയിന്റാണുള്ളത്. ഈ ആഴ്ചയും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് മുന്നില്‍. തൊട്ടു പിന്നില്‍ തുടര്‍ച്ചയായ മൂന്നാം ആഴ്ചയും റിപ്പോര്‍ട്ടര്‍ ടിവിയാണ്. ഒരു ഘട്ടത്തില്‍ ഒന്നാമത് എത്തിയ 24 ന്യൂസ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. എല്ലാ ന്യൂസ് ചാനലുകള്‍ക്കും പ്രേക്ഷകരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസിന് 90.04 പോയിന്റാണുള്ളത്. റിപ്പോര്‍ട്ടറിന് 86.72ഉം. ട്വന്റി ഫോറിന് 76.65ഉം, മനോരമയ്ക്കാണ് നാലാം സ്ഥാനം. അഞ്ചാമത് 35.5 പോയിന്റുമായി മാതൃഭൂമിയും. ആറാമത് കൈരളി ന്യൂസും തുടരുന്നു. ആര്‍ എസ് എസ് ചാനലായ ജനം ടിവിയുമായി റേറ്റിംഗില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സിപിഎം പിന്തുണയുള്ള കൈരളി ന്യൂസ് നടത്തുന്നത്. ജനം ടിവിയ്ക്ക് 38-ാം ആഴ്ചയില്‍ 18.09 പോയിന്റാണുള്ളത്. ന്യൂസ് കേരളയ്ക്ക് 14.96 പോയിന്റ്. മീഡിയാ വണ്ണിന് 9.86ഉം. പുതിയ ന്യൂസ് ചാനലയാ ന്യൂസ് മലയാളം 24x7ന് ഇനിയും പോയിന്റ് നേടാനായിട്ടില്ല.
കഴിഞ്ഞ ആഴ്ചയില്‍ ഏഷ്യാനെറ്റ് ന്യൂസിന് 93.74 പോയിന്റുണ്ടായിരുന്നു. റിപ്പോര്‍ട്ടറിന് 88.79ും ട്വന്റി ഫോറിന് 80.92ഉം. ഈ മൂന്ന് ചാനലിനൊപ്പം മനോരമയ്ക്കും പോയിന്റില്‍ ഇടിവുണ്ടായി. മാതൃഭൂമിക്കും കൈരളി ന്യൂസിനും നേരിയ കുറവാണുള്ളത്. ജനം ടിവിക്ക് റേറ്റിംഗ് കൂടുകയും ചെയ്തു. ന്യൂസ് കേരളയും മീഡിയാ വണ്ണും പോയിന്റ് കൂട്ടി. അതായത് ഏഴും എട്ടും ഒന്‍പതും സ്ഥാനങ്ങളിലെ ചാനലുകള്‍ക്ക് മാത്രമാണ് ഈ ആഴ്ചയില്‍ പോയിന്റുയര്‍ച്ച. മൊത്തത്തില്‍ എല്ലാ ന്യൂസ് ചാനലിന്റേയും കാഴ്ചക്കാര്‍ കുറഞ്ഞു. ഓണത്തോട് അനുബന്ധിച്ചുള്ള വിനോദ പരിപാടികളും മറ്റും എന്റര്‍ടെയിന്‍ ചാനലുകളുടെ പ്രിയം കൂട്ടിയതു കൊണ്ടാകാം ഇതെന്നാണ് വിലയിരുത്തല്‍.
പി വി അന്‍വറുയര്‍ത്തിയ ആരോപണങ്ങളും തൃശൂര്‍ പൂര വിവാദവുമാണ് കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളുടെ കാമ്പ്. ഇതിനോട് വലിയ താല്‍പ്പര്യം ജനം കാട്ടുന്നുണ്ടോ എന്ന ചര്‍ച്ചയാണ് ഈ റേറ്റിംഗും ഉയര്‍ത്തുന്നത്. ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിന് കടുത്ത വെല്ലുവിളിയായി റിപ്പോര്‍ട്ടര്‍ ടിവി മാറുമോ എന്ന് അറിയണമെങ്കില്‍ ന്യൂസ് ചാനല്‍ കാണുന്നതില്‍ പ്രേക്ഷക ഉയര്‍ച്ച അനിവാര്യതയാണ്. കുറച്ചു കാലം മുമ്പ് ഏഷ്യാനെറ്റ് ന്യൂസിന് 150 പോയിന്റിന് മുകളില്‍ റേറ്റിംഗുണ്ടായിരുന്നു. ഷിരൂര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ നാളുകളിലും വയനാട് ദുരന്തവുമെല്ലാം നടക്കുമ്പോള്‍ മലയാളികള്‍ ഏറെ കണ്ടത് ന്യൂസ് ചാനലുകളായിരുന്നു. ഇതിനിടെയാണ് റേറ്റിംഗില്‍ 24 ന്യൂസ് ഒന്നാമത് എത്തിയത്.
എന്നാല്‍ വിനു വി ജോണിനെ കൂടുതല്‍ സജീവമാക്കി ഏഷ്യാനെറ്റ് ന്യൂസ് മുന്നില്‍ വീണ്ടുമെത്തി. സിന്ധു സൂര്യകുമാറിന്റെ ഹേമാ കമ്മറ്റി കാലത്തെ അഭിമുഖവും പോലീസില്‍ നിന്നുള്ള അരുണ്‍ കുമാറിന്റെ റിപ്പോര്‍ട്ടിങ്ങുമെല്ലാം അതിനിര്‍ണ്ണായകമായി. അങ്ങനെ റേറ്റിംഗില്‍ വീണ്ടും ഏഷ്യാനെറ്റ് ന്യൂസ് കുതിപ്പിലേക്ക് എത്തി. ഇതിനിടെ അരുണ്‍കുമാറിന്റെ സജീവതയില്‍ 24ന്യൂസിനെ റിപ്പോര്‍ട്ടര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു. കേരളാ വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്കില്‍ സെറ്റ് ടോപ്പ് ബോക്‌സ് ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം വരിക റിപ്പോര്‍ട്ടര്‍ ടിവിയാണ്. ഈ മാര്‍ക്കറ്റിംഗ് തന്ത്രവും റിപ്പോര്‍ട്ടറിന് റേറ്റിംഗില്‍ ഗുണം ചെയ്തിട്ടുണ്ട്.