'നിന്നെ കൊന്നിട്ടേ പോകുവെന്ന്' ആക്രോശിച്ചു കൊണ്ട് മര്‍ദ്ദിച്ചുവെന്ന് ഷാജന്‍ സ്‌കറിയ; അക്രമം കൃത്യമായ രാഷ്ട്രീയവേട്ടയെന്ന് അഡ്വ. എം. ആര്‍ അഭിലാഷ്; ആശയത്തെ കായികപരമായി നേരിടുന്നത് ഭീരുത്വമെന്ന് അഡ്വ ജയശങ്കര്‍; ഈ അവസ്ഥ നാളെ നിങ്ങള്‍ക്കുമുണ്ടാകാം..അക്രമത്തിനെതിരെ മാധ്യമലോകം ഒന്നിക്കണമെന്ന് ജോര്‍ജ് പൊടിപ്പാറ; പട്ടാപ്പകല്‍ വധശ്രമമോ? മറുനാടന്‍ ചീഫ് എഡിറ്റര്‍ക്കെതിരായ വധശ്രമം ചര്‍ച്ച ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ് അവര്‍

പട്ടാപ്പകല്‍ വധശ്രമമോ? മറുനാടന്‍ ചീഫ് എഡിറ്റര്‍ക്കെതിരായ വധശ്രമം ചര്‍ച്ച ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ് അവര്‍

Update: 2025-09-01 16:37 GMT

തിരുവന്തപുരം: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ തൊടുപുഴയില്‍ വച്ചുണ്ടായ വധശ്രമത്തെ കുറിച്ച് ന്യൂസ് അവറില്‍ ചര്‍ച്ച ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ്. ഷാജന്റെ ആശയങ്ങളോട് എല്ലാവര്‍ക്കും ഒരു പോലെ യോജിപ്പും വിയോജിപ്പും ഉണ്ടാകാം. പക്ഷെ ആശയത്തെ കായികപരമായി നേരിടുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ മാധ്യമലോകത്ത് നിന്നു തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത മുഴുവന്‍ പേരും ഒരുപോലെ അഭിപ്രായപ്പെട്ടു.

തനിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ഷാജന്‍ സ്‌കറിയ തന്നെ വിശദീകരിച്ചുകൊണ്ടാണ് ചര്‍ച്ച ആരംഭിച്ചത്. തന്നെ കൊല്ലാന്‍ തന്നെയായിരുന്നു അക്രമികളുടെ ഉദ്ദേശമെന്ന് അനുഭവം വിവരിച്ചുകൊണ്ട് ഷാജന്‍ സ്‌കറിയ പറഞ്ഞു. വിവാഹത്തില്‍ പങ്കെടുത്ത് റിസ്പഷനായി പോകുമ്പോവാണ് വാഹനം തന്റെ വാഹനത്തില്‍ ഇടിക്കുന്നത്. സാധാരണയായി ഇത്തരം സന്ദര്‍ഭങ്ങളില്‍ സുരക്ഷയെ മുന്‍നിര്‍ത്തി താന്‍ ഗ്ലാസ് തുറക്കാറില്ല. പക്ഷെ കല്യാണത്തിന് വന്ന ഏതോ വാഹനം ഇടിച്ചതാണെന്ന ധാരണയിലാണ് താന്‍ ഗ്ലാസ് തുറന്നത്. അപ്പോഴേക്കും മാത്യൂസ് കൊല്ലപ്പളളിയുടെ നേതൃത്വത്തില്‍ അഞ്ചംഗസംഘം വന്ന് എന്നെ മര്‍ദ്ദിക്കാന്‍ തുടങ്ങിയിരുന്നു.

' നിന്നെ ഇന്ന് കൊന്നിട്ടെ പോകൂവെന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമികള്‍ മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. കാറിന്റെ ഉള്ളില്‍ കൂടിയായതിനാലാണ് അവര്‍ക്ക് എളുപ്പത്തില്‍ മര്‍ദ്ദിക്കാന്‍ സാധിക്കാതെയിരുന്നത്. മര്‍ദ്ദനത്തിന് ഇടയില്‍ തന്നെ ഒരാള്‍ തന്നെ കഴുത്തുഞെരിച്ചു ശ്വാസം മുട്ടിച്ചു. വാഹനത്തിലുള്ളിലായതിനാല്‍ മാത്രമാണ് തനിക്ക് കൈ തട്ടിമാറ്റാന്‍ സാധിച്ചത്. അപ്പോഴേക്കും സുഹൃത്തായ മനോജ് കൂടിയെത്തിയത്

ആശ്വാസമായി. മനോജാണ് വാതില്‍ പോലും അടയ്ക്കാതെ വാഹനമെടുത്ത് മുന്‍പോട്ട് കൊണ്ടുപോയി അവിടെ നിന്നും മാറ്റിയത്.'





കൃത്യമായ ആസൂത്രണത്തോടെയായിരുന്നു അക്രമം. വാഹനക്കുരുക്ക് വന്നപ്പോള്‍ സംഘത്തിലുള്ളവര്‍ തന്നെ പോയി ട്രാഫിക്ക് വരെ നിയന്ത്രിച്ചു. സംഭവം കണ്ട് തന്നെ സഹായിക്കാനെത്തിയവരെയും അക്രമികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. അക്രമികളെയൊന്നും തനിക്ക് മുന്‍പരിചയം ഇല്ലായിരുന്നു. പിന്നീടാണ് മാത്യൂസ് കൊല്ലപ്പളളിയും സംഘവുമാണ് തന്നെ തിരിച്ചറിഞ്ഞത്. വാര്‍ത്ത കൊടുത്തതിന്റെ വൈരാഗ്യമാണോ അക്രമത്തിന് പിന്നിലെന്ന ചോദ്യത്തിനും ഷാജന്‍ സ്‌കറിയ വിശദീകരണം നല്‍കി. തന്നെ ആക്രമിച്ചവരിലെ സൂത്രധാരനായ മാത്യൂസ് കൊല്ലപ്പളളിയുമായി ബന്ധപ്പെട്ട വാര്‍ത്ത മലയാളത്തിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും നല്‍കിയിരുന്നു.

എന്നാല്‍ താന്‍ ഇരുകുടുംബങ്ങളോടും സംസാരിച്ച് കുറച്ച് വിശദമായി തന്നെ ആ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. പക്ഷെ ഒരിക്കല്‍ പോലും ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത് പോലെ മാത്യൂസ് കൊല്ലപ്പള്ളിയുടെ ഭാര്യയുടെ മരണം കൊലപാതകമെന്ന് പറഞ്ഞിട്ടില്ലെന്നു ഷാജന്‍ സ്‌കറിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. ആത്മഹത്യയെന്ന് തന്നെയാണ് താന്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അതിനാല്‍ തന്നെ അതാണ് അക്രമത്തിന് പിന്നിലെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ആക്രമണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മറുനാടന്‍ എഡിറ്റര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ ജയശങ്കര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു..രാഷ്ട്രീയ ബന്ധം ഒറ്റ നോട്ടത്തില്‍ പറയാന്‍ പറ്റില്ലെങ്കിലും സംഭവത്തിന് പിന്നാലെ ഇടതുപക്ഷ സൈബര്‍ ഇടത്തിലുള്‍പ്പടെ നടന്ന ആഹ്ലാദപ്രകടനങ്ങളും അക്രമികള്‍ക്കുള്ള പിന്തുണയും കാണുമ്പോള്‍ അവരുടെ സമ്മതവും ആശീര്‍വാദവും ഈ അക്രമത്തിന് ഉണ്ടായിരുന്നുവെന്ന് അനുമാനിക്കണം.അദ്ദേഹത്തെ പല രീതിയിലും ഇവര്‍ തകര്‍ക്കാന്‍ ശ്രമിച്ചു. ഒന്നിനും കഴിയാതെ വന്നപ്പോഴാണ് കായികപരമായി നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയില്‍ നിന്നുപോലും അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകന്‍ എന്ന വാക്കുപോലും പലമാധ്യമങ്ങളും ഉപയോഗിക്കുന്നില്ല. യുട്യൂബര്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. പക്ഷെ മാധ്യമ ധര്‍മ്മം പോലും മറക്കുന്ന മാധ്യമങ്ങളുള്ള ഇക്കാലത്ത് ഇത്തരം ശരിയുടെ പക്ഷത്ത് നിന്ന് മാധ്യമപ്രവര്‍ത്തനം നടത്തുന്ന അദ്ദേഹത്തെ മാധ്യമ പ്രവര്‍ത്തകന്‍ എന്നു വിശേഷിപ്പിക്കാത്തതാണ് അദ്ദേഹത്തിന് നല്ലതെന്നും ജയശങ്കര്‍ പറഞ്ഞു.

വിട്ട് വീഴ്ച്ചയില്ലാത്ത അദ്ദേഹത്തിന്റെ നിലപാടിന് സമൂഹത്തിന്റെ പിന്തുണയുണ്ട്. അദ്ദേഹം സമാനകളില്ലാത്ത വേട്ടയ്ക്കിരയായ സമയങ്ങളില്‍ അദ്ദേഹത്തെ സഹായിക്കണമെന്ന് പറഞ്ഞ് തന്നെ വിളിച്ചവര്‍ നിരവധിയാണ്. അങ്ങനെയാണ് അദ്ദേഹത്തിനുള്ള പിന്തുണ താന്‍ തിരിച്ചറിഞ്ഞതെന്നും ജയശങ്കര്‍ വിശദീകരിച്ചു. .

കൃത്യമായ രാഷ്ട്രീയവേട്ടയാണ് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ ഉണ്ടായതെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ എം ആര്‍ അഭിലാഷ് അഭിപ്രായപ്പെട്ടു. ഇതാദ്യമായല്ല ഷാജനെ പൂട്ടാന്‍ ഇവര്‍ ശ്രമിക്കുന്നത്. നിയമത്തിന്റെ വഴിയില്‍ പലതും ശ്രമിച്ചു. പക്ഷെ അദ്ദേഹത്തിന്റെ വഴി ശരിയായിരുന്നത് കൊണ്ട് സുപ്രീംകോടതി വരെ അദ്ദേഹത്തെ ശരിവെച്ചു. ഇങ്ങനെ എല്ലാ തരത്തിലും പാജയപ്പെട്ടപ്പോളാണ് കായികപരമായി നേരിടാന്‍ ഇറങ്ങിയത്. ആശയം കൊണ്ട് നേരിടാന്‍ പറ്റാത്തപ്പോള്‍ ഒരാളെ സംഘം ചേര്‍ന്ന് നേരിടുന്നത് ധൈര്യമല്ല മറിച്ച് ഭീരുത്വമാണെന്നും അദ്ദേഹം വിശദീകരിച്ചു.

കൊടും തീവ്രവാദികള്‍ പോലും വിലസുന്ന കാലത്താണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഇത്തരത്തില്‍ വേട്ടയാടപ്പെടുന്നത്. സമൂഹമാധ്യമങ്ങളില്‍ക്കൂടി ഭീഷണിമുഴക്കിയിട്ടുപോലും കാര്യമായ നടപടിയുണ്ടാകാത്തത് ഭരണത്തിന്റെ വീഴ്ച്ചയാണ്. കേരളത്തിലെ പോലീസിനെകൊണ്ട് സുരക്ഷയൊരുക്കാന്‍ പറ്റില്ലെങ്കില്‍ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കണമെന്നാണ് തനിക്ക് ഷാജന് നല്‍കാനുള്ള നിര്‍ദ്ദേശമെന്നും അഭിലാഷ് പറഞ്ഞു. ഇത് സര്‍ക്കാറിന്റെ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

അതുപോലെ തന്നെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ ഇരട്ടത്താപ്പ്..ഒരേ മേഖലയില്‍ ജോലിചെയ്യുന്നവര്‍ തന്നെ കൂട്ടത്തിലൊരാള്‍ക്ക് അതിക്രമം നേരിടുമ്പോള്‍ ഇത്തരം നയം സ്വീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വയരക്ഷക്കായി ഷാജന്‍ സ്‌കറിയ കൂടുതല്‍ ശ്രദ്ധചെലുത്തമെന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു.

ഷാജന്‍ സ്‌കറിയ നേരിട്ടതുപോലെയുള്ള വേട്ടയാടലുകള്‍ കേരളത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനും ഇന്നേവരെ നേരിട്ടുകാണില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തുകാണ്ട് മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് പൊടിപ്പാറ അഭിപ്രായപ്പെട്ടു. ഷാജന്റെ കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പോലും കാണിക്കുന്ന ഇരട്ടത്താപ്പ് വലിയ വിഷയം തന്നെയാണ്. പക്ഷം ചേരുന്നില്ലെന്ന് പറയുമ്പോഴും പക്ഷം ചേര്‍ന്ന് തന്നെയാണ് ഇന്നത്തെ കാലത്ത് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.പലരും നിലനില്‍പ്പിന് വേണ്ടിയാണ് പക്ഷം പിടിക്കുന്നത്. ഇന്നത്തെ കാലത്ത് നിലനില്‍പ്പിന് അത് ആവശ്യവുമാണ്.പക്ഷെ പരിധി വിട്ടാല്‍ അംഗികരിക്കാന്‍ പറ്റില്ല. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതും അതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഷാജന് പിന്തുണ ഉണ്ടെങ്കില്‍ അത് ആരുടെയും പിന്‍ബലത്തോടെ അദ്ദേഹം നേടിയെടുത്തതല്ല. തന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഉണ്ടാക്കിയെടുത്ത അംഗീകാരമാണത്. ഷാജന്‍ ഒരു ചെറിയ മീനല്ല.വിശ്വവിഖ്യാതമായ കിഴവനും കടലും എന്ന കൃതിയിലെ ഒരു വാചകമുണ്ട്..യു കാന്‍ ഡിസ്ട്രോയ് എ മാന്‍..യു കാന്റ് ഡിഫീറ്റ് എ മാന്‍...അത് മാത്രമാണ് ഷാജനെ കായികമായി അക്രമിക്കുന്നവരോട് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.


Full View

സത്യം വിളിച്ചുപറയുന്നതിന്റെ പേരില്‍ ഇനി ആരേലും വേട്ടയാടാനുണ്ടോ! രാഷ്ട്രീയക്കാര്‍.. മുതലാളിമാര്‍ അങ്ങിനെ എല്ലാവരും അദ്ദേഹത്തിന്റെ രക്തത്തിന് ദാഹിക്കുന്നു. ഷാജന്റെ ആശയങ്ങളോട് തനിക്കും വിയോജിപ്പുകളുണ്ട്. പക്ഷെ അതിനെ നേരിടേണ്ടത് ഇങ്ങനെയല്ല.

മാധ്യമ പ്രവര്‍ത്തകനെ ശാരീരികമായി എതിരിടാം എന്ന നീക്കത്തിനെതിരെ മാധ്യമ ലോകം ഒന്നിക്കണം..ഇന്ന് ഞാന്‍ നാളെ നീ.. എന്നാണ്.നാളെ ഇതേ അവസ്ഥ നിങ്ങള്‍ക്കും വരാം.കാരണം കേരളത്തില്‍ ഇന്ന് കൈയ്യുക്ക് കൊണ്ടാണ് മാധ്യമപ്രവര്‍ത്തകരെ നേരിടുന്നത്.രാജഭരണകാലത്തു പോലും ശാരീരികമായി നേരിട്ടിട്ടില്ല. അതിനാല്‍ തന്നെ മാധ്യമ സംഘടനകളുടെ പതിവ് പ്രതിഷേധ രീതികള്‍ കൊണ്ട് എവിടെയും എത്തില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

നവകേരളത്തില്‍ അക്രമികള്‍ അഴിഞ്ഞാടുന്നോ? ഷാജന്‍ സ്‌കറിയയെ ആക്രമിച്ചത് എന്തിന്? അക്രമികള്‍ക്ക് സിപിഎം പിന്തുണയുണ്ടോ, വാര്‍ത്ത നല്‍കിയതിലുള്ള പ്രതികാരമോ? ഈ ചോദ്യങ്ങള്‍ ഉന്നയിച്ച് പട്ടാപ്പകല്‍ വധശ്രമമോ എന്ന വിഷയത്തിലായിരുന്നു വിനു വി ജോണ്‍ നയിച്ച ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ച. ഷാജന്‍ സ്‌കറിയയെ കൂടാതെ, രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍, സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. എം ആര്‍ അഭിലാഷ്, മാധ്യമ പ്രവര്‍ത്തകനായ ജോര്‍ജ് പൊടിപ്പാറ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കടുത്തത്്.

Tags:    

Similar News