തന്ത്രിയുടെ അറസ്റ്റിലൂടെ വലിയ ജഗപൊകയുണ്ടാക്കി യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കം; ശ്രീ വിനു ഹൃദയത്തില്‍ കൈവച്ചുപറയൂ, ഒരു മണിക്കൂര്‍ മുമ്പ് വിനു കരുതിയിരുന്നതാണോ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍; 'ഞാന്‍ ഹൃദയത്തില്‍ കൈവച്ചുപറയുന്നു, ഇതെനിക്കറിയാമായിരുന്നു': ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ രാഹുല്‍ ഈശ്വറും വിനുവും തമ്മില്‍ ചൂടേറിയ വാദ-പ്രതിവാദം

ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ വിനുവും രാഹുല്‍ ഈശ്വറും തമ്മില്‍ ചൂടേറിയ വാഗ്വാദം

Update: 2026-01-09 16:50 GMT

തിരുവനന്തപുരം: അയ്യപ്പന്റെ രക്ഷിതാവും കൊള്ളസംഘത്തിലോ? കണ്ഠരര് രാജീവരില്‍ നിന്ന് ആരിലേക്ക് ? ശബരിമലക്കൊള്ള കേസ് നിര്‍ണായക ഘട്ടത്തിലോ? ശബരിമല കൊള്ളയില്‍ തന്ത്രിയുടെ പങ്കെന്ത്? - ഈ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു വെള്ളിയാഴ്ചത്തെ വിനു വി ജോണ്‍ നയിച്ച ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ച. വിനു വി. ജോണും തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വറും തമ്മില്‍ നടന്നത് അതിശക്തമായ വാദപ്രതിവാദങ്ങള്‍. സ്വര്‍ണ്ണക്കൊള്ളക്കേസിലെ ക്രിമിനല്‍ കുറ്റങ്ങളെ രാഹുല്‍ ഈശ്വര്‍ ആചാരലംഘനത്തിന്റെ കവചമിട്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചതാണ് വിനു വി. ജോണിനെ പ്രകോപിപ്പിച്ചത്.

'തന്ത്രിയുടെ അറസ്റ്റ് ആചാര ലംഘനത്തിന്റെ പേരിലല്ലേ?' എന്ന ചോദ്യമാണ് രാഹുല്‍ പ്രധാനമായും ഉന്നയിച്ചത്. സ്വര്‍ണ്ണക്കൊള്ളയില്‍ നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും, ആചാരപരമായ ചില വീഴ്ചകളെ പര്‍വ്വതീകരിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത് തെറ്റായ കീഴ്വഴക്കമാണെന്നും അദ്ദേഹം വാദിച്ചു.

സ്വര്‍ണ്ണക്കട്ടിളപ്പാളികള്‍ കടത്തിക്കൊണ്ടുപോയത് മോഷണമല്ലെങ്കില്‍ പിന്നെന്താണെന്ന് വിനു ചോദിച്ചു. താന്ത്രിക വിധി പ്രകാരമല്ല ഇത് നടന്നതെന്ന് തന്ത്രിക്ക് അറിയാമായിരുന്നു. മൗനം പാലിച്ചതിലൂടെ അദ്ദേഹം ആ കൊള്ളയ്ക്ക് കൂട്ടുനിന്നു എന്നത് വിസ്മരിക്കാന്‍ കഴിയില്ലെന്നും വിനു തുറന്നടിച്ചു.

ചര്‍ച്ചയിലെ പ്രസക്തമായ ഭാഗം ഇങ്ങനെ:

തന്ത്രിക്ക് ആചാരപരമായ കാര്യങ്ങളില്‍ മാത്രമേ മാന്‍ഡേറ്റുള്ളു. ഇവിടെ സംഭവിച്ചിരിക്കുന്നത്, തന്ത്രിയുടെ അറസ്റ്റിലൂടെ വലിയ ജഗപൊകയുണ്ടാക്കി ശ്രദ്ധ തിരിച്ച് തന്ത്രിയും ഇതിന് പിന്നിലുണ്ട് എന്ന് വരുത്തി തീര്‍ത്ത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണെന്ന് വായിക്കുന്ന ആര്‍ക്കും മനസ്സിലാകില്ലേ? ശ്രീ വിനു ഹൃദയത്തില്‍ കൈവച്ചുപറയൂ, ഒരു മണിക്കൂര്‍ മുമ്പ് വിനു കരുതിയിരുന്നതാണോ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. തന്ത്രിക്കെതിരെ എന്തെങ്കിലും...

വിനു ഇടപെട്ടുകൊണ്ട്...ഞാന്‍ ഹൃദയത്തില്‍ കൈവച്ചുപറയുന്നു, ഇതെനിക്കറിയാമായിരുന്നു. ഒരുനിമിഷം കേള്‍ക്കൂ, നിങ്ങള്‍ കേള്‍ക്കൂ, ശ്രീ രാഹുല്‍ ഞാന്‍ ഹൃദയത്തില്‍ കൈവച്ചുപറയുന്നത് എനിക്കിത് അറിയാമായിരുന്നു. കാരണം കഴിഞ്ഞ ദിവസം ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍, ശ്രീ രാഹുല്‍ ഈശ്വര്‍ പറഞ്ഞു, കോടതിയില്‍ ഒരു കേസില്‍, എസ്‌ഐടി കൊടുത്ത റിപ്പോര്‍ട്ട്, അതായത്, പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ തന്ത്രിക്ക് പങ്കില്ലെന്ന് പറയുന്നുവെന്ന്. അന്നുഞാന്‍ താങ്കളോടുപറഞ്ഞു, ഇതുഒരുകേസാണ്, വേറെ കേസ് വരുന്നുവെന്ന്. അത് ദ്വാരപാലക പാളികള്‍ കൊണ്ടുപോയ കേസായിരുന്നു. അത് ക്രൈം നമ്പര്‍ 3700 ആയിരുന്നു. ഇത് 3701 ആണ്. കട്ടിളപ്പാളി ഇളക്കിയ കേസാണ്. അന്നുഞാന്‍ പറഞ്ഞു, ഇതുവേറെ കേസാണ്, കേസ് വരുന്നു

സ്വര്‍ണ്ണപ്പാളികള്‍ ഇളക്കിമാറ്റുന്നത് കണ്ടിട്ടും പൂജാരിയായ തന്ത്രി എന്തുകൊണ്ട് മിണ്ടിയില്ല എന്ന എസ്‌ഐടിയുടെ ചോദ്യം വിനു വി. ജോണ്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. തന്ത്രിക്ക് മൗനാനുവാദം ഉണ്ടായിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുമ്പോള്‍ അതിനെ രാഹുല്‍ ഈശ്വര്‍ പ്രതിരോധിച്ചത് 'തന്ത്രിയെ ബലിയാടാക്കുന്നു' എന്ന വാദമുയര്‍ത്തിയാണ്.

മുന്‍ ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍ മൊഴി നല്‍കിയ 'ദൈവതുല്യനായ വ്യക്തി' തന്ത്രിയാണെന്ന് വ്യക്തമായത് ചര്‍ച്ചയില്‍ വലിയ ചര്‍ച്ചയായി. പാരമ്പര്യത്തെയും വിശ്വാസത്തെയും മുന്‍നിര്‍ത്തി കുറ്റകൃത്യത്തെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് വിനു വി. ജോണ്‍ ആവര്‍ത്തിച്ചു പറഞ്ഞു.

ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത് വഴി ഹിന്ദു സമൂഹത്തെയും താഴമണ്‍ കുടുംബത്തെയും അപമാനിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. എന്നാല്‍, തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം നടപടിയെടുത്തതെന്ന് വിനു മറുപടി നല്‍കി.

ശ്രീജിത് പണിക്കര്‍, മുന്‍ എസ്പി സുഭാഷ് ബാബു, ജോസഫ് സി മാത്യു എന്നിവരായിരുന്നു മറ്റുപാനല്‍ അംഗങ്ങള്‍

Tags:    

Similar News