മടവൂര്‍ ഖാഫില എന്ന യൂട്യൂബ് ചാനലില്‍ നിറയെ മതപ്രഭാഷണങ്ങളും ആത്മീയ കാര്യങ്ങളും; പ്രചരിപ്പിച്ചത് അന്ധവിശ്വാസം; നാലു കുട്ടികള്‍ വീട്ടില്‍ ഉള്ളതുപോലും ആര്‍ക്കും അറിയില്ല; സിറാജുദ്ദീന്‍ ദുരൂഹത നിറഞ്ഞ കഥാപാത്രമെന്ന് നാട്ടുകാര്‍; അസ്മയുടെ മരണം മറച്ചുവെച്ചുവെന്ന് അയല്‍വാസികള്‍

അസ്മയുടെ മരണം മറച്ചുവെച്ചുവെന്ന് അയല്‍വാസികള്‍

Update: 2025-04-06 11:16 GMT

മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍ പ്രസവിച്ച അസ്മയെന്ന യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അസ്മയുടെ മരണം ഭര്‍ത്താവ് സിറാജുദ്ദീന്‍ മറച്ചുവെച്ചു എന്ന് അയല്‍വാസികള്‍ വെളിപ്പെടുത്തി. പെരുമ്പാവൂര്‍ സ്വദേശി അസ്മയാണ് വീട്ടിലെ പ്രസവത്തിനിടെ മരണപ്പെട്ടത്. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. ചോരക്കുഞ്ഞിനെ പോലും സിറാജുദ്ദീന്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും പെരുമ്പാവൂരില്‍ എത്തിയശേഷം അയല്‍വാസികളാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും ബന്ധു ഷമീന പറയുന്നു.

വീട്ടില്‍ പ്രസവിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതായി പൊലീസ് അറിയിച്ചു. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നാളെ മാത്രമേ നടക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. യു ട്യൂബ് ചാനല്‍ നടത്തുന്ന സിറാജുദ്ദീന്‍ നിരവധി പ്രഭാഷണങ്ങളും നടത്തിയിരുന്നു. പുറം ലോകവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അഞ്ചാമത്തെ പ്രസവമാണ് അസ്മയുടേതെന്ന് അറിഞ്ഞത് ഇപ്പോഴാണെന്നും നാട്ടുകാര്‍ പറയുന്നു.

അക്യുപങ്ചര്‍ രീതി പ്രകാരം വീട്ടില്‍ പ്രസവിക്കുന്നതിനിടെയാണ് യുവതി മരണപ്പെട്ടതെന്നാണ് വ്യക്തമാകുന്നത്. വേദനകൊണ്ട് പുളഞ്ഞ ഭാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കരഞ്ഞപേക്ഷിച്ചിട്ടും സിറാജുദ്ദീന്‍ അനുവദിച്ചില്ലെന്നാണ് വിവരം. ഭാര്യയുടെ മരണത്തിന് പിന്നാലെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീന്‍ ഭാര്യയുടെ നാടായ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി. വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം പൊലീസ് ഇടപെട്ട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവറോട് സിറാജ് യുവതിക്ക് ശ്വാസംമുട്ടല്‍ ആണെന്നാണ് പറഞ്ഞതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

നാട്ടുകാരോട് സമ്പര്‍ക്കം ഇല്ലാതിരുന്ന സിറാജുദ്ദീനെപറ്റി പുറത്തുവരുന്നതത്രയും നിഗൂഢതകള്‍ നിറഞ്ഞ കാര്യങ്ങളാണ്. മടവൂര്‍ ഖാഫില എന്ന യൂട്യൂബ് ചാനല്‍ സിറാജൂദ്ദീന്റെ വകയായി ഉണ്ടായിരുന്നുവെന്നാണ് വിവരം. ചാനലില്‍ നിറയെ മതപ്രഭാഷണങ്ങളും ആത്മീയ കാര്യങ്ങളുമാണ്. ജോലി എന്താണെന്നോ വീട്ടിലെ കുട്ടികളുടെ കാര്യമോ പുറത്ത് പറയാതെ നാട്ടുകാരോട് സമ്പര്‍ക്കം ഇല്ലാത്ത ജീവതമായിരുന്നു ഇവരുടേത്.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വീട്ടില്‍ പ്രസവം നടന്നത് ഇന്നലെ വൈകുന്നേരം 6 മണിക്കാണ്. യുവതി മരിച്ചു എന്നറിഞ്ഞത് ഒന്‍പതു മണിക്കുമായിരുന്നു. യുവതി മരിച്ചു എന്ന് പിന്നീട് ഭര്‍ത്താവ് വീട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു. മൃതദേഹവുമായി വീട്ടിലെത്തിയപ്പോള്‍ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം തുടര്‍നടപടികളുണ്ടാവുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രവാദവും അന്ധവിശ്വാസവും കൊണ്ടുനടന്ന ഇയാള്‍ സിദ്ധവൈദ്യത്തില്‍ ആണ് വിശ്വാസമര്‍പ്പിച്ചിരുന്നത്. ആദ്യത്തെ രണ്ട് പ്രസവങ്ങള്‍ ആശുപത്രിയിലാണ് നടന്നതെന്നാണ് വിവരം. തുടര്‍ന്ന് ഇരുവരും അക്യുപങ്ചര്‍ പഠിക്കുകയും ശേഷിച്ച മൂന്ന് പ്രസവങ്ങളും വീട്ടില്‍വച്ച് നടത്തുകയും ചെയ്തുവെന്നാണ് വിവരം. ഒന്നര വര്‍ഷം മുന്‍പാണ് ഈ കുടുംബം ചട്ടിപ്പറമ്പിലെ വാടകവീട്ടിലെത്തുന്നത്. ഈ വീട്ടില്‍ താമസിക്കുന്നത് ആരൊക്കെയാണെന്നുപോലും നാട്ടുകാര്‍ക്കോ അയല്‍ക്കാര്‍ക്കോ അറിയില്ല. പേര് പോലും അറിയാത്ത ദുരൂഹത നിറഞ്ഞ കഥാപാത്രമാണെന്നാണ് നാട്ടുകാരില്‍ പലരും ഇയാളെക്കുറിച്ചു പറയുന്നത്.

ഈ കുടുംബത്തില്‍ നാലു കുട്ടികള്‍ ഉള്ളതുപോലും ആര്‍ക്കും അറിയില്ല. കുട്ടികളെ സ്‌കൂള്‍ വണ്ടിയില്‍ വിടാനായി മാത്രമാണ് സിറാജുദ്ദീന്റെ ഭാര്യ പുറത്തിറങ്ങുന്നത്. ഒന്‍പതാം ക്ലാസിലും രണ്ടാംക്ലാസിലും എല്‍കെജിയിലും പഠിക്കുന്ന കുട്ടികളെ പലരും കണ്ടിട്ടുണ്ടെങ്കിലും മറ്റൊരു കുഞ്ഞുകൊച്ച് കൂടി അവിടെയുണ്ടെന്നുള്ളത് ആര്‍ക്കും അറിവില്ല.

കഴിഞ്ഞ ദിവസം ഈ സ്ത്രീയെ പുറത്തുകണ്ടപ്പോള്‍ അയല്‍ക്കാരി ഗര്‍ഭിണിയാണോ എന്നു ചോദിച്ചെന്നും എട്ടുമാസം ഗര്‍ഭിണിയാണെന്നു മറുപടി പറഞ്ഞെന്നും നാട്ടുകാര്‍ പറയുന്നു. സിറാജുദ്ദീന് എന്താണ് ജോലിയെന്നും നാട്ടുകാര്‍ക്ക് അറിയില്ല. കാസര്‍കോട് ഒരു പള്ളിയിലാണ് ജോലിയെന്നാണ് വീട്ടുടമസ്ഥനോട് പറഞ്ഞിരുന്നത്.

പ്രഭാഷണത്തിനു പോകാറുള്ളത് നാട്ടുകാരില്‍ ചിലര്‍ക്കൊക്കെ അറിയാം. ഇയാള്‍ക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങളും നേരത്തേ വന്നിട്ടുണ്ടെങ്കിലും എല്ലാത്തിനും യുട്യൂബ് ചാനലിലൂടെയായിരുന്നു മറുപടി പറഞ്ഞത്. ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെ ആ വീട്ടിലേക്ക് വരാറുണ്ടായിരുന്നില്ല. ഉമ്മയും ഉപ്പയും കൂടെ താമസിക്കുന്നുണ്ടെന്നും പറയപ്പെടുന്നു.

ആംബുലന്‍സ് ഡ്രൈവറോട് സിറാജ് യുവതിക്ക് ശ്വാസംമുട്ടല്‍ ആണെന്നാണ് പറഞ്ഞതെന്നും പുറത്തുവരുന്നുണ്ട്. അതേസമയം, സിറാജുദ്ദീനെ യുവതിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സിറാജുദ്ദീന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടു പോയില്ലെന്ന് അസ്മയുടെ വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

Tags:    

Similar News