മുല്ലവീട്ടില്‍ തറവാട്ടിലെ കാരണവരുടെ സ്വപ്‌നത്തില്‍ തെളിഞ്ഞ ബാലിക; ആറ്റുകാല്‍ കാവില്‍ കുടിയിരുത്തണം എന്ന് ആവശ്യപ്പെട്ടു; അത് പിന്നീട് ആറ്റുകാല്‍ ക്ഷേത്രമായി മാറി; ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിന്റെ ഐതിഹ്യവും മണക്കാട് ശാസ്താവും
തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെട്ടുന്ന ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവമാണ് നാളെ. ലക്ഷക്കണക്കിന് ആളുകളാണ് അമ്മയ്ക്ക് പൊങ്കാല ഇടാന്‍ തലസ്ഥാനത്തിലേക്ക് എത്തുന്നത്. ഈ ക്ഷേത്രത്തിനും ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകള്‍ക്കും ഒരു ചരിത്രമുണ്ട്. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണ് മണക്കാട് ശാസ്താവ് ദേവിയെ കാണാന്‍ എത്തുന്നത്. ഇതിന് പിന്നില്‍ ഒതു ഹെതിഹ്യവും ക്ഷേത്രത്തിന് ഒരു ചരിത്രവും ഉണ്ട്.
തിരുവനന്തപുരം നഗരത്തിലെ ആറ്റുകാല്‍ പ്രദേശത്തുള്ള ഒരു വലിയ തറാവാടായിരുന്നു മുല്ലവീട്ടില്‍ തറവാട്. തറവാട്ടില്‍ ഭഗവതീ ഭക്തനായ ഒരു കാരണവര്‍ ഉണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ കിള്ളിയാറ്റില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ അതീവ തേജസ്വിയായ ഒരു ബാലിക വന്ന് തന്നെ ആറിനക്കരെ എത്തിക്കാമോ എന്ന് ചോദിച്ചു.
കുത്തൊഴുക്കുണ്ടായിരുന്ന നദി മുറിച്ചുകടക്കുക ആ സമയത്ത് അസാദ്ധ്യമായിരുന്നു. പക്ഷെ മുല്ലവീട്ടില്‍ കാരണവര്‍ ബാലികയെ തന്റെ മുതുകില്‍ കയറ്റി മറുകരയിലെത്തിച്ചു. മഴ നനഞ്ഞിരുന്ന ബാലികയെ തന്റെ വീട്ടിലെത്തിച്ച് ഭക്ഷണം കൊടുക്കാം എന്ന് കരുതി വീട്ടിലേക്ക് ക്ഷണിച്ചു. ബാലികയെ വീടിന്റെ ഉമ്മറത്ത് ഇരുത്തിയ ശേഷം ഭക്ഷണം എടുക്കാനായി കാരണവര്‍ അകത്തേക്ക് പോകും. തിരികെ വന്നപ്പോള്‍ ബാലിക അപ്രത്യക്ഷയായിരുന്നു. അന്ന് രാത്രി കാരണവരുടെ സ്വപ്‌നത്തില്‍ ബാലികാ രൂപത്തില്‍ ഭഗവതി പ്രത്യക്ഷപ്പെട്ടു.
നിന്നില്‍ ഞാന്‍ സംപ്രീതയായിരിക്കുന്നുവെന്നും താന്‍ മൂന്നുവരകൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലത്ത് ക്ഷേത്രം പണിഞ്ഞ് തന്നെ കുടിയിരുത്തണമെന്നും ഭഗവതി ആവശ്യപ്പെട്ടു. അടുത്ത ദിവസം കുടുംബത്തിന്റെ കാവായ ആറ്റുകാല്‍ കാവിലെത്തിയപ്പോള്‍ ശൂലം കൊണ്ട് മൂന്നുരേഖകള്‍ അടയാളപ്പെടുത്തിയിരിക്കുന്നതായി കണ്ടു. സ്വപ്‌ന ദര്‍ശനപ്രകാരം കാരണവര്‍ അവിടെ ഒരു കോവിലുണ്ടാക്കി ഭദ്രാകളി ദേവിയെ കുടിയിരുത്തി. പള്ളിവാള്‍ തൃശൂലം, അസി, ഫലകം എന്നിവ ധരിച്ച ചതുര്‍ബാഹുവായ വേതാളപ്പുറത്തിരിക്കുന്ന ശ്രീ ഭദ്രകാളിയായാണ് ആറ്റുകാലമ്മയുടെ പ്രതിഷ്ഠ. ദാരുശില്പമാണ് ഭഗവതിയുടേത്.
മുഴുക്കാപ്പ്,101 കലത്തില്‍ പൊങ്കാല, പഞ്ചാമൃതാഭിഷേകം, കളഭാഭിഷേകം (സ്വര്‍ണ്ണക്കുടത്തില്‍), കലശാഭിഷേകം അഷ്ടദ്രവ്യാഭിഷേകം, , പന്തിരുനാഴി, , പുഷ്പാഭിഷേകം, ലക്ഷാര്‍ച്ചന, ഭഗവതിസേവ, ഉദയാസ്തമനപൂജ, അര്‍ദ്ധദിനപൂജ, ചുറ്റ് വിളക്ക്, ശ്രീബലി, സര്‍വ്വൈശ്വര്യപൂജ (എല്ലാ പൗര്‍ണ്ണമി നാളിലും), വെടിവഴിപാട്, ശിവന് ധാര, ഗണപതിഹോമം എന്നിവയാണ് ആറ്റുകാല്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍
കുംഭമാസത്തില്‍ നടക്കുന്ന പൊങ്കാലയാണ് ആറ്റുകാലിലെ പ്രധാന ഉത്സവം. അന്ന പൂര്‍ണേശ്വരിയായ ആറ്റുകാലമ്മയുടെ തിരുമുന്‍പില്‍ വ്രതശുദ്ധിയോടെ പൊങ്കാലയിട്ടാല്‍ ആഗ്രഹ സാഫല്യം ഉണ്ടാവുമെന്നാണ് വിശ്വാസം. സര്‍വ്വ ഐശ്വര്യത്തിനും, രോഗബാധയകറ്റാനും ജനലക്ഷങ്ങള്‍ ആറ്റുകാലില്‍ പൊങ്കാലയിടുന്നു.സ്ത്രീകളുടെ പങ്കാളിത്തം കാരണം ഗിന്നക്‌സ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിസിലും ആറ്റുകാല്‍ പൊങ്കാല ഇടം പിടിച്ചിട്ടുണ്ട്.
ആറ്റുകാല്‍ പൊങ്കാലയോടൊപ്പം നവരാത്രി ഉത്സവവും, വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തികയും, ശിവരാത്രി ,ദീപാവലി, ഗണേശ ചതുര്‍ത്ഥി എന്നീ ദിവസങ്ങലും ആറ്റുകാലില്‍ വിശേഷ ആഘോഷങ്ങളാണ്. മംഗല്യഭാഗ്യത്തിനായി പുടവ നല്‍കലും, ദോഷങ്ങള്‍ മാറാനായി നാരങ്ങാവിളക്കും ആറ്റുകാലിലെ പ്രധാന നേര്‍ച്ചകളാണ്.
ആറ്റുകാലിന് ഏകദേശം ഒന്നരകിലോമീറ്റര്‍ അകലെയാണ് മണക്കാട് ശാസ്താ ക്ഷേത്രം. ആറ്റുകാലമ്മയും സമീപത്തുള്ള മണക്കാട് ശാസ്താവും സഹോദരരാണെന്നാണ് ഐതിഹ്യം. ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞുള്ള രാത്രി ദീപരാധാനയ്ക്ക് ശേഷം നടക്കുന്ന ചടങ്ങാണ് പുറത്തെഴുന്നള്ളത്. ആറ്റുകാല്‍ ദേവി ആനപ്പുറത്തേറി മണക്കാട് ശാസ്താവിനെ കാണാന്‍ പോകുന്നുവെന്നാണ് പുറത്തെഴുന്നള്ളത്തിന്റെ ഐതിഹ്യം.അതിന് മുന്‍പ് കാപ്പുകെട്ട് കഴിഞ്ഞ് അഞ്ചം ദിവസം ശാസ്താവ് ആറ്റുകാലിലും എത്തുന്നുണ്ട്.
ആറ്റുകാല്‍ ക്ഷേത്ര നട അടച്ചിട്ടിരിക്കുന്ന സമയത്തായിരിക്കും ശാസ്താവ് അവിടെയെത്തുക. സഹോദരിയെ കാണാനാവാതെ നിരാശനായി ശാസ്താവ് മണക്കാടേക്ക് മടങ്ങും. തന്നെ കാണാതെ അനുജന്‍ തിരികെപോയതറിഞ്ഞ ആറ്റുകാലമ്മ അനുജനെ കാണാനായി പരിവാര സമേതം ആഘോഷത്തോടെ മണപ്പുറത്തേക്ക് പോകുന്നതാണ് പുറത്തെഴുന്നള്ളത്തിന്റെ ഐതിഹ്യം. പുറത്തെഴുന്നള്ളത്തിന്റെ സമയത്ത് കുത്തിയോട്ടക്കാരും താലപ്പൊലിയും, തീവട്ടിസംഘവും , ചെണ്ടമേളങ്ങളും ദേവിയെ അനുഗമിക്കും. ആയുധധാരികളായ കേരളാ പോലീസ് സംഘവും ചടങ്ങിന്റെ ഭാഗമായി പുറത്തെഴുന്നള്ളത്തിനെ അനുഗമിക്കുന്നുണ്ടാവും.