ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല ഇട്ട് ഭക്തര്‍; എല്ലാ വര്‍ഷത്തെയും പോലെ ഇക്കുറിയും അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ താരങ്ങളും; നടി ചിപ്പിയും ആനിയും അമ്മയ്ക്ക് പൊങ്കാല നേര്‍ന്നു

Update: 2025-03-13 05:38 GMT

തിരുവനന്തപുരം: ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയ്ക്ക് തുടക്കമായി. ലക്ഷകണക്കിന് ആളുകളാണ് ഇക്കുറിയും അമ്മയ്ക്ക് പൊങ്കാല ഇടാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. എല്ലാ വര്‍ഷത്തെയും പോലെ ഇക്കുറിയും അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ നടി ചിപ്പിയും ആനിയും എത്തി. കഴിഞ്ഞ ദിവസം തന്നെ ചിപ്പി കരമനയിലെ വീട്ടില്‍ എത്തിയിരുന്നു.

മോഹന്‍ലാല്‍ നായകനായി ചിപ്പിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രജപുത്ര രഞ്ജിത്ത് നിര്‍മിക്കുന്ന തുടരും റിലീസിന് ഒരുങ്ങുകയാണ്. സിനിമയ്ക്ക് വേണ്ടി സ്‌പെഷ്യല്‍ പ്രാര്‍ത്ഥന ഉണ്ടെന്നും ചിപ്പി പൊങ്കാലയ്ക്ക് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞു. ഇതെതത്രാമത്തെ പൊങ്കാലയാണ് താന്‍ ഇടുന്നതെന്ന് കൃത്യമായ കണക്കില്ലെന്നും ചിപ്പി പറയുന്നുണ്ട്.

'എത്രാമത്തെ പൊങ്കാല ആണെന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. ഇരുപത് വര്‍ഷം മേലെ ഉണ്ടാകും. ഒരുപാട് വര്‍ഷമായില്ലേ. എല്ലാവര്‍ഷവും തുടര്‍ച്ചയായി പൊങ്കാല ഇടുന്നുണ്ട്. ചെറുപ്പം മുതലേ ഇടുന്നതാണ്. ഇടയ്ക്ക് വിട്ടുംപോയിട്ടുണ്ട്. അതുകൊണ്ട് കൃത്യമായി പറയാനാവില്ല. എന്നാലും ഓരോ തവണ വരുമ്പോഴും പുതുതായി വരുമ്പോലെ ആണ് തോന്നുന്നത്. ഇക്കൊല്ലം തിരക്ക് നല്ല കൂടുതലാണ്. ക്ഷേത്രത്തില്‍ പോയപ്പോഴൊക്കെ നല്ല തിരക്കുണ്ട്', എന്നാണ് ചിപ്പി പറഞ്ഞത്.

'തുടരും ഉടന്‍ റിലീസ് ഉണ്ടാകും. അതിന്റെ പ്രാര്‍ത്ഥനയും ഒക്കെയായിട്ടാണ് ഇത്തവണ ഞാന്‍ വന്നിരിക്കുന്നത്. അതൊരു സ്‌പെഷ്യല്‍ പ്രാര്‍ത്ഥനയായിട്ടുണ്ട്', എന്നും ചിപ്പി പറഞ്ഞു. ട്രോളുകളെ കുറിച്ചുള്ള ചോദ്യത്തിന്, 'ട്രോളുകളൊക്കെ ഫോണില്‍ വന്ന് തുടങ്ങി. പൊങ്കാല ആയിട്ടായത് കൊണ്ട് കുഴപ്പമില്ല. ആറ്റുകാലമ്മയുടെ പേരുമായി ചേര്‍ത്തിട്ടാണല്ലോ. അതുകൊണ്ട് ഹാപ്പിയാണ്', എന്നായിരുന്നു താരത്തിന്റെ മറുപടി.

ആനിയും സംവിധായകനും ഭര്‍ത്താവുമായ ഷാജി കൈലാസും വീട്ടുമുറ്റത്ത് തന്നെയാണ് പൊങ്കാലയര്‍പ്പിക്കുന്നത്. ആറ്റുകാലമ്മയുടെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാവട്ടെയെന്ന് ആനി പറഞ്ഞു. 25ാംമത് പൊങ്കാലയാണിതെന്നാണ് ഓര്‍മ്മ. കോംപിറ്റീഷന്‍ ഒന്നുമില്ല. അമ്മയുടെ പിറന്നാളിന് മക്കളൊരുങ്ങുന്നതിന് സമാനമാണിതെന്നും' ആനി പറഞ്ഞു.

ഇത്തവണയും സ്പെഷ്യല്‍ വിഭവങ്ങളുണ്ട്. എല്ലാതവണയും പുതിയ പരീക്ഷണങ്ങള്‍ ഉണ്ടാക്കാറുണ്ട്. തനിക്കറിയുന്ന വിഭവങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ടെന്നും ആനി പറഞ്ഞു. തന്റെ അമ്മ പഠിപ്പിച്ചുതന്നതാണ് ഇപ്പോഴും പിന്തുടരുന്നതെന്നും ആനി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News