ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം കോര്‍പ്പറേഷന്‍ ശേഖരിച്ചത് മൂന്ന് ലക്ഷത്തിലധികം കട്ടകള്‍; കട്ടകള്‍ ഉപയോഗിച്ച് അന്‍പത് വീടെങ്കിലും വച്ച് നല്‍കുമെന്ന് വാക്ക്; ശേഖരിച്ച ഇഷ്ടികകള്‍ ഇനിയും ബാക്കി; ഏറെകുറെയും മാലിന്യത്തില്‍ കിടന്ന് നശിക്കുന്നു
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം മൂന്ന് ലക്ഷത്തിലധികം ചുടുകട്ടകളാണ് കോര്‍പ്പറേഷന്‍ ശേഖരിച്ചത്. വീടുകള്‍ വെച്ച് നല്‍കുന്നതിന് ഉപയോഗിക്കുന്നതിനായാണ് കട്ടകള്‍ ശേഖരിച്ചത്. കുറഞ്ഞത് അന്‍പത് വീടെങ്കിലും നിര്‍മ്മിച്ച് നല്‍കാനായിരുന്നു കോര്‍പ്പറേഷന്റെ ലക്ഷ്യം. എന്നാല്‍ ശേഖരിച്ച ഇഷ്ടികകള്‍ ഇനിയും ബാക്കിയാണ്. ഒരു വര്‍ഷം കഴിഞ്ഞിട്ടും നല്ലൊരു ശതമാനം ഇഷ്ടികയും ഇപ്പോഴും ജഗതിയില മാലിന്യ കൂമ്പാരത്തില്‍ തള്ളിയിരിക്കുകയാണ്.
പകുതിയിലേറെ ഇഷ്ടികകള്‍ തെരഞ്ഞെടുത്ത 24 ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തുവെന്നാണ് കോര്‍പറേഷന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ശേഖരിച്ച കട്ടകളില്‍ ഏറെകുറെയും വെറുതെ മാലിന്യത്തില്‍ കിടന്ന് നശിക്കുകയാണ്. കോര്‍പ്പറേഷന്‍ ഏറ്റെടുത്ത നാള്‍ മുതല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് പൊങ്കാല കട്ടകള്‍ ലഭ്യമാകുന്നില്ലെന്നാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നത്.
കൂടുതല്‍ ഇഷ്ടിക ലഭിച്ചാല്‍ കൂടുതല്‍ ആളുകളെ സഹായിക്കാന്‍ കഴിയുമെന്നായിരുന്നു കോര്‍പറേഷന്റെ മുന്‍കാലങ്ങളിലെ നിലപാട്. എന്നാല്‍ ബാക്കിയായ ഇഷ്ടികള്‍ ഉപേക്ഷിച്ചതിന് മാത്രം മിണ്ടാട്ടമില്ല. മുന്‍ വര്‍ഷം 200 ലോഡ് ഇഷ്ടികകള്‍ ജഗതി മൈതാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നാണ് കോര്‍പറേഷന്റെ കണക്ക്. മാലിന്യങ്ങള്‍ തരം തിരിക്കുന്ന ജഗദിയിലെ മൈതാനത്താണ് ബാക്കിവന്ന കട്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്.