ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം; ക്ഷേത്രത്തിലേക്ക് വന്‍ ഭക്തജന തിരക്ക്; മണക്കാട് ശാസ്താക്ഷേത്രത്തില്‍ നിന്നും ശാസ്താവ് എഴുന്നള്ളി മടങ്ങി; ഇന്ന് നടന്ന തുറന്ന് വൈകി

Update: 2025-03-10 06:47 GMT

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവത്തിന്റെ ഭാഗാമയി ക്ഷേത്രത്തില്‍ വന്‍ ഭക്ത ജന തിരക്ക്. രാത്രി വൈകിയും ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടു. വിളക്ക് കെട്ട് ഘോഷയാത്രക്കും നാരാങ്ങാ വിളക്കിനും വലിയ തിരക്ക് തന്നെയുണ്ടായിരുന്നു. മണക്കാട് ശാസ്താക്ഷേത്രത്തില്‍ നിന്നുള്ള ആചാരപരമായ എഴുന്നള്ളത്ത് ഇന്നലെ നടന്നു. ആറ്റുകാല്‍ ഭഗവതിയുടെ സോദരസ്ഥാനം വഹിക്കുന്ന മണക്കാട് ശാസ്താവിന്റ എഴുന്നള്ളത്ത് വൈകിട്ട് 4ഓടെ ആറ്റുകാല്‍ ക്ഷേത്ര നടയിലെത്തി. ഈ സമയം ക്ഷേത്ര നട അടഞ്ഞു കിടന്നു.

ക്ഷേത്രത്തിനു മുന്നില്‍ പ്രണാമമര്‍പ്പിച്ച് ശാസ്താവ് പിറകുവശത്തു കൂടെ മടങ്ങി. കൊഞ്ചിറവിള തുടങ്ങിയ മറ്റ് ക്ഷേത്രങ്ങളിലേക്കും എഴുന്നള്ളത്ത് നീണ്ടു. നട അടച്ചിരിക്കുന്നതിനാല്‍ സഹോദരിയെ കാണാത്തതില്‍ പിണങ്ങിയാണ് ശാസ്താവ് മടങ്ങുന്നതെന്നാണ് വിശ്വാസം. പൊങ്കാല ദിവസം രാത്രി ആറ്റുകാല്‍ ഭഗവതിയുടെ ആനപ്പുറത്ത് എഴുന്നള്ളത്ത് മണക്കാട് ധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ്. ഇത് സഹദോരന്റെ പിണക്കം മാറ്റാനാണ്.

ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ഭക്തരും ചേര്‍ന്നാണ് മണക്കാട് ക്ഷേത്രത്തിലെ എഴുന്നള്ളത്തിന് വരവേല്പ് നല്‍കിയത്. ദേവിയുടെ ആഗ്രഹപ്രകാരം ചിലമ്പ് വില്‍ക്കാന്‍ പോയ കോവലനെ സ്വര്‍ണപ്പണിക്കാരന്‍ താന്‍ ചെയ്ത കുറ്റം മറച്ചുവയ്ക്കാനായി പാണ്ഡ്യരാജാവിന്റെ മുന്നിലെത്തിക്കുന്ന ഭാഗമാണ് ഇന്നലെ തോറ്റംപാട്ടില്‍ പാടിയത്.

ചിലമ്പ് മോഷ്ടിച്ചെന്ന കുറ്റം ചുമത്തി രാജാവ് കോവലനെ വധിക്കുന്ന ഭാഗമാണ് ഇന്ന് പാടുന്നത്. ഇതിന്റെ ദുഃഖസൂചകമായി ഇന്ന് നട തുറന്ന് വൈകിയാണ്. രാവിലെ 7നാണ് ക്ഷേത്രനടതുറന്നത്. നിര്‍മാല്യം, അഭിഷേകം, മറ്റ് പൂജകള്‍ എന്നിവയുടെ സമയത്തിലും മാറ്റമുണ്ടാകും.

Tags:    

Similar News