കേഡര്‍ തസ്തികയില്‍ ചുരുങ്ങിയത് രണ്ടു വര്‍ഷം നിയമനം; അതിനുമുന്‍പ് മാറ്റണമെങ്കില്‍ സിവില്‍ സര്‍വീസസ് ബോര്‍ഡിന്റെ ശുപാര്‍ശ വേണമെന്ന് ഉത്തരവിട്ടത് ട്രൈബ്യൂണല്‍; ബി അശോകിനെ 'സെക്രട്ടറിയേറ്റിന് പുറത്താക്കാനുള്ള' ആ നീക്കം ചീഫ് സെക്രട്ടറിയ്ക്ക് കുരുക്കാകുമോ? അസാധാരണ നീക്കവുമായി ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ്; ശാരദാ മുരളീധരന്‍ കുടുക്കിലാകുമോ?

Update: 2025-02-22 03:49 GMT

തിരുവനന്തപുരം: കോടതിയലക്ഷ്യത്തിനു നടപടിയാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കെതിരെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ബി.അശോക് നിയമ പോരാട്ടത്തിന്. ഐഎഎസ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായണ് ബി അശോക്.

കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അശോക് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഏപ്രില്‍ 1നു മറുപടി നല്‍കാന്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനു കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നോട്ടിസയച്ചു. പുതുതായി രൂപീകരിച്ച തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചതു ചോദ്യം ചെയ്ത് അശോക് നിയമ പോരാട്ടം നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഇതില്‍ ചീഫ് സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പിടിച്ചാണ് അശോകിന്റെ ഹര്‍ജി. ട്രൈബ്യൂണല്‍ മുന്‍പ് പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചെന്നു കാട്ടി, ചീഫ് സെക്രട്ടറിയെ കോടതിയലക്ഷ്യത്തിനു ശിക്ഷിക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.

ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷനാക്കിയതു വഴി അപ്രധാന തസ്തികയില്‍ തന്നെ തളച്ചിടാനുള്ള നീക്കമാണു സര്‍ക്കാര്‍ നടത്തുന്നതെന്നാണ് അശോകിന്റെ നിലപാട്. നടപടിക്രമങ്ങള്‍ പാലിച്ചും മന്ത്രിസഭയുടെ തീരുമാനപ്രകാരവുമാണ് അശോകിനെ അധ്യക്ഷനാക്കിയതെന്നു കാട്ടി ചീഫ് സെക്രട്ടറി ട്രൈബ്യൂണലില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കമ്മിഷന്‍ അധ്യക്ഷ പദവി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു തുല്യമായ തസ്തികയാണെന്നും അറിയിച്ചു. എന്നാല്‍, കാര്‍ഷികോല്‍പാദന കമ്മിഷണറായി 2023 ഫെബ്രുവരി 7നു നിയമിച്ചതു സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയത് സൂചിപ്പിച്ചാണ് കോടതിയലക്ഷ്യവുമായി അശോക് ട്രൈബ്യൂണലിനെ സമീപിച്ചത്. കേഡര്‍ തസ്തികയില്‍ ചുരുങ്ങിയത് 2 വര്‍ഷത്തേക്കാണു നിയമനമെന്നും അതിനുമുന്‍പ് മാറ്റണമെങ്കില്‍ സിവില്‍ സര്‍വീസസ് ബോര്‍ഡിന്റെ ശുപാര്‍ശ വേണമെന്നുമുള്ള ട്രൈബ്യൂണലിന്റെ മുന്‍ ഉത്തരവാണ് അശോക് ചര്‍ച്ചയാക്കുന്നത്.

കാര്‍ഷികോല്‍പാദന കമ്മിഷണറായി 2 വര്‍ഷം പൂര്‍ത്തിയാക്കുന്നത് ഈ മാസം 7നാണെന്നും എന്നാല്‍, കഴിഞ്ഞ ജനുവരി 9ന് ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷനായി തന്നെ നിയമിച്ചുവെന്നും അശോക് പറയുന്നു. സിവില്‍ സര്‍വീസസ് ബോര്‍ഡിന്റെ അനുമതിയില്ലാതെയുള്ള തസ്തികമാറ്റം സംബന്ധിച്ച് ഉത്തരവിറക്കിയ ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയലക്ഷ്യമാണെന്നും വിശദീകരിക്കുന്നു. ഈ വിഷയത്തില്‍ ട്രൈബ്യൂണല്‍ നടപടികള്‍ നിര്‍ണ്ണായകമാകും. ചീഫ് സെക്രട്ടറിയെ എല്ലാ അര്‍ത്ഥത്തിലും സര്‍ക്കാര്‍ പിന്തുണയ്ക്കും.

ബി അശോക് ഐ.എ.എസിന്റെ സ്ഥലംമാറ്റത്തിന് നേരത്തെ സ്റ്റേ അനുവദിച്ചികുന്നു. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ നടപടിയാണ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തത്. നടപടി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിഷന്റെ എറണാകുളം ബെഞ്ച് സ്റ്റേ ചെയ്തതോടെ അശോകിന് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരാമെന്ന സാഹചര്യം വന്നു. സംസ്ഥാന സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു അശോകിന്റെ സ്ഥാനചലനം.

നിയമനം സംസ്ഥാന ഡെപ്യുട്ടേഷനില്‍ തന്നെ ഉള്ള ട്രാന്‍സ്ഫര്‍ എന്നാണ് സര്‍ക്കാര്‍ വിശദീകരണം. സിവില്‍ സര്‍വീസ് കേഡറിനുള്ളില്‍ തന്നെ നടത്തിയ നിയമനം മന്ത്രിസഭയെടുത്ത കൂട്ടായ തീരുമാനമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ബി അശോകിന്റെ സര്‍വീസിനെയോ കേന്ദ്ര ഡെപ്യൂട്ടേഷനെപ്പോലും ഈ നിയമനം ബാധിക്കില്ലെന്നും അറിയിച്ച സര്‍ക്കാര്‍ ഉത്തരവിന്മേലുള്ള സ്റ്റേ നീക്കണമെന്നും ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News