സുജയ പോയതോടെ 'റിപ്പോര്‍ട്ടറുടെ' വീര്യം കുറഞ്ഞു; 'മാങ്കൂട്ടത്തില്‍' വാര്‍ത്തകള്‍ നിരത്തിയിട്ടും ഏഷ്യാനെറ്റിനെ വീഴ്ത്താനായില്ല! 24 ന്യൂസിന് ഇരട്ടി പ്രഹരം; മനോരമ ഒപ്പമെത്തി; ബാര്‍ക്കിലെ മറിമായം അവസാനിക്കുമ്പോള്‍ കളി മാറുന്നു; ജനം ടിവിക്ക് മുന്നേറ്റം; ന്യൂസ് മലയാളം 24ഃ7 പുറകോട്ട്; ചാനല്‍ റേറ്റിംഗില്‍ വന്‍ വ്യത്യാസം
ചാനല്‍ റേറ്റിംഗില്‍ വന്‍ വ്യത്യാസം
തിരുവനന്തപുരം: മലയാളം വാര്‍ത്താ ചാനലുകളുടെ റേറ്റിംഗ് പോരില്‍ ആരാണ് മുന്നില്‍? സംശയം വേണ്ട, ജനുവരി രണ്ടാം വാരത്തിലും ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് തന്നെ. നിയമസഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങാന്‍ അധികം നാളുകളില്ലാത്തത് കൊണ്ട് സംസ്ഥാനത്ത് ദിവസവും രാഷ്ട്രീയ കോളിളക്കങ്ങളും പതിവായിരിക്കുന്നു. പോരില്‍ മികച്ചവരാകാന്‍, വാര്‍ത്തയെ എന്റര്‍ടെയ്‌മെന്റ് ഷോ ആക്കിയെങ്കിലും ബിഗ് ടിവിയിലേക്കുളള സുജയ്യ പാര്‍വ്വതിയുടെ കൂടുമാറ്റം അടക്കം റിപ്പോര്‍ട്ടര്‍ ടിവിക്ക് ക്ഷീണമായി. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പീഡന വാര്‍ത്തകള്‍ അണമുറിയാതെ വച്ച് കത്തിച്ചെങ്കിലും റിപ്പോര്‍ട്ടറിന് ഏഷ്യാനെറ്റിന്റെ അടുത്തെത്താനായില്ല.
99 പോയിന്റുകളുമായി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളിലും ഏഷ്യാനെറ്റ് മുന്നേറ്റം തുടരുകയാണ്. 52 ാമത്തെ ആഴ്ച്ചയേക്കാള്‍ പോയിന്റ് നില മെച്ചപ്പെടുത്തിയെങ്കിലും, റിപ്പോര്‍ട്ടറിന് ഏഷ്യാനെറ്റിനെ മറികടക്കാമെന്ന മോഹം കിട്ടാക്കനിയായി തുടരുന്നു. റിപ്പോര്‍ട്ടര്‍ 87-പോയിന്റിലെത്തി പോരാട്ടം കടുപ്പിച്ചു. സുജയ്യ പാര്‍വതി കളമൊഴിഞ്ഞതോടെ എഡിറ്റേഴ്‌സ് അവറിലടക്കം വീര്യം കുറഞ്ഞെന്ന്് പൊതുവെ അഭിപ്രായമുണ്ട്. അതുകൊണ്ട് തന്നെ ഒന്നാം സ്ഥാനത്ത് എത്തണമെന്ന ആഗ്രഹം നിറവേറ്റാന്‍ റിപ്പോര്‍ട്ടര്‍ ചില്ലറ പണിയല്ല എടുക്കേണ്ടി വരിക.
സുജയ പാര്‍വതിയുടെ രാജി ബാധിച്ചോ?
അനില്‍ അയിരൂരിന്റെ നേതൃത്വത്തില്‍ വരുന്ന 'ബിഗ് ടിവി'യിലേക്ക് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ചേക്കേറുന്നത് ചാനല്‍ വിപണിയെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. സുജയയുടെ പിന്മാറ്റം ചാനലിന്റെ റേറ്റിംഗിനെ ബാധിക്കുമെന്ന പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. സുജയയുടെ ഗുഡ് ഈവനിംഗ് വിത്ത് സുജയ പാര്‍വതി എന്ന ഷോ റേറ്റിംഗില്‍ ഒന്നാമതായിരുന്നു. ഇപ്പോള്‍ വിനീത വേണു നയിക്കുന്ന ഷോയുടെ റേറ്റിംഗ് കുറഞ്ഞില്ല എന്നതില്‍ റിപ്പോര്‍ട്ടറിന് ആശ്വസിക്കാം. എന്നിരുന്നാലും വ്യക്തികളേക്കാള്‍ ഉപരി ചാനലിന്റെ നയങ്ങള്‍ക്കും ഉള്ളടക്കത്തിനും പ്രേക്ഷകര്‍ നല്‍കുന്ന പ്രാധാന്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. അതുകൊണ്ട് തന്നെ റിപ്പോര്‍ട്ടറിന് പോരാട്ടം ബാക്കിയാണ്.
24 ന്യൂസിന് വലിയ തിരിച്ചടി
പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് ചാനലുകളുടെ റേറ്റിംഗില്‍ വലിയ മാറ്റങ്ങളാണ് വരുത്തുന്നത്. ഇതില്‍ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് 24 ന്യൂസിനാണ്. 44 പോയിന്റുമായി മൂന്നാം സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും, അതേ പോയിന്റോടെ മനോരമ ന്യൂസ് ഒപ്പമെത്തിയത് 24-ന് കടുത്ത വെല്ലുവിളിയായി. കഴിഞ്ഞ ആഴ്ചയില്‍ 24-ന,് 40-ഉം മനോരമയ്ക്ക് 38-ഉം പോയിന്റുകളായിരുന്നു ഉണ്ടായിരുന്നത്.
ചാനലിന്റെ നെടുംതൂണായ ശ്രീകണ്ഠന്‍ നായരുടെ മോണിംഗ് ഷോ അടക്കമുള്ള പരിപാടികളുടെ റേറ്റിംഗില്‍ ഉണ്ടായ വന്‍ ഇടിവ് 24 ന്യൂസിനെ പ്രതിസന്ധിയിലാക്കുന്നു. പുതിയ ചാനലായ ബിഗ് ടിവി പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഏറ്റവും വലിയ ഭീഷണി നേരിടുക 24 ന്യൂസ് ആയിരിക്കുമെന്നാണ് നിലവിലെ വിലയിരുത്തലുകള്‍.
ജനം ടിവി നില മെച്ചപ്പെടുത്തി; ന്യൂസ് ന്യൂസ് മലയാളം 24ഃ7 പുറകോട്ട്
മറ്റ് ചാനലുകളില്‍ മാതൃഭൂമി ന്യൂസിന് നേരിട്ട വന്‍ ഇടിവാണ് ശ്രദ്ധേയം. ഒരു കാലത്ത് മനോരമയുമായി കടുത്ത മത്സരം കാഴ്ചവെച്ചിരുന്ന മാതൃഭൂമി 32 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം, ജനം ടിവി തങ്ങളുടെ നില മെച്ചപ്പെടുത്തിക്കൊണ്ട് 28 പോയിന്റോടെ ആറാം സ്ഥാനത്തെത്തി. ന്യൂസ് മലയാളം 24ഃ7 തൊട്ടുപിന്നാലെ തന്നെയുണ്ട്. ഇടക്കാലത്ത് ശ്രദ്ധേയ വാര്‍ത്തകളിലൂടെ മുന്നേറിയ ന്യൂസ് മലയാളം 24ഃ7 ഇപ്പോള്‍ പിറകോട്ടാണ് സഞ്ചാരം. വമ്പന്‍ നെറ്റ്വര്‍ക്കായ ന്യൂസ് 18 കേരളം പ പട്ടികയില്‍ ഏറ്റവും പിന്നിലാണ് (13 പോയിന്റ്). ബിഗ് ടിവി ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങുന്നതോടെ നിലവിലെ ചാനലുകളുടെ റേറ്റിംഗ് നിലവാരത്തില്‍ വന്‍ അഴിച്ചുപണികള്‍ ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്ന കണക്കുകള്‍ നല്‍കുന്നത്.
ബാര്‍ക്കില്‍ മറിമായമെന്ന പരാതി 24 ന്യൂസ്, റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകള്‍ക്ക് എതിരെ നല്‍കിയതിന് പിന്നാലെ റേറ്റിംഗുകളില്‍ ക്രമീകരണം വന്നതായാണ് പോയിന്റ് സൂചിക സൂചിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റേതടതടക്കമുള്ള ഇടപെടലുകള്‍ വന്നതോടെ ബാര്‍ക്ക് റേറ്റിംഗ് കൂടുതല്‍ സുതാര്യമാകുന്നു എന്നാണ് പോയിന്റ് നിലയിലെ വ്യത്യാസം സൂചിപ്പിക്കുന്നത്.
