തുര്‍ക്കിയിലേക്ക് അവധിക്കാല യാത്ര പോകുന്ന മലയാളികള്‍ അറിഞ്ഞിരിക്കണം ബ്രിട്ടനിലെ ബേത് മാര്‍ട്ടിന് സംഭവിച്ച ദുരന്തം; ഹൃദയമില്ലാതെ കയ്യില്‍ കിട്ടിയ ഭാര്യയുടെ മൃതദേഹം യുകെയില്‍ എത്തിക്കാന്‍ സഹായം തേടിയ ഭര്‍ത്താവിന് മൂന്നു കോടി രൂപയുടെ കാരുണ്യ പ്രവാഹം; ഭര്‍ത്താവിനെ കൊലക്കുറ്റത്തിന് ജയിലില്‍ കയറ്റാന്‍ ആദ്യ ശ്രമം; ഹൃദയം നഷ്ടമായതെങ്ങനെ?
തുര്‍ക്കിയിലേക്ക് യാത്ര പോകുന്ന മലയാളികള്‍ അറിഞ്ഞിരിക്കണം ബ്രിട്ടനിലെ ബേത് മാര്‍ട്ടിന് സംഭവിച്ച ദുരന്തം
പ്ലീമൗത്ത്: നല്ല വെയില്‍ ഉള്ള, ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുന്ന തുര്‍ക്കി എന്ന നാട് മലയാളികളുടെയും പ്രിയപ്പെട്ട ഹോളിഡേ ഡെസ്റ്റിനേഷന്‍ കൂടിയായ ഈ നാട്ടിലേക്ക് അവധിക്കാല യാത്രയ്ക്ക് പോയ ബ്രിട്ടനിലെ പ്ലീമൗത്തിലെ ബേത് മാര്‍ട്ടിന്‍ എന്ന യുവതിക്കുണ്ടായ ദാരുണാന്ത്യം ബ്രിട്ടനില്‍ മാത്രമല്ല ലോകമെങ്ങും വാര്‍ത്തയാവുകയാണ്. കാര്യമായ അസുഖം ഒന്നും ഇല്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബേത് മാര്‍ട്ടിന്‍ ആകസ്മികമായി മരണമടഞ്ഞതോടെ യുകെയില്‍ നിന്നും തുര്‍ക്കിയില്‍ എത്തും മുന്‍പേ കഴിച്ച ഭക്ഷണത്തിലെ വിഷാംശമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് തുര്‍ക്കിഷ് അധികൃതര്‍ നിലപാട് എടുത്തത്. ഇതിനെ തുടര്‍ന്ന് ബേതിന്റെ ഭര്‍ത്താവ് ലുക്ക് മാര്‍ട്ടിനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കാനുള്ള നീക്കവും നടന്നു. പ്രിയ ഭാര്യയുടെ മരണത്തില്‍ അഞ്ചും ഏഴും വയസുള്ള പിഞ്ചു കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാനാകാതെ തകര്‍ന്നു പോയ മാര്‍ട്ടിന് ആ സാഹചര്യം തരണം ചെയ്യുന്നത് എങ്ങനെ എന്ന് പോലും അറിയാതെ നില്‍ക്കുമ്പോളാണ് തുര്‍ക്കിഷ് അധികാരികളില്‍ നിന്നും ഭയപ്പെടുത്തും വിധമുള്ള നീക്കങ്ങള്‍ ഉണ്ടാകുന്നത്.
ഈ ഘട്ടത്തില്‍ എന്ത് ചെയ്യും എന്നറിയാതെ നില്‍ക്കുമ്പോഴാണ് സുഹൃത്ത് സഹായിക്കാന്‍ കൂടെയെത്തുന്നത്. പ്രാദേശികമായി മാര്‍ട്ടിനെ സഹായിക്കാന്‍ തുടങ്ങിയ ക്രൗഡ് ഫണ്ടിങ്ങില്‍ പ്രാദേശികമായി സഹായം എത്തും എന്ന് കരുതിയിരിക്കവെയാണ് രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നും ഒക്കെയായി മൂന്നു കോടി രൂപയെന്ന കൂറ്റന്‍ സംഖ്യ ഒഴുകി എത്തിയത്. ഇതോടെ ഫണ്ട് പിരിവ് നിര്‍ത്തുകയാണ് എന്നറിയിച്ചിട്ടും ആളുകള്‍ മാര്‍ട്ടിനെ സഹായിക്കാന്‍ മുന്നോട്ടു വരുകയാണ്. പക്ഷെ ഇതിനിടയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ബേതിന്റെ മൃതദേഹത്തില്‍ നിന്നും ഹൃദയം നഷ്ടമായി എന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വരുന്നത്.
സുഖമില്ലാതെ ആശുപത്രിയില്‍ എത്തിച്ച ബേതിന് ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ ഒന്നും നടക്കാത്ത സാഹചര്യത്തില്‍ ഇതെങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ പോകുകയാണ്. മരണത്തിനു ശേഷം അവയവദാനം നടന്നത് ആണെങ്കില്‍ പോലും അതിനു കുടുംബത്തിന്റെ അനുമതി വാങ്ങിയിട്ടില്ല എന്നിരിക്കെ തുര്‍ക്കി എന്ന രാജ്യത്തെത്തുന്ന ഒരാള്‍ക്ക് ഒരു സുരക്ഷയും ആ രാജ്യം വാഗ്ദാനം ചെയ്യുന്നില്ല എന്ന ഭയമാണ് ഇപ്പോള്‍ ബേതിന്റെ അനുഭവം വെളിപ്പെടുത്തുന്നത്.
ആദ്യ ഘട്ടത്തില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രണ്ടാം ഘട്ടമായി നടന്ന ഫോറന്‍സിക് പോസ്റ്റുമോര്‍ട്ടവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിലൂടെ ഏതു ഘട്ടത്തിലാണ് ഹൃദയം നീക്കം ചെയ്തത് എന്ന വിവരമാണ് ഇനി പുറത്തു വരാനുള്ളത്. അതിനൊപ്പം സുഖമില്ലാതെ ആയ സാഹചര്യത്തില്‍ അടിയന്തിരമായി ബേത് യുകെയിലേക്ക് മടങ്ങി വന്നിരുന്നു എങ്കില്‍ ഇപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നു എന്ന് ഉറപ്പായും വിശ്വസിക്കുകയാണ് കുടുംബം.
ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ബ്രിട്ടീഷുകാര്‍ എത്തുന്ന നാട് എന്ന നിലയില്‍ ഇപ്പോള്‍ ബേതിനുണ്ടായ ദുര്‍വിധി നാളെ ആര്‍ക്കും സംഭവിക്കാമല്ലോ എന്ന ചിന്തയാണ് ഈ യുവതിയുടെ കുടുംബവും കുടുംബത്തെ സഹായിക്കാന്‍ മുന്നോട്ട് വന്നവരും പങ്കിടുന്നത്. ബേതിന്റെ മരണവും മൃതദേഹത്തില്‍ നിന്നും ഹൃദയം നഷ്ടമായ വിവരവും ഒക്കെ ഇപ്പോള്‍ ബ്രിട്ടീഷ് മാധ്യമങ്ങളുടെ പ്രധാന തലക്കെട്ടുകളായി നിറയുകയാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ 27നു തുര്‍ക്കിയിലേക്ക് പറന്ന 28 കാരിയായ ബേത് പൊടുന്നനെ ശാരീരിക അസ്വസ്ഥത നേരിട്ടത്തിനെ തുടര്‍ന്നു മര്‍മാരാ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെടുക ആയിരുന്നു. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം ബേത് മരണമടഞ്ഞു എന്ന വാര്‍ത്തയാണ് പ്രിയപ്പെട്ടവരെ തേടി എത്തിയത്. ഭാര്യയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തി എന്ന പോലീസ് അധികൃതരുടെ ഭാഷ്യം എങ്ങനെ വിശ്വസിക്കും എന്ന് ഇപ്പോഴും ലൂക്കിന് അറിയില്ല.
തുര്‍ക്കിയില്‍ എത്തും മുന്‍പേ ശരീരത്തില്‍ വിഷം കലര്‍ന്നിരുന്നു എന്നാണ് തുര്‍ക്കിഷ് അധികൃതരുടെ നിലപാട്. മരണശേഷം പോലും ഭാര്യയുടെ മൃതദേഹത്തോട് അനാദരവ് കാട്ടുന്ന തരത്തില്‍ ഉള്ള പെരുമാറ്റമാണ് ആശുപത്രി അധികൃതരില്‍ നിന്നും ഉണ്ടായത് എന്നും ലുക്ക് പറയുന്നു. ഈ സാഹചര്യത്തിലാണ് ലൂക്കിന്റെ സുഹൃത്തായ റോബര്‍ട്ട് ഹാമോണ്ട് ക്രൗഡ് ഫണ്ടിംഗ് തുടങ്ങി കുടുംബത്തെ സഹായിക്കാന്‍ തയ്യാറായത്. ഒരിക്കല്‍ പോലും അറിയില്ലാത്ത മനുഷ്യരില്‍ നിന്നും സ്‌നേഹത്തിന്റെ ഉറവകള്‍ പൊട്ടി പുറപ്പെട്ടതോടെ ആരും പ്രതീക്ഷിക്കാത്ത നിലയില്‍ ഉള്ള വിധം വലിയ സംഖ്യാ ഒഴുകി എത്തുക ആയിരുന്നു.
ഇപ്പോള്‍ ബേതിന്റെ കാര്യത്തില്‍ എന്ത് നടന്നു എന്നറിയാനായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം തുര്‍ക്കിഷ് അധികൃതരുമായി ബന്ധപ്പെടുകയാണ്. കൂടുതല്‍ കാര്യക്ഷമമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകണം എന്നാണ് ബേതിന്റെ കുടുംബം ആവശ്യപ്പെടുന്നതും. അതേസമയം മൃതദേഹത്തില്‍ നിന്നും കുടുംബത്തിന്റെ അനുവാദം കൂടാതെ ആന്തരിക അവയവം പരിശോധനകള്‍ക്കായി എടുക്കാന്‍ ടര്‍ക്കിഷ് നിയമം അനുവദിക്കുന്നു എന്നാണ് കൊറോണറെ ഉദ്ധരിച്ചു പുറത്തു വരുന്ന വിവരം.
ഇങ്ങനെ എടുക്കുന്ന അവയവം മൃതദേഹം തിരിച്ചയക്കും മുന്‍പേ സാധാരണ തിരികെ വയ്ക്കാറുണ്ട് എങ്കിലും ബെത്തിന്റെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചില്ല എന്നതിനും തുര്‍ക്കി സമാധാനം പറയേണ്ട ചോദ്യമായി അവശേഷിക്കുകയാണ്. ചില സാഹചര്യങ്ങളില്‍ ഇങ്ങനെ അവയവങ്ങള്‍ സൂക്ഷിക്കുന്ന പതിവ് ടര്‍ക്കിയില്‍ ഉണ്ടെന്നും അതിനു കുടുംബത്തിന്റെ അനുമതി ആവശ്യം ഇല്ലെന്നുമാണ് തുര്‍ക്കിഷ് അധികൃതരെ ഉദ്ധരിച്ചു പുറത്തുവരുന്ന വിവരങ്ങള്‍.