ട്രെയിനിൽ നിന്ന് തള്ളിയിട്ട കൊടുംക്രൂരത; അസാമാന്യ മനക്കരുത്തിൽ ജീവിതത്തിലേക്ക് ശ്രീക്കുട്ടിയുടെ തിരിച്ചുവരവ്; തണലായി അമൃതാനന്ദമയി മഠവും അമ്മയുടെ പ്രാർത്ഥനയും; മരണത്തെ തോൽപ്പിച്ച് ആ 19കാരി പാലോട്ടെ വീട്ടിലേക്ക്

Update: 2026-03-02 12:28 GMT

കൊച്ചി: കേരളത്തെ നടുക്കിയ വർക്കല ട്രെയിൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടി ജീവിതത്തിലേക്ക് മടങ്ങുന്നു. മാസങ്ങളോളം നീണ്ട തീവ്രപരിചരണത്തിനും ചികിത്സയ്ക്കും ശേഷം കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് തിങ്കളാഴ്ച ശ്രീക്കുട്ടി ഡിസ്ചാർജ് ആയി. മരണത്തിന്റെ വക്കിൽ നിന്ന് അസാമാന്യമായ മനക്കരുത്തിലൂടെയാണ് ഈ പെൺകുട്ടി ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഡിസംബർ 25-നാണ് ശ്രീക്കുട്ടിയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിന് ഏറ്റ ഗുരുതര ക്ഷതം കാരണം ബോധമില്ലാതെയും, ശ്വസിക്കാനും ബുദ്ധിമുട്ടിയിരുന്ന അവസ്ഥയിലായിരുന്നു അന്ന്. കൂടാതെ ഇടതു തോളിനും പരിക്കേറ്റിരുന്നു. അമൃത ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ. രവി ശങ്കരൻ, ഡോ. ആനന്ദ് രാജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തുടർചികിത്സ.

ശ്വസനത്തിനായി ട്രക്കിയോസ്റ്റമിയും ഭക്ഷണത്തിനായി ട്യൂബും ഘടിപ്പിച്ചു. ന്യൂറോ റീഹാബിലിറ്റേഷൻ പദ്ധതിയുടെ ഭാഗമായി, ഓക്സിജൻ തെറാപ്പി, ശ്വസന വ്യായാമങ്ങൾ, ഭക്ഷണം സ്വയം വിഴുങ്ങാനുള്ള പരിശീലനം, ഓർമ്മശക്തിയും ചിന്താശേഷിയും ഉണർത്താനുള്ള ചികിത്സകൾ, ചലനശേഷി പടിപടിയായി വീണ്ടെടുക്കാനുള്ള പരിശീലനം എന്നിവയുൾപ്പെടെയുള്ള ചിട്ടയായ ചികിത്സാ രീതികളാണ് ശ്രീക്കുട്ടിക്ക് നൽകിയത്.

ഇ.എൻ.ടി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, ന്യൂറോളജി, എൻഡോക്രൈനോളജി, ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗങ്ങളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് ശ്രീക്കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇപ്പോൾ തനിയെ ഭക്ഷണം കഴിക്കാനും, നടക്കാനും, സംസാരിക്കാനുമുള്ള ശേഷി വീണ്ടെടുത്തതും ശ്രീക്കുട്ടിയും കുടുംബവും വലിയ അത്ഭുതമായാണ് കാണുന്നത്. ശ്രീക്കുട്ടിയുടെ ചികിത്സാ കാലയളവിലുടനീളം തണലായി കൂടെയുണ്ടായിരുന്നത് അമ്മ പ്രിയയാണ്. മകളുടെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കാത്തിരുന്ന പാലോട്ടെ വീട് ഇപ്പോൾ അതീവ സന്തോഷത്തിലാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് ശ്രീക്കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. മാതാ അമൃതാനന്ദമയി മഠമാണ് ചികിത്സാ ചിലവുകൾ പൂർണ്ണമായും ഏറ്റെടുത്തത്. ലക്ഷക്കണക്കിന് രൂപ ചിലവ് വരുന്ന വിദഗ്ധ ചികിത്സ സൗജന്യമായി ആണ് മഠം ലഭ്യമാക്കിയത്. 2025 നവംബർ ആദ്യവാരം കേരള എക്സ്പ്രസിൽ യാത്ര ചെയ്യവേ ലഹരിക്കടിമയായ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ടതോടെയാണ് ശ്രീക്കുട്ടിയുടെ ജീവിതം തകിടം മറിഞ്ഞത്.

എന്നാൽ തളരാത്ത പോരാട്ടവീര്യവുമായി തിങ്കളാഴ്ച അവൾ തന്റെ പ്രിയപ്പെട്ട പാലോടേക്ക് മടങ്ങി. ട്രെയിനുള്ളിലെ പുകവലി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് പ്രതിയെ ക്രൂരമായ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രതിയായ സുരേഷ് രണ്ട് ബാറുകളിൽ നിന്ന് മദ്യപിച്ച ശേഷമാണ് ട്രെയിനിൽ കയറിയത്. വാഷ്റൂമിൽ പോയി മടങ്ങിയെത്തുകയായിരുന്നു ശ്രീക്കുട്ടിയും സുഹൃത്ത് അർച്ചനയും. ഈ സമയം പുകവലിച്ചുകൊണ്ട് ഇവരുടെ അടുത്തേക്ക് വന്ന സുരേഷിനോട് മാറിനിൽക്കാൻ യുവതികൾ ആവശ്യപ്പെട്ടു.

പുകവലി തുടർന്നാൽ പരാതിപ്പെടുമെന്ന് പെൺകുട്ടികൾ പറഞ്ഞത് പ്രതിയെ പ്രകോപിപ്പിച്ചു. തുടർന്ന് യാതൊരു ദയയുമില്ലാതെ ഇവരെ വാതിലിന് പുറത്തേക്ക് ചവിട്ടി തള്ളുകയായിരുന്നു. പ്രതിയുടെ ചവിട്ടേറ്റ് ശ്രീക്കുട്ടി ട്രാക്കിലേക്ക് തെറിച്ചുവീണു. കൂടെയുണ്ടായിരുന്ന അർച്ചന ഡോറിൽ പിടിച്ചുതൂങ്ങിയതിനാലാണ് വലിയൊരപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇവരുടെ നിലവിളി കേട്ട് മറ്റ് യാത്രക്കാർ ഓടിക്കൂടിയതോടെയാണ് പ്രതിയെ പിടികൂടാനായത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റെയിൽവേ പോലീസിന് ലഭിച്ചിരുന്നു. മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ ഇപ്പോൾ ജീവിതത്തിലേക്ക് മടങ്ങിവരികയാണ് ഈ പെൺകുട്ടി.

Tags:    

Similar News