മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ഫെരാരി കാറിന് ബംഗളൂരുവില്‍ 1.41 കോടി രൂപയുടെ പിഴ! പിഴക്ക് പുറമെ നികുതിയും ഉള്‍പ്പെടുത്തി വന്‍ തുക; വാഹനം പിടിച്ചെടുത്തത് മോട്ടോര്‍ വാഹന വകുപ്പ്; സൂപ്പര്‍ കാറിന് ചുമത്തിയ വമ്പന്‍ പിഴ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ഫെരാരി കാറിന് ബംഗളൂരുവില്‍ 1.41 കോടി രൂപയുടെ പിഴ!

Update: 2025-07-05 14:16 GMT

ബംഗളൂരു: മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്ത സൂപ്പര്‍ കാര്‍ ബംഗളൂരുവില്‍ സഞ്ചരിച്ചതിന് 1.41 കോടി രൂപയുടെ പിഴ ചുമത്തി കര്‍ണാടക ആര്‍.ടി.ഒ. ഈ നടപടി സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവമായി ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കയാണ്. നികുതിയടക്കാതെ ബംഗളൂരുവിലെ നിരത്തുകളില്‍ ഉപയോഗിച്ചതിനാണ് മോട്ടോ വാഹന വകുപ്പ് പിഴ ചുമത്തിയത്. ഇതില്‍ പിഴക്ക് പുറമെ നികുതിയും ഉള്‍പ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര സ്‌പോര്‍ട്‌സ് കാറായ 'ഫെറാരി എസ്.എസ്. 90 സ്ട്രെഡലിനാണ്' കര്‍ണാടകയിലെ റോഡ് നികുതി അടക്കാതെ സംസ്ഥാനത്ത് ഉപയോഗിച്ചതിനുള്ള പിഴ ചുമത്തിയിരിക്കുന്നത്. ഇതര സംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ക്ക് കര്‍ണാടകയില്‍ നികുതി ചുമത്തുന്നത് പതിവായിരിക്കയാണ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ കര്‍ണാടകയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് ആര്‍ടിഒ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വ്യാഴാഴ്ചയാണ് ബംഗളൂരു സൗത്ത് ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ ഈ വാഹനം കണ്ടെത്തുന്നത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ സൂപ്പര്‍ കാര്‍ കര്‍ണാടകയിലെ നികുതി അടച്ചില്ലെന്ന് കണ്ടത്തിയതോടെ വാഹനം ആര്‍.ടി.ഒ പിടിച്ചെടുക്കുകയും നികുതി അടക്കാന്‍ ഒരു ദിവസത്തെ സമയം അനുവദിച്ചുള്ള നോട്ടീസ് നല്‍കുകയും ചെയ്തു.

മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം 1,41,59,041 രൂപയാണ് പിഴയടക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റോഡ് നികുതി അടക്കാത്തതും അതിനുള്ള പിഴയുമാണ് ഈ തുക. സമീപ വര്‍ഷങ്ങളില്‍ വാഹനം നികുതിയടക്കത്തില്‍ ചുമത്തുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. കര്‍ണാടകയിലെ ആഡംബര കാറുകളുടെ നികുതി ഒഴിവാക്കാന്‍ വാഹന ഉടമകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പോയി വാഹനം രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് നഗരത്തിലേക്ക് കൊണ്ടുവരുന്ന പ്രവണത കൂടിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നിലപാടെടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കിയതായി ആര്‍.ടി.ഒ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ നികുതി വെട്ടിപ്പ് നടത്തിയ 30 ആഡംബര വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു.

സംസ്ഥാനത്തും പുറത്തുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആഡംബര വാഹനങ്ങളുടെ വാരാന്ത്യ ഒത്തുചേരലുകള്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കാന്‍ തുടങ്ങി. ഇതിന്റെ ഭാഗമായി നഗരത്തിലെത്തിയ ഫെരാരി സൂപ്പര്‍ കാറാണ് ഗതാഗത വകുപ്പ് പിടിച്ചെടുത്ത് പിഴ ചുമത്തിയത്. നിലവില്‍ കര്‍ണാടകയില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഏതൊരു വാഹനവും പ്രാദേശികമായി വീണ്ടും രജിസ്റ്റര്‍ ചെയ്യണം.

അതിനോടൊപ്പം വാഹനത്തിന്റെ വില, എന്‍ജിന്‍ ശേഷി, പ്രായം എന്നിവ അടിസ്ഥാനമാക്കി ബാധകമായ റോഡ് നികുതിയും ഉടമ അടക്കണം. ഈ നിയമങ്ങള്‍ പാലിക്കാത്തവരാണ് സംസ്ഥാനത്തിന് പുറത്തുപോയി വാഹനം രജിസ്റ്റര്‍ ചെയ്യുന്നതെന്ന് ആര്‍.ടി.ഒ പറഞ്ഞു.

Tags:    

Similar News