ആര്‍എസ്എസ് ആശയത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണ് ബി ജെ പി കൗണ്‍സിലര്‍മാര്‍; ആര്‍എസ്എസുകാരെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയ്യാറാണോയെന്ന് പരിഹസിച്ച് ശിവരാജന്‍; പരസ്യ പ്രതികരണത്തിന് വലിക്ക്; കൗണ്‍സിലര്‍മാക്കെതിരെ നടപടി എടുക്കുന്നതില്‍ ആര്‍ എസ് എസിന് താല്‍പ്പര്യ കുറവ്; ബിജെപിയില്‍ ഇനിയെന്ത്?
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് ബിജെപി കൗണ്‍സിലര്‍മാര്‍ നേതൃത്വത്തിനെതിരെ രംഗത്തെത്തിയതിന് പിന്നാലെ പരസ്യപ്രതികരണം വിലക്കി സംസ്ഥാന നേതൃത്വം. ഇനി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൗണ്‍സിലര്‍മാര്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് നിര്‍ദേശം. പരസ്യ പ്രതികരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനാണ് കെ സുരേന്ദ്രന്റെ നീക്കം. എന്നാല്‍ ആര്‍ എസ് എസ് ഇതിനെ അനുകൂലിക്കില്ല. തല്‍കാലം ബിജെപി വിഷയത്തില്‍ ആര്‍ എസ് എസ് ഇടപടെലും നടത്തില്ല.
നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കാണ് പരസ്യ പ്രതികരണം പാടില്ലെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം നല്‍കിയത്. ഇതിനിടെ, അതൃപ്തരായ ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത വികെ ശ്രീകണ്ഠന്‍ എംപിയെ പരിഹസിച്ച് ബിജെപി നേതാവ് എന്‍ ശിവരാജന്‍ രംഗത്തെത്തി. ബി ജെ പി കൗണ്‍സിലര്‍മാരെ പ്രതീക്ഷിച്ച് ശ്രീകണ്ഠന്‍ പനിക്കേണ്ടെന്ന് എന്‍ ശിവരാജന്‍ പറഞ്ഞു. ആര്‍എസ്എസ് ആശയത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണ് ബി ജെ പി കൗണ്‍സിലര്‍മാര്‍. ആര്‍എസ്എസുകാരെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയ്യാറാണോയെന്നും ശിവരാജന്‍ ചോദിച്ചു. വേണമെങ്കില്‍ ശ്രീകണ്ഠനും ഡിസിസി പ്രസിഡന്റിനും ബിജെപിയിലേക്ക് സ്വാഗതമെന്നും ശിവരാജന്‍ പറഞ്ഞു.
ബിജെപിയിലെ തമ്മിലടിയില്‍ പ്രശ്നപരിഹാരത്തിന് ആര്‍ എസ് എസ് സമവായ നീക്കങ്ങള്‍ നടത്തില്ല. തല്‍കാലം ഒരു പക്ഷവും പിടിക്കാതെ വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് തീരുമാനം. കേരളത്തിലെ ബിജെപിയിലെ പ്രശ്നങ്ങള്‍ ആര്‍ എസ് എസ് ദേശീയ നേതൃത്വത്തോട് വിശദീകരിക്കാനാണ് കേരളത്തിലെ രണ്ടു പ്രാന്തങ്ങളുടേയും പൊതു തീരുമാനം. ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് മാത്രമേ ഇനി ബിജെപിയിലെ ആഭ്യന്തര കാര്യങ്ങളില്‍ കേരളത്തിലെ ആര്‍ എസ് എസ് നേതാക്കള്‍ ഇടപെടൂ. ഈ സാഹചര്യത്തില്‍ നിലവിലെ ബിജെപി നേതാക്കളെ ആരേയും പിന്തുണയ്ക്കേണ്ടതില്ലെന്നാണ് ആര്‍ എസ് എസ് പക്ഷം.
അതിനിടെ ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന നിലപാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ ആവര്‍ത്തിച്ചു. ബിജെപി കൗണ്‍സിലര്‍മാരെ വീണ്ടും ക്ഷണിക്കുകയാണെന്നും കോണ്‍ഗ്രസ് ആശയം അംഗീകരിച്ചെത്തിയാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും എ തങ്കപ്പന്‍ പറഞ്ഞു. ആര് വന്നില്ലെങ്കിലും കോണ്‍ഗ്രസ് ശക്തമാണ്. ബിജെപിയിലെയും സിപിഎമ്മിലെയും ഭിന്നത കോണ്‍ഗ്രസിന് ഗുണം ചെയ്തു. കത്ത് വിവാദം ഒരു തരത്തിലും പാര്‍ട്ടിയെ ബാധിച്ചില്ലെന്നും എ തങ്കപ്പന്‍ പറഞ്ഞു.
ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നുണ്ട്. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിന്റെ മുഖ്യ അജണ്ട. എന്നാല്‍ പാലക്കാട്ടെ ദയനീയ പരാജയവും യോഗത്തില്‍ ഉന്നയിക്കാനുളള നീക്കമാണ് പാര്‍ട്ടിയിലെ കെ സുരേന്ദ്രന്‍ വിരുദ്ധ ചേരി നടത്തുന്നത്. സുരേന്ദ്രന്‍ രാജി വയ്ക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന് സുരേന്ദ്രനും പറയുന്നു. കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതു പോലും നാടകമാണെന്ന വിലയിരുത്തലാണ് മറുപക്ഷം.
തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് സംസ്ഥാന അധ്യക്ഷന്‍ വിശദീകരണം നല്‍കും. തോല്‍വിയുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നെന്നും ഒളിച്ചോടില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം തനിക്കുണ്ടെന്നും കേന്ദ്ര നേതൃത്വം പറഞ്ഞാല്‍ രാജി വെക്കുമെന്നുമായിരുന്നു കെ സുരേന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയതും. അതേസമയം കെ. സുരേന്ദ്രനെ മാറ്റിയാല്‍ ആര് പാര്‍ട്ടി അദ്ധ്യക്ഷനാകും എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്. വീണ്ടും അധ്യക്ഷനാകാന്‍ ഇല്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനും വ്യക്തമാക്കിയിരുന്നു. തോല്‍വിക്ക് പിന്നാലെ പല നേതാക്കളും സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തുന്നുണ്ട്. എന്നാല്‍ കെ സുരേന്ദ്രന്‍ രാജി വെക്കുമെന്ന വാര്‍ത്തകള്‍ കേന്ദ്ര നേതൃത്വവും തള്ളയിട്ടുണ്ട്. പാലക്കാട്ടെ തെരഞ്ഞെടുപ്പില്‍ 33 ബൂത്തുകളില്‍ 100 ല്‍ താഴെ മാത്രം വോട്ടു കിട്ടിയതും ചര്‍ച്ചയായേക്കും.
ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ ഏതാണ്ട് 4000ല്‍പ്പരം വോട്ടുകള്‍ക്ക് യുഡിഎഫ് മുന്നിലെത്തിയിരുന്നു. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി. ഇത്തവണയും രണ്ടാം സ്ഥാനത്താണെങ്കിലും പതിനായിരത്തോളം വോട്ടുകളാണ് ബിജെപിക്ക് കുറവുണ്ടായത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലമാണ് പാലക്കാട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 3000ല്‍പ്പരം വോട്ടുകള്‍ക്കാണ് ഷാഫി പറമ്പില്‍ വിജയിച്ചത്. പാലക്കാട് ശോഭ സുരേന്ദ്രന്‍ അടക്കം പല പേരുകളും ഉയര്‍ന്നു കേട്ടിരുന്നെങ്കിലും, പാര്‍ട്ടി സംസ്ഥാന നേതൃത്വം സി കൃഷ്ണകുമാറിനായി ഉറച്ചു നില്‍ക്കുകയായിരുന്നു.
കെ സുരേന്ദ്രന്‍ അടക്കം സംസ്ഥാന നേതൃത്വം പാലക്കാട് ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിരുന്നു. സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടത്, പാലക്കാട്ടെ വോട്ടു നഷ്ടമാകല്‍ എന്നിവ ഉയര്‍ത്തി കെ സുരേന്ദ്രന്‍ വിഭാഗത്തിനെതിരെ എതിര്‍പക്ഷം ശക്തമായി രംഗത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.