'നിങ്ങളെല്ലാവരും കൂടി കൊലയ്ക്ക് കൊടുത്തില്ലേ' എന്ന് അനില്‍കുമാറിന്റെ ഭാര്യ പൊതുമധ്യത്തില്‍ ചോദിച്ചത് ബിജെപി നേതാക്കളെ വെട്ടിലാക്കി; ആ നമ്മുടെ ആളുകള്‍ ആര്? കൗണ്‍സിലറുടെ മരണത്തില്‍ ബിജെപിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സിപിഎം; രാഷ്ട്രീയ വിവാദം മുറുകുന്നു

Update: 2025-09-22 12:24 GMT

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ കെ. അനില്‍കുമാറിന്റെ ആത്മഹത്യയില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സിപിഎം. അനില്‍കുമാറിന്റെ ആത്മഹത്യയെ തുടര്‍ന്ന് ബിജെപി നടത്തുന്ന പ്രചാരണങ്ങള്‍ രക്ഷപ്പെടാനുള്ള പരവേശത്തിന്റെ ഭാഗമാണെന്നും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഫാം ടൂര്‍ സഹകരണ സംഘത്തിലെ ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു. വിഷയം സിപിഎം രാഷ്ട്രീയമായി എടുക്കുമെന്ന സൂചനയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി വി ജോയ് എംഎല്‍എ നല്‍കുന്നത്. എന്നാല്‍ ആരോപണം ബിജെപി നിഷേധിച്ചു. പോലീസിനെതിരെയാണ് ബിജെപി ആരോപണം.

തിരുവനന്തപുരത്ത് കൗണ്‍സിലര്‍ കെ അനില്‍കുമാര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ബിജെപി നേതൃത്വം ഉത്തരംപറയാതെ ഒളിച്ചോടുകയാണെന്ന് വി ജോയ് ആരോപിച്ചു. അനിലിന്റെ മരണത്തിന് ഉത്തരവാദി ബിജെപിയാണ്. ആത്മഹത്യാക്കുറിപ്പിലുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തുവരണമെന്നും വി ജോയ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി നേതൃത്വം നല്‍കുന്ന തിരുവനന്തപുരം ജില്ലാ ഫാം ടൂര്‍ സഹകരണ സംഘത്തിന്റെ പ്രസിഡന്റും തിരുമല കൗണ്‍സിലറും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന അനിലിനെ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഘത്തിന് ആറുകോടിയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും ബിജെപി നേതൃത്വം സഹായിച്ചില്ലെന്നും അനില്‍കുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് മറച്ചുവച്ചാണ് പൊലീസിനും സിപിഐ എമ്മിനുമെതിരേ ഇല്ലാക്കഥകള്‍ മെനഞ്ഞ് തടിയൂരാന്‍ നേതൃത്വം ശ്രമിക്കുന്നതെന്ന് സിപിഎം പറയുന്നു.

ബിജെപി പ്രവര്‍ത്തകരെയും നേതാക്കളെയും താന്‍ സഹായിച്ചുവെന്നും എന്നാല്‍ അവര്‍ പണം കൃത്യമായി തിരിച്ചടയ്ക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ അനില്‍കുമാര്‍ വ്യക്തമാക്കുന്നുണ്ട്. ഒടുവില്‍ എല്ലാ ബാധ്യതകളും തന്റെ തലയില്‍ കെട്ടിവെച്ചപ്പോള്‍ ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും കുറിപ്പില്‍ പറയുന്നു. മരണാനന്തരച്ചെലവുകള്‍ക്കായി 10,000 രൂപയും അദ്ദേഹം കുറിപ്പിനൊപ്പം കരുതിവെച്ചിരുന്നു. ഇത് ബിജെപിക്കാരുടെ പണം തന്റെ സംസ്‌കാരത്തിന് വേണ്ട എന്ന സന്ദേശം നല്‍കാനാണെന്നും വി. ജോയ് എംഎല്‍എ ആരോപിച്ചു.

അനില്‍കുമാറിന്റെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബിജെപി നേതാക്കള്‍ സമനില തെറ്റിയത് പോലെയാണ് പെരുമാറിയതെന്നും എംഎല്‍എ വിമര്‍ശിച്ചു. മരണവീട്ടിലെത്തിയ രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍ എന്നിവരോട്, 'നിങ്ങളെല്ലാവരും കൂടി കൊലയ്ക്ക് കൊടുത്തില്ലേ' എന്ന് അനില്‍കുമാറിന്റെ ഭാര്യ പൊതുമധ്യത്തില്‍ ചോദിച്ചത് ബിജെപി നേതാക്കളെ വെട്ടിലാക്കി. ഈ ചോദ്യത്തിന് മുന്നില്‍ പകച്ചുനിന്ന നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരുടെ നേരെ തിരിയുകയാണെന്നും സിപിഎം കുറ്റപ്പെടുത്തി.

അനില്‍കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട ഫാം ടൂര്‍ സഹകരണ സംഘത്തിന് ബിജെപിയുമായി ബന്ധമില്ലെന്ന വാദം പച്ചക്കള്ളമാണെന്നും വി. ജോയ് എംഎല്‍എ പറഞ്ഞു. പാര്‍ട്ടിക്ക് ബന്ധമില്ലാത്ത ഒരു ബാങ്കില്‍ നിന്ന് എങ്ങനെയാണ് കോടിക്കണക്കിന് രൂപ ബിജെപി നേതൃത്വം അടിച്ചുമാറ്റാന്‍ ശ്രമിച്ചതെന്നും അദ്ദേഹം ചോദിച്ചു. സംഘത്തില്‍ നിന്ന് വലിയ തുകകള്‍ വായ്പയെടുത്ത ബിജെപി നേതാക്കള്‍ അവ തിരിച്ചടയ്ക്കാതെ വഞ്ചിച്ചതാണ് അനില്‍കുമാറിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ ബിജെപി നേതൃത്വം നല്‍കുന്ന മറ്റ് സഹകരണ സംഘങ്ങളിലും വലിയ അഴിമതി നടക്കുന്നുണ്ടെന്നും സിപിഎം ആരോപിക്കുന്നു. വെങ്ങാനൂര്‍ കോ-ഓപ്പറേറ്റീവ് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയില്‍ നടന്ന ഒരുകോടി 33 ലക്ഷം രൂപയുടെ തട്ടിപ്പില്‍ ബിജെപി നേതാക്കളായ വൈസ് പ്രസിഡന്റും വെങ്ങാനൂര്‍ സതീശും പ്രതികളാണെന്നത് ഇതിന് തെളിവാണെന്നും എംഎല്‍എ പറഞ്ഞു.

അനില്‍കുമാറിനും കുടുംബത്തിനും നീതി ലഭിക്കണമെന്നും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഫാം ടൂര്‍ സഹകരണ സംഘത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തില്‍ പ്രാദേശിക കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വി. ജോയ് എംഎല്‍എ അറിയിച്ചു.

അനില്‍ ആത്മഹത്യ ചെയ്ത ദിവസം ഇന്‍ക്വസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോള്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാനുണ്ടായ പ്രകോപനം എന്താണ്? മൃതദേ?ഹം സംസ്‌കരിക്കുന്നതിന് മുന്‍പ് എന്തിനാണ് ബിജെപി ജില്ലാ പ്രസിഡന്റ് വാര്‍ത്താസമ്മേളനം വിളിച്ച്, അനിലിന്റെ സിപിഐ എമ്മിന് പങ്കുണ്ടെന്നും, പൊലീസ് ഉപദ്രവിച്ചതാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്നും പറഞ്ഞത്? സിപിഐ എം എപ്പോഴെങ്കിലും അനിലിനെതിരായി സമരം ചെയ്തിട്ടുണ്ടോ? അനിലിനെതിരെ പൊലീസ് ഏതെങ്കിലും സ്റ്റേഷനില്‍ പരാതി സ്വീകരിക്കുകയോ കേസെടുക്കുകയോ ചെയ്തിട്ടുണ്ടോ? സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്‍ എന്തിനാണ് അനിലിന്റെ മരണത്തെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് ധിക്കാരത്തോടെ സംസാരിച്ചത്? രണ്ട് പേജുള്ള അനില്‍ എഴുതിയ ആത്മഹത്യക്കുറിപ്പില്‍ സിപിഐ എമ്മിനെയോ പൊലീസിനെയോ പരാമര്‍ശിച്ചിട്ടുണ്ടോ? രണ്ട് ദിവസം മുന്‍പ് അനില്‍ തന്നെ വന്ന് കണ്ടിരുന്നു എന്ന് സംസ്ഥാന പ്രസിഡന്റ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു, എന്താണ് അന്ന് അനില്‍ സംസാരിച്ചത്? ഇതില്‍ ബിജെപിക്ക് ഒളിച്ചുവെക്കാനുള്ളതെന്താണ്?- ഈ ചോദ്യങ്ങള്‍ക്കെല്ലാം ബിജെപി ജില്ലാ, സംസ്ഥാന നേതൃത്വം മറുപടി പറയണമെന്നും ജോയ് ആവശ്യപ്പെട്ടു.

നിഷേധിച്ച് ബിജെപി

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ അനില്‍ കുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചത് പോലീസും സിപിഎമ്മും ചേര്‍ന്നാണെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുവരണമെന്നും ബിജെപിയാണ് ഉത്തരവാദിയെന്ന് ആത്മഹത്യക്കുറിപ്പില്‍ അനില്‍ പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചത് പോലീസും സിപിഎമ്മും ചേര്‍ന്നാണ്. മരണത്തിലെ സത്യാവസ്ഥ പുറത്തുവരണം. നിഷ്പക്ഷമായ അന്വേഷണം നടക്കണം. സിപിഎമ്മിന്റെ കോര്‍പ്പറേഷന്‍ ഭരണത്തിലും സംസ്ഥാന ഭരണത്തിലുമുള്ള അഴിമതിക്കഥകള്‍ കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. അതിനെ പ്രതിരോധിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് അനിലിന്റെ മരണം. രാഷ്ട്രീയ വേട്ട സിപിഎം അവസാനിപ്പിക്കണം. അനിലിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളേക്കുറിച്ച് അന്വേഷണം വേണം- അദ്ദേഹം പറഞ്ഞു.

സഹകരണ സംഘത്തില്‍നിന്ന് വായ്പ കൊടുക്കുന്ന എല്ലാവരും സംഘത്തിലെ ആള്‍ക്കാരാകും. അവര്‍ തിരിച്ചടക്കുമെന്ന വിശ്വാസത്തിലാണ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വായ്പ കൊടുക്കുന്നത്. അവരെ നമ്മുടെ ആളുകള്‍ എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റ്. നമ്മുടെ ആളുകള്‍ എന്ന് അനില്‍ പറഞ്ഞത് എല്ലാവരെയും ആണ്. സഹകരണ സംഘത്തില്‍നിന്ന് വായ്പ എടുത്ത എല്ലാവരെയും കുറിച്ചാണ്. ബിജെപിക്കാരെ മാത്രം അല്ലെന്നും മുരളീധരന്‍ പറഞ്ഞു. കരുവന്നൂരില്‍ 300 കോടി തട്ടിപ്പ് നടത്തിയിട്ടും പ്രസിഡന്റിനെ വിളിച്ച് വരുത്തിയില്ല. ഇവിടെ ആറു കോടി ബാധ്യത വന്നയാളെ വിളിപ്പിച്ചത് ആരുടെ താല്പര്യ പ്രകാരമാണെന്നും അദ്ദേഹം ആരാഞ്ഞു.

Similar News