വിപണികള്‍ മുതല്‍ വീടുകള്‍ വരെ 'ജിഎസ്ടി ബചത് ഉത്സവ്' ആഘോഷത്തില്‍; എല്ലാ മേഖലകളിലും സമ്പാദ്യം വര്‍ദ്ധിപ്പിക്കും; ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിയും; ജി എസ് ടി പരിഷ്‌കാരം എല്ലാ വീടുകളിലും പുഞ്ചിരി വിടര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; 'ഗര്‍വ് സേ കഹോ സ്വദേശി' സന്ദേശവുമായി പ്ലക്കാര്‍ഡ് കൈമാറി ഇറ്റാനഗറിലെ വ്യാപാരികളുമായി കൂടിക്കാഴ്ച
ജി എസ് ടി പരിഷ്‌കാരം എല്ലാ വീടുകളിലും പുഞ്ചിരി വിടര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ജിഎസ്ടി സമ്പാദ്യ ഉത്സവം രാജ്യത്തെ ഓരോ വീടുകളിലും ആരംഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വദേശി ഉല്‍പന്നങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും വേണം. ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചതാണെന്ന് ആത്മാഭിമാനത്തോടെ പറയാന്‍ കഴിയണം. രാജ്യത്ത് ഇന്ന് മുതല്‍ നടപ്പാക്കുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌കാരങ്ങള്‍ എല്ലാ വീടുകളിലും പുഞ്ചിരി വിടര്‍ത്തുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ജിഎസ്ടി നിരക്കുകള്‍ കുറച്ച നടപടിയിലൂടെ ഓരോ കുടുംബത്തിനും കൂടുതല്‍ സമ്പാദിക്കാനും ബിസിനസുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കാനും ഉള്ള വഴിയാണ് തുറന്നിട്ടുള്ളതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി തുറന്ന കത്തെഴുതുകയും ചെയ്തു.
വിപണികള്‍ മുതല്‍ വീടുകള്‍ വരെ, 'ജിഎസ്ടി ബചത് ഉത്സവ്' ആഘോഷത്തിന്റെ ആരവം സൃഷ്ടിച്ചിരിക്കുകയാണ്. ഒപ്പം ചെലവുകള്‍ കുറഞ്ഞത് ഓരോ വീട്ടിലും തിളക്കമാര്‍ന്ന പുഞ്ചിരിയും ഉറപ്പാക്കുന്നുവെന്നും പത്രങ്ങളിലെ ഒന്നാം പേജ് വാര്‍ത്തകള്‍ പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു. നവരാത്രി ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രി ജിഎസ്ടി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് രാജ്യത്തിന് തുറന്ന കത്തെഴുതിയിരിക്കുന്നത്. 'പരിഷ്‌കാരങ്ങള്‍ എല്ലാ മേഖലകളിലും സമ്പാദ്യം വര്‍ദ്ധിപ്പിക്കും. സംരംഭകരെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും (MSME) പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും ഇത് സഹായിക്കും' മോദി വ്യക്തമാക്കി. പരിഷ്‌കാരങ്ങള്‍ക്ക് മുന്‍പും ശേഷവുമുള്ള നികുതികള്‍ സൂചിപ്പിക്കുന്ന 'അന്നും ഇന്നും' ബോര്‍ഡുകള്‍ വിവിധ കടയുടമകളും വ്യാപാരികളും സ്ഥാപിക്കുന്നത് കാണുമ്പോള്‍ ഏറെ സന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍, 25 കോടിയിലധികം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ന്ന് മധ്യവര്‍ഗ്ഗത്തിലേക്ക് എത്തുകയും, സാമ്പത്തികമായി ശാക്തീകരിക്കപ്പെടുകയും ചെയ്തുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനത്തിന് നികുതി ഇല്ലാതാക്കുന്ന ആദായനികുതി ഇളവ് നല്‍കി മധ്യവര്‍ഗത്തെയും ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ആദായനികുതി ഇളവുകളും ജിഎസ്ടി പരിഷ്‌കാരങ്ങളും സംയോജിപ്പിച്ചാല്‍, ജനങ്ങള്‍ക്ക് ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ സമ്പാദ്യമാകും. നിങ്ങളുടെ ഗാര്‍ഹിക ചെലവുകള്‍ കുറയുകയും, ഒരു വീട് പണിയുക, വാഹനം വാങ്ങുക, വീട്ടുപകരണങ്ങള്‍ വാങ്ങുക, പുറത്തുനിന്ന് ഭക്ഷണം കഴിക്കുക, അല്ലെങ്കില്‍ ഒരു കുടുംബ യാത്ര ആസൂത്രണം ചെയ്യുക തുടങ്ങിയ അഭിലാഷങ്ങള്‍ നിറവേറ്റുന്നത് എളുപ്പമാവുകയും ചെയ്യും' പ്രധാനമന്ത്രി മോദി പറഞ്ഞു.
2047-ഓടെ വികസിത ഭാരതം എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും അത് നേടുന്നതിന് സ്വാശ്രയത്വത്തിന്റെ പാത അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പരിഷ്‌കാരങ്ങള്‍ നമ്മുടെ പ്രാദേശിക നിര്‍മ്മാണ അടിത്തറയെ ശക്തിപ്പെടുത്തുകയും ആത്മനിര്‍ഭര്‍ ഭാരതത്തിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. 'മെയ്ഡ് ഇന്‍ ഇന്ത്യ' ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കടയുടമകളോടും വ്യാപാരികളോടും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
'ഗര്‍വ് സെ കഹോ യെ സ്വദേശി ഹെ'
അതേ സമയം സ്വദേശി ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിലും വില്‍ക്കുന്നതിലും അഭിമാനമുണ്ടാകണമെന്നും അത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനു വഴിതെളിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്വദേശി ഉല്‍പന്നങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും വേണം. ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചതാണെന്ന് ആത്മാഭിമാനത്തോടെ പറയാന്‍ കഴിയണം. ഈ മന്ത്രം അരുണാചലിന്റെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെയും വികസനത്തിനു വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടിയെ പുകഴ്ത്തിയ പ്രധാനമന്ത്രി സംസ്ഥാനത്തെ വ്യാപാരികളുമായും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തി. 'ഗര്‍വ് സെ കഹോ യെ സ്വദേശി ഹെ' എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ അദ്ദേഹം വ്യാപാരികള്‍ക്കു കൈമാറി. അവ അഭിമാനത്തോടെ കടകള്‍ക്കു മുന്‍പില്‍ സ്ഥാപിക്കുമെന്ന് വ്യാപാരികള്‍ അദ്ദേഹത്തോടു പറഞ്ഞു.
''അരുണാചലിലേക്കുള്ള എന്റെ സന്ദര്‍ശനം വളരെ പ്രത്യേകതയുള്ളതായി മാറി. നവരാത്രിയുടെ ആദ്യ ദിവസം തന്നെ, ഇത്രയും മനോഹരമായ പര്‍വതനിരകള്‍ കാണാന്‍ എനിക്കു കഴിഞ്ഞു. അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ ഇന്ന് നടപ്പിലാക്കി. ജിഎസ്ടി സമ്പാദ്യോത്സവം ആരംഭിച്ചു. അരുണാചലില്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ സമാനതകളില്ലാത്ത വികസനമാണ് നടക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയെ ഞാന്‍ ഹൃദയംകൊണ്ടു സ്‌നേഹിക്കുന്നു. പ്രതിപക്ഷം ഒരിക്കലും അരുണാചലിനെ ശ്രദ്ധിച്ചിട്ടില്ല. ഒരു പ്രധാനമന്ത്രി എന്ന നിലയില്‍, ഞാന്‍ 70ല്‍ അധികം തവണ വടക്കുകിഴക്കന്‍ മേഖലയില്‍ വന്നിട്ടുണ്ട്. അതുകൊണ്ടാണ് നമ്മള്‍ ഹൃദയത്തിന്റെ ദൂരം മായ്ച്ചുകളയുകയും ഡല്‍ഹിയെ നിങ്ങളിലേക്ക് അടുപ്പിക്കുകയും ചെയ്തത്.
കോണ്‍ഗ്രസിനെ പോലുള്ള പാര്‍ട്ടികള്‍ കരുതിയത് വളരെ കുറച്ച് ആളുകളും രണ്ട് ലോക്സഭാ സീറ്റുകളും മാത്രമേ അരുണാചലില്‍ ഉള്ളൂ എന്നാണ്. കോണ്‍ഗ്രസിന്റെ ഈ മനോഭാവം അരുണാചലിനും മുഴുവന്‍ വടക്കുകിഴക്കന്‍ മേഖലയ്ക്കും കാര്യമായ ദോഷം വരുത്തിവച്ചു. ബിജെപി ഇന്ത്യയെ കോണ്‍ഗ്രസ് മനോഭാവത്തില്‍നിന്നു മോചിപ്പിച്ചു. ഡല്‍ഹി ഇപ്പോള്‍ വടക്കുകിഴക്കന്‍ മേഖലയുമായി കൂടുതല്‍ അടുത്തിരിക്കുന്നു'' - നരേന്ദ്ര മോദി പറഞ്ഞു. 5,100 കോടിയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് അരുണാചലില്‍ ഉദ്ഘാടനം ചെയ്തത്.