പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 23; സൂക്ഷ്മ പരിശോധന കഴിഞ്ഞ് പത്രിക പിന്‍വലിക്കുന്നത് മാര്‍ച്ച് 26നും; നാടിളക്കിയുള്ള പ്രചരണത്തിന് ഉള്ളത് 12 ദിവസം മാത്രം; ഭരണത്തിന്റെ ബലത്തില്‍ പണവും പ്രവര്‍ത്തകരുമായി എല്‍ഡിഎഫ് സജ്ജം; തര്‍ക്കങ്ങള്‍ ഒഴിയാത്ത കോണ്‍ഗ്രസിന് തലവേദന ബാക്കി; തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം ഷോക്കായത് യുഡിഎഫിന്
തര്‍ക്കങ്ങള്‍ ഒഴിയാത്ത കോണ്‍ഗ്രസിന് തലവേദന ബാക്കി; തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം ഷോക്കായത് യുഡിഎഫിന്
തിരുവനന്തപുരം: കേരളം വിധിയെഴുതാന്‍ ഇനി വെറും 24 ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പു പ്രഖ്യാപനം മുന്നണികള്‍ക്ക് ഞെട്ടലായിട്ടുണ്ട്. ഏപ്രില്‍ ഒന്‍പതിനാണ് കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മേയ് നാലിനും. ഏപ്രില്‍ അവസാനവാരമായിരിക്കും കേരളത്തില്‍ വോട്ടെടുപ്പ് നടക്കുകയെന്നാണ് രാഷ്ട്രീയപാര്‍ട്ടികളും പ്രവര്‍ത്തകരും കരുതിയിരുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നത്.
ഏറെ നേരത്തെയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഇതോടെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രചാരണരംഗത്ത് സജീവമാകേണ്ട നിലയാണുള്ളത്.ഏപ്രില്‍ ഒന്‍പതിനാണ് കേരളത്തിലെ വോട്ടെടുപ്പ്.
തിരഞ്ഞെടുപ്പ് പ്രധാന തീയതികള്‍ ഇങ്ങനെയാണ്:
പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി- മാര്‍ച്ച് 23
സൂക്ഷ്മ പരിശോധന- മാര്‍ച്ച് 24
പത്രിക പിന്‍വലിക്കാനുള്ള തീയതി- മാര്‍ച്ച് 26
വോട്ടെടുപ്പ്- ഏപ്രില്‍ 09
വോട്ടെണ്ണല്‍- മേയ് 04
കൃത്യമായി പറഞ്ഞാല്‍ 25-ാം നാള്‍ കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും. സ്ഥനാര്‍ഥി ചിത്രം തെളിഞ്ഞാല്‍ 12 ദിവസം മാത്രമാണ് നാടിളിക്കിയുള്ള പ്രചരണത്തിന് സമയമുള്ളത്. ഒരു ദിവസം നിശബ്ദ പ്രചാരണ ദിനമായി മാറും. സ്ഥാനാര്‍ത്ഥി നിര്‍ണയും ഏകദേശം പൂര്‍ത്തിയായതിന്റെ ആശ്വാസം എല്‍ഡിഎഫിനുണ്ട്. സിപിഐയാണ് ആദ്യമായി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. സിപിഎമ്മും പട്ടിക പുറത്തുവിട്ടു. ശക്തമായ സാന്നിധ്യമാകുമെന്ന് പ്രഖ്യാപിച്ച എന്‍ഡിഎ പട്ടിക നാളെ പുറത്തുവരും. പ്രവര്‍ത്തകരും ഭരണത്തിന്റെ ബലത്തില്‍ പണവുമുള്ള എല്‍ഡിഎഫിന് കാര്യങ്ങള്‍ എളുപ്പമാകും.
ഇനിയും പൂര്‍ണത വരാത്ത സ്ഥാനാര്‍ത്ഥി പട്ടിക യുഡിഎഫിന് തലവേദനയാകും. പുതുമുഖങ്ങളെ കളത്തില്‍ ഇറങ്ങിയാല്‍ അവരെ പരിചയപ്പെടുത്തുക പോലും ബുദ്ധിമുട്ടുള്ള കാര്യമായി മാറും. സ്ഥാനാര്‍ഥികള്‍ക്ക് പ്രചരണത്തിന് ഫണ്ട് കണ്ടെത്തലും റിസ്‌ക്കുള്ള കാര്യമാണ്. കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതോടെ വെറും മൂന്നാഴ്ച മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നണികള്‍ക്ക് മുന്നിലുള്ളത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും പ്രചാരണ മുന്നൊരുക്കങ്ങളുമായി ഒരാഴ്ച കഴിഞ്ഞാല്‍ പിന്നെ കൃത്യമായി രണ്ടാഴ്ച മാത്രമാണ് പ്രചാരണത്തിനായി ലഭിക്കുക.
ഭവന സന്ദര്‍ശനമടക്കം നിരവധി പ്രചാരണ മാര്‍ഗങ്ങളില്‍ നന്ന് മാറി നേരിട്ടുള്ള കാടിളക്കി പ്രചാരണത്തിലേക്ക് മുന്നണികള്‍ അതിവേഗം കടക്കുമെന്നത് തന്നെയാകും ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ കൂടി പരിഗണിച്ചാണ് ഏപ്രില്‍ രണ്ടാം വാരത്തില്‍ തന്നെ വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി മെയ് 23-ന് അവസാനിക്കാനിരിക്കെയാണ് ഈ തെരഞ്ഞെടുപ്പ്.
പശ്ചിമേഷ്യന്‍ യുദ്ധവും അന്താരാഷ്ട്ര തലത്തിലെ മാറ്റങ്ങളും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംപിടിക്കുന്ന സാഹചര്യത്തില്‍, ഈ തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിലും നിര്‍ണ്ണായകമാകും. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള കടുത്ത പോരാട്ടത്തിനൊപ്പം എന്‍ഡിഎയുടെ സാന്നിധ്യവും ഇത്തവണ ശക്തമാണ്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിയതിയിലെ അനിശ്ചിതത്വം മാത്രമായിരുന്നു ഇതുവരെ വിഷയം. നാളെ ഡല്‍ഹിയിലെത്തിയതിന് ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
''തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ല. എറണാകുളം ജില്ലയില്‍ ഒരു ഗ്രൂപ്പും ഇല്ല. ഗ്രൂപ്പിന്റെ പേരില്‍ സീറ്റ് വീതം വെക്കുന്ന കാലമൊക്കെ അസ്തമിച്ചു. ആ കാലമൊക്കെ കഴിഞ്ഞു. കേരളത്തില്‍ ഒരിടത്തും ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. നേതാക്കള്‍ ഒരുമിച്ചിരുന്ന് കൂടിയാലോചനകള്‍ നടത്തി ഓരോ സീറ്റിലേയും വിജയസാധ്യത കണക്കാക്കിയാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത്. ഒരു തര്‍ക്കവുമില്ല. 18 ാം തിയതിയായിരുന്നു തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നത്. പുതിയ സ്ഥാനാര്‍ഥികള്‍ക്ക് കുറച്ച് നാള്‍ മാത്രമേ കിട്ടൂ എന്നത് മാത്രമാണ് പ്രശ്നം.
കടുത്ത ചൂടിലേയ്ക്കാണ് കേരളം പോകുന്നത്. അപ്പോള്‍ എത്രയും വേഗം തെരഞ്ഞെടുപ്പ് നടക്കുന്നതല്ലേ നല്ലത്. യുഡിഎഫിലെ എല്ലാ ഘടകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്ക് അര മണിക്കൂര്‍ മതി. ഇന്ന് ലീഗുമായി അരമണിക്കൂറാണ് ചര്‍ച്ച നടന്നത്. യുഡിഎഫിന്റെ കാര്യമൊക്കെ നാളെ പറയാം. ധൃതി കൂട്ടേണ്ട കാര്യമില്ലല്ലോ'', വി ഡി സതീശന്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ ഒരു പുതുയുഗപ്പിറവിക്ക് തുടക്കമിടും. ഞങ്ങള്‍ പൂര്‍ണമായ പ്രതീക്ഷയോടു കൂടി നിറഞ്ഞ ആത്മവിശ്വാസത്തോടുകൂടി ടീം യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. നൂറിലധികം സീറ്റുമായി കേരളത്തില്‍ യുഡിഎഫ് അധികാരത്തിലേയ്ക്ക് തിരിച്ചുവരും എന്നാണ് വിശ്വാസമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
