ഷിന്‍ഡെ ശിവസേനയെ വെട്ടാന്‍ കൈകോര്‍ത്ത് ബിജെപിയും കോണ്‍ഗ്രസും! മഹാരാഷ്ട്രയിലെ അംബര്‍നാഥില്‍ കണ്ടത് അതിശയിപ്പിക്കുന്ന അട്ടിമറി; അകോലയില്‍ ഒവൈസിയുടെ എഐഎംഐഎമ്മുമായും കൂട്ടുകെട്ട്; കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യത്തിനിടെ പ്രാദേശിക സഖ്യത്തില്‍ ഞെട്ടി താക്കീതുമായി ഫട്‌നാവിസ്; മഹായുതിയില്‍ പോര് മുറുകുന്നോ?

ഷിന്‍ഡെ ശിവസേനയെ വെട്ടാന്‍ കൈകോര്‍ത്ത് ബിജെപിയും കോണ്‍ഗ്രസും!

Update: 2026-01-07 10:37 GMT

മുംബൈ: 'കോണ്‍ഗ്രസ് മുക്ത ഭാരതം' എന്ന മുദ്രാവാക്യം ദേശീയതലത്തില്‍ മുഴക്കുന്ന ബിജെപി, മഹാരാഷ്ട്രയിലെ ഒരു നഗരസഭയില്‍ അധികാരം പിടിക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. താനെ ജില്ലയിലെ അംബര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സിലിലാണ് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ചിരവൈരികളായ ബിജെപിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയത്. എന്നാല്‍ സംഭവം വിവാദമായതോടെ ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങള്‍ കര്‍ശന നടപടിയുമായി രംഗത്തെത്തി.

അംബര്‍നാഥിലെ വിചിത്ര സഖ്യം

അംബര്‍നാഥില്‍ അധികാരം പിടിക്കാന്‍ ബിജെപി, കോണ്‍ഗ്രസ്, അജിത് പവാര്‍ പക്ഷ എന്‍സിപി എന്നിവര്‍ ചേര്‍ന്ന് 'അംബര്‍നാഥ് വികാസ് അഘാഡി' എന്ന പേരില്‍ പുതിയ മുന്നണി രൂപീകരിക്കുകയായിരുന്നു.

ബിജെപിയുടെ 14 കൗണ്‍സിലര്‍മാരും, കോണ്‍ഗ്രസിന്റെ 12 കൗണ്‍സിലര്‍മാരും, എന്‍സിപി (അജിത് പവാര്‍) പക്ഷത്തിന്റെ 4 കൗണ്‍സിലര്‍മാരും ഒരു സ്വതന്ത്ര കൗണ്‍സിലറും അടങ്ങുന്നതാണ് സഖ്യം. ഈ സഖ്യത്തിന്റെ കരുത്തില്‍, ബിജെപി നേതാവ് തേജശ്രീ കരംജുലെ നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഷിന്‍ഡെ പക്ഷ ശിവസേനയ്ക്ക് അധികാരം നഷ്ടമായി.

കോണ്‍ഗ്രസില്‍ കൂട്ട സസ്പെന്‍ഷന്‍

ബിജെപിയുമായുള്ള സഖ്യം പാര്‍ട്ടി അച്ചടക്കത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി കര്‍ശന നടപടി എടുത്തു. അംബര്‍നാഥ് ബ്ലോക്ക് പ്രസിഡന്റ് പ്രദീപ് പാട്ടീലിനെ സസ്പെന്‍ഡ് ചെയ്തു. സഖ്യത്തില്‍ പങ്കാളികളായ എല്ലാ കോണ്‍ഗ്രസ് കൗണ്‍സിര്‍മാരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അംബര്‍നാഥ് ബ്ലോക്ക് കമ്മിറ്റി തന്നെ പിരിച്ചുവിട്ടു.

ദേവേന്ദ്ര ഫഡ്നാവിസിന്റെ താക്കീത്

കോണ്‍ഗ്രസുമായും എഐഎംഐഎം (AIMIM) ഉമായും പ്രാദേശിക തലത്തില്‍ ബിജെപി നേതാക്കള്‍ ഉണ്ടാക്കിയ സഖ്യം അംഗീകരിക്കാനാവില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. അംബര്‍നാഥിലെ സഖ്യത്തിന് പുറമെ അകോലയില്‍ എഐഎംഐഎമ്മുമായി ബിജെപി പ്രാദേശികമായി സഹകരിച്ചതും വലിയ വിവാദമായിരുന്നു. ഇത്തരം സഖ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും പാര്‍ട്ടി അച്ചടക്കലംഘനമാണെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അംബര്‍നാഥ്, അകോല എന്നിവിടങ്ങളിലെ മുനിസിപ്പല്‍ കൗണ്‍സിലുകളിലാണ് ബിജെപി പ്രാദേശിക നേതാക്കള്‍ വിവാദ സഖ്യങ്ങളിലേര്‍പ്പെട്ടത്.

പാര്‍ട്ടിയിലെ ഉന്നത നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് ഈ സഖ്യങ്ങളെന്നും, ഇവ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഫഡ്നാവിസ് ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. 'കോണ്‍ഗ്രസുമായോ എഐഎംഐഎമ്മുമായോ ഉള്ള ഒരു സഖ്യവും അംഗീകരിക്കില്ലെന്ന് ഞാന്‍ വ്യക്തമാക്കുന്നു. ഏതെങ്കിലും പ്രാദേശിക നേതാവ് സ്വന്തം നിലയില്‍ അത്തരം തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അത് അച്ചടക്കപരമായി തെറ്റാണ്, നടപടിയുണ്ടാകും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മഹായുതി'യില്‍ വിള്ളല്‍?

സംസ്ഥാനത്ത് ബിജെപിയും ഷിന്‍ഡെ സേനയും അജിത് പവാര്‍ പക്ഷവും ചേര്‍ന്ന് 'മഹായുതി' സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് പ്രാദേശിക തലത്തില്‍ ബിജെപി ഷിന്‍ഡെയെ തഴഞ്ഞത്. ഇതിനെതിരെ ശിവസേന (ഷിന്‍ഡെ പക്ഷം) കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് പറയുന്നവര്‍ അധികാത്തിന് വേണ്ടി കോണ്‍ഗ്രസിനെ കെട്ടിപ്പിടിക്കുന്നുവെന്ന് സേന നേതാക്കള്‍ ആരോപിച്ചു. മുതിര്‍ന്ന സഖ്യകക്ഷിയെ വഞ്ചിച്ച ബിജെപി നടപടി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമെന്ന് എംഎല്‍എ ബാലാജി കിനിക്കര്‍ മുന്നറിയിപ്പ് നല്‍കി.

അഴിമതിക്കെതിരായ പോരാട്ടമെന്ന് പ്രാദേശിക ബിജെപി

അതേസമയം, ഷിന്‍ഡെ സേനയുടെ അഴിമതിക്കെതിരെയാണ് തങ്ങള്‍ ഒന്നിച്ചതെന്നാണ് പ്രാദേശിക ബിജെപി നേതാക്കളുടെ വാദം. മുന്‍ നഗരസഭാ അധ്യക്ഷന്മാര്‍ അഴിമതിക്കേസില്‍ ജയിലിലായതും നഗരത്തിന്റെ വികസനവുമാണ് കോണ്‍ഗ്രസിനൊപ്പം ചേരാന്‍ പ്രേരിപ്പിച്ചതെന്ന് ഇവര്‍ അവകാശപ്പെടുന്നു.

കഴിഞ്ഞ മാസം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമാണ് ഈ സഖ്യങ്ങള്‍ ഉയര്‍ന്നുവന്നത്. അംബര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സിലില്‍, ബിജെപി നേതാക്കള്‍ കോണ്‍ഗ്രസുമായും അജിത് പവാര്‍ നേതൃത്വം നല്‍കുന്ന നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായും (എന്‍സിപി) ചേര്‍ന്ന് 'അംബര്‍നാഥ് വികാസ് അഘാഡി' എന്ന പേരില്‍ മുന്നണി രൂപീകരിച്ച് ഭരണം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. അതുപോലെ, അകോല ജില്ലയിലെ അകോട്ട് മുനിസിപ്പല്‍ കൗണ്‍സിലില്‍ എഐഎംഐഎം ഉള്‍പ്പെടെയുള്ള വിവിധ പാര്‍ട്ടികളുമായി ബിജെപി സഖ്യത്തിലേര്‍പ്പെട്ടു.

അംബര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സിലില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം രൂപീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് തള്ളി. പ്രാദേശിക തലത്തില്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന നടത്തുന്ന അഴിമതിക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ ഒന്നിച്ചതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം മാത്രമല്ലെന്നും, മറിച്ച് പാര്‍ട്ടി ബന്ധങ്ങള്‍ മാറ്റിവെച്ചുകൊണ്ട് വിവിധ കക്ഷി പ്രവര്‍ത്തകരും സ്വതന്ത്രരും 'അംബര്‍നാഥ് ഡെവലപ്മെന്റ് ഫ്രണ്ട്' രൂപീകരിച്ചതാണെന്നും സാവന്ത് വ്യക്തമാക്കി. ഭരണം സുരക്ഷിതമാക്കുന്നതിനും ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ ഒറ്റപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു ഈ നീക്കമെന്നാണ് സൂചന.

Tags:    

Similar News