മൈലപ്ര മൗണ്ട് ബദനി സ്‌കൂളില്‍ മോണോ ആക്ടിന് സമ്മാനം കിട്ടിയ വീണാ കുര്യാക്കോസ്; റെയില്‍വേ സ്‌റ്റേഷനില്‍ കെ എസ് യുക്കാര്‍ക്കെതിരെ ആക്രോശിച്ചതും പാഞ്ഞടുത്തതും ആരോഗ്യ കേരളത്തെ അവതാളത്തിലാക്കിയ ആരോഗ്യമന്ത്രി! ഇത് കത്രിക പൂട്ടില്ലാത്ത വീഡിയോ; അഭിനയത്തിന് അവാര്‍ഡ് നല്‍കണം; വീണാ ജോര്‍ജിന്റെ 'പരിക്ക്' നാടകം; ന്യൂസ് 18 കരളാ ചര്‍ച്ചയില്‍ താരമായി തൗഫീഖ് രാജന്‍

Update: 2026-02-26 05:34 GMT

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടെ ഉണ്ടായ പരിക്കിനെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. അതിനിടെ കെ എസ് യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മീഡിയാ കോഓര്‍ഡിനേറ്ററുമായ തൗഫീഖ് രാജന്‍ പുറത്തു വിട്ട വീഡിയോ വൈറലാകുകയാണ്. ഒപ്പം ന്യൂസ് 18 കേരളയിലെ തൗഫീഖിന്റെ വെളിപ്പെടുത്തലും. മന്ത്രിയുടെ പരിക്ക് വെറും 'അഭിനയം' മാത്രമാണെന്നും സഹതാപ തരംഗമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണെന്നുമാണ് കെ.എസ്.യു നേതാവിന്റെ ആരോപണം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പ്രതിഷേധത്തിന്റെ 'കത്രിക വെക്കാത്ത' ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് കെ.എസ്.യു സംസ്ഥാന നേതാവ് തൗഫീഖ് രാജന്‍ രംഗത്തെത്തിയത്.

സംഭവസമയത്ത് പ്ലാറ്റ്ഫോമില്‍ മന്ത്രിയോടൊപ്പം 40-ഓളം പോലീസുകാര്‍ ഉണ്ടായിരുന്നുവെന്നും വെറും നാല് കെ.എസ്.യു പ്രവര്‍ത്തകര്‍ ഈ സുരക്ഷാ വലയം ഭേദിച്ച് മന്ത്രിയെ ആക്രമിച്ചുവെന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണെന്നും കെ.എസ്.യു വാദിക്കുന്നു. റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സത്യാവസ്ഥ പുറത്തുവരും. മന്ത്രി പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രോശിക്കുന്ന ദൃശ്യങ്ങളാണ് തങ്ങള്‍ പുറത്തുവിട്ടതെന്നും കെ.എസ്.യു അവകാശപ്പെടുന്നു. ആരോഗ്യ മേഖലയിലെ വീഴ്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ എ.കെ.ജി സെന്ററില്‍ തയ്യാറാക്കിയ തിരക്കഥയാണിതെന്ന് തൗഫീഖ് ആരോപിച്ചു. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറിന്റെ സംവിധാനത്തിലാണ് ഈ നാടകം അരങ്ങേറുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

കണ്ണൂരിലെ പ്രതിഷേധത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പ് മട്ടന്നൂരിലെ പരിപാടിയില്‍ പങ്കെടുത്ത മന്ത്രിയുടെ ചിത്രങ്ങളാണ് കെ.എസ്.യു ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നത്. റെയില്‍വേ സ്റ്റേഷനിലെ പ്രതിഷേധത്തിന് മുന്‍പ് തന്നെ മന്ത്രിയുടെ കൈയില്‍ ബാന്‍ഡേജ് ഇട്ട ചിത്രം പുറത്തുവന്നതോടെ പരിക്കിന്റെ ഉറവിടത്തെച്ചൊല്ലി സംശയങ്ങള്‍ ഉയരുന്നു. 'അഭിനയ മികവിന് മികച്ച നടിക്കുള്ള പുരസ്‌കാരം തന്നെ വീണാ ജോര്‍ജിന് നല്‍കണം' എന്നാണ് തൗഫീഖ് രാജന്‍ പരിഹസിച്ചത്. സ്‌കൂള്‍ കാലഘട്ടത്തിലെ മോണോ ആക്ട് വിജയങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. മോണോ ആക്ടിന് വീണയ്ക്ക് സ്‌കൂള്‍ തലത്തില്‍ സമ്മാനം കിട്ടിയിരുന്നതായും തൗഫീഖ് പറയുന്നു. ആരോഗ്യ കേരളത്തെ അവതാളത്തിലാക്കി വീണയെന്നും പറയുന്നു. മൈലപ്ര മൗണ്ട് ബദനി സ്‌കൂളില്‍ പഠിക്കുമ്പോഴാണ് വീണാ കുര്യാക്കോസിന് മോണോ ആക്ടിന് സമ്മാനം കിട്ടിയതെന്നും തൗഫീഖ് പറയുന്നു. വീണാ കുര്യാക്കോസാണ് ഇപ്പോള്‍ വീണാ ജോര്‍ജ് എന്നാണ് തൗഫീഖിന്റെ ആരോപണം.

എന്നാല്‍, റെയില്‍വേ സ്റ്റേഷനില്‍ നടന്നത് കടുത്ത ആക്രമണമാണെന്നും മന്ത്രിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നുമാണ് സി.പി.എം നിലപാട്. പരിക്കേറ്റ മന്ത്രിയെ വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പക്ഷേ ശാരീരിക ആക്രമം തെളിയിക്കാന്‍ പോന്ന വീഡിയോയൊന്നും പുറത്തു വന്നിട്ടില്ല. അതിനിടെ വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയില്‍വേ സുരക്ഷാസേന (ആര്‍.പി. എഫ്.) തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് കേരള പോലീസിന് കീഴില്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഗവ. റെയില്‍വേ പോലീസ്, ആര്‍.പി.എഫിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതിനായി നടത്തിയ പരിശോധനയിലാണ് അത്തരം ദൃശ്യങ്ങളില്ലെന്ന് വ്യക്തമായത്.

സംഭവത്തിനുശേഷം ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാന്‍ റെയില്‍വേ പോലീസ് ആശുപത്രിയില്‍ എത്തിയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ അതിന് കഴിഞ്ഞില്ല. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴിയെടുത്താണ് പോലീസ് കേസുമായി മുന്നോട്ടുപോകുന്നത്. റെയില്‍വേ പ്ലാറ്റ്ഫോമില്‍ നടന്ന ക്രമസമാധാനപ്രശ്നമായതിനാല്‍ റെയില്‍വേ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നത്. സംഭവത്തില്‍ രാത്രിയോടെ കണ്ണൂര്‍ റെയില്‍വേ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. മന്ത്രിയുടെ മൊഴി നേരിട്ടെടുക്കാന്‍ കഴിയാതിരുന്നതിലാണ് നടപടി വൈകിയതെന്ന് അധികൃതര്‍ അറിയിച്ചു.

ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ കഴുത്തിന് ക്ഷതമേറ്റതായി ജില്ലാ ആശുപത്രി സൂപ്രണ്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. ആശുപത്രി സൂപ്രണ്ട് നിയോഗിച്ച വിദഗ്ധഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍സംഘം മന്ത്രിയെ പരിശോധിച്ചിരുന്നു. കഴുത്തിനേറ്റ ക്ഷതവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നിയോഗിച്ച വിദഗ്ധസംഘവും മന്ത്രിയെ പരിശോധിച്ചു. എം.ആര്‍.ഐ. സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ വേണമെന്ന് നിര്‍ദേശിച്ചതായും ബുള്ളറ്റിനില്‍ പറഞ്ഞു. നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മന്ത്രിക്ക് വ്യാഴാഴ്ച വിദഗ്ധ പരിശോധന നടത്തും.

Tags:    

Similar News