ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം; കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ല; സിപിഎം പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം; കള്ളപ്രചരണം തുടങ്ങിയത് സ്പീക്കറുമായി കൂടിയാലോചിച്ച ശേഷം; ആരോഗ്യ മന്ത്രിയുടെ പെടലി തിരിച്ചു എന്ന് പച്ചകള്ളം പറഞ്ഞ എം വി ഗോവിന്ദനെതിരെ കേസെടുക്കണം: വി ഡി സതീശന്‍

ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം

Update: 2026-02-26 06:28 GMT

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആരോഗ്യമന്ത്രി വീണ ജോര്‍ജ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് ആക്രമിക്കപ്പെട്ടുവെന്നത് വെറും 'അഭിനയം' മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ലെന്നും റെയില്‍വേ പോലീസ് നടത്തിയ അന്വേഷണത്തില്‍ അക്രമം നടന്നതിന് യാതൊരു തെളിവുമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ കഴുത്തും കൈയും കെ.എസ്.യു പ്രവര്‍ത്തകര്‍ പിടിച്ചുതിരിച്ചു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അക്രമത്തിന് പ്രകോപിപ്പിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു. ഇതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് റിമാന്‍ഡ് ചെയ്തത് തെറ്റായ നടപടിയാണെന്നും സര്‍ക്കാരിനെതിരായ ജനവികാരം വഴിതിരിച്ചുവിടാനാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ പച്ചക്കളളം പ്രചരിപ്പിക്കുന്നുവെന്നും സംസ്ഥാനത്ത് വ്യാപകമായ അക്രമം അഴിച്ചു വിടുകയാണെന്നുമാണ് സതീശന്‍ പറയുന്നത്. മന്ത്രിയുടെ അടുത്ത് കെഎസ്യു പ്രവര്‍ത്തകര്‍ എത്തിയിട്ടില്ലെന്നും പൊലീസ് പണിപ്പെട്ടാണ് ആരോഗ്യ മന്ത്രിയെ നിയന്ത്രിച്ചത്, ആരോഗ്യ മന്ത്രിയുടെ കയ്യിലെ മുറിവ് നേരത്തെ ഉള്ളതാണ്. മന്ത്രി തട്ടിവിട്ടത് പച്ചക്കള്ളമാണ്. ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യയായിരിക്കുകയാണ് അവര്‍. ഇതുകൊണ്ടൊന്നും രക്ഷപ്പെടില്ല. ഇപ്പോള്‍ സിപിഎം നടത്തുന്നത് ആടിനെ പട്ടിയാക്കുന്ന പ്രചരണമാണ്.

സ്പീക്കറുമായി കൂടിയാലോചിച്ച ശേഷമാണ് കള്ളപ്രചാരണം ആരംഭിച്ചത്. സ്പീക്കര്‍ ഗൂഢാലോചനയില്‍ പങ്കാളിയാവാന്‍ പാടില്ലായിരുന്നു. ആരോഗ്യ മന്ത്രിയുടെ പെടലി തിരിച്ചു എന്ന് പച്ചകള്ളം പറഞ്ഞു. ഇതിലൊന്നും ഭയന്ന് പിന്മാറില്ല. ജനകീയമായ പ്രതിഷേധങ്ങള്‍ ഞങ്ങള്‍ നടത്തും എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൂടാതെ, എല്‍ഡിഎഫ് നടത്തിയ മൂന്ന് ജാഥകള്‍ പൊളിഞ്ഞു പോയെന്നും അത് മനസ്സിലായപ്പോള്‍ പുതുയുഗ യാത്രയെ തകര്‍ക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. വീണ ജോര്‍ജ് അക്രമിക്കപ്പെട്ടു എന്ന് നുണ പറയുകയാണ്. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ പച്ചക്കള്ളമാണ് പറഞ്ഞത്. എംവി ഗോവിന്ദന്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല. ആരോഗ്യ മന്ത്രിയുടെ പിടലി തിരിച്ചു എന്ന് പച്ചക്കള്ളം പറഞ്ഞത് ഗോവിന്ദനാണ്. അക്രമത്തിന് ആഹ്വാനം ചെയ്തതിന് പാര്‍ട്ടി സെക്രട്ടറിക്കെതിരെ കേസെടുക്കണം. സ്പീക്കര്‍ തന്റെ പദവി മറന്ന് പഴയ എസ്എഫ്‌ഐകാരന്‍ ആയി എന്നും വിഡി സതീശന്‍ പറഞ്ഞു.

മന്ത്രിയെ വധിക്കാനായിരുന്നു ശ്രമമെന്നാണ് സിപിഎം ആരോപിക്കുന്നത്. വീണാ ജോര്‍ജിന്റെ കഴുത്തിന്റെ വലതു ഭാഗത്താണ് പരിക്കുള്ളതെന്നും കഴുത്ത് അനക്കാന്‍ ആകുന്നില്ലെന്നുംമാണ് എംവി ജയരാജന്‍ പ്രതികരിച്ചത്. മന്ത്രി നിന്നിരുന്നതിന്റെ വലതു ഭാഗത്തേക്ക് കറുത്ത തുണിയുമായി ഒരാള്‍ വരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പ്രതിഷേധത്തിന് അല്ല കൊലപാതകത്തിനാണ് ശ്രമിച്ചത്. റീത്ത് വെച്ച് മന്ത്രിയെ വധിക്കാനായിരുന്നു നീക്കമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമേഖലയിലെ തകര്‍ച്ചയും സര്‍ക്കാരിനെതിരായ ജനവികാരവും മറച്ചുവെക്കാനാണ് ഇത്തരമൊരു നാടകം ആസൂത്രണംചെയ്തതെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു. പ്ലാറ്റ്ഫോമിലൂടെ സാധാരണ രീതിയില്‍ നടന്നുപോയ മന്ത്രി പിന്നീട് ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിക്കപ്പെട്ടതും ഗൗരവകരമായ പരിക്കുകളില്ലെന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നതും ഈ നാടകത്തിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കയ്യിലുണ്ടായിരുന്ന കരിങ്കൊടിയുടെ ഒരു നൂലിഴ പോലും മന്ത്രിയുടെ ദേഹത്ത് തട്ടിയിട്ടില്ലെന്നും കരിങ്കൊടി മാരകായുധമാണോ എന്ന് പോലീസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം നേതാക്കളുടെ പ്രസ്താവനകളില്‍ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നത് വാസ്തവവിരുദ്ധമായ ഒരു കാര്യമാണെന്നും ഡിസിസി ഓഫീസ് ആക്രമിച്ചത് കണ്ണൂര്‍ ജില്ലയിലെ മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ അറിവോടെയാണെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. ആരോഗ്യവകുപ്പിനെതിരെയും സര്‍ക്കാരിനെതിരെയും ഉയരുന്ന ശക്തമായ പ്രതിഷേധത്തെ തടയുന്നതിനായി കെട്ടിച്ചമച്ച കള്ള പ്രചരണമാണിതെന്നും അത് ജനങ്ങള്‍ തള്ളിക്കളയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News