പാലക്കാട്ട് നീല ട്രോളി ബാഗില്‍ യുഡിഎഫ് പണം എത്തിച്ചെന്ന ആരോപണത്തില്‍ കഴമ്പില്ല; തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ ആയില്ലെന്നും തുടര്‍നടപടി ആവശ്യമില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട്; എസ്പിക്ക് റിപ്പോര്‍ട്ട് കിട്ടിയതോടെ തെളിയുന്നത് ഇടതുമുന്നണിയുടെ നാടകം; പാതിരാ റെയ്ഡിന് എസ്പിക്ക് നിര്‍ദ്ദേശം നല്കിയത് ആരെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍
നീലപ്പെട്ടി വിവാദത്തില്‍ തെളിവില്ല
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേതാക്കള്‍ നീല ട്രോള ബാഗില്‍ ഹോട്ടലില്‍ പണം എത്തിച്ചെന്ന ആരോപണത്തില്‍ തെളിവില്ലെന്ന് കണ്ടെത്തല്‍. തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ലെന്നും തുടര്‍ നടപടി ആവശ്യമില്ലെന്നുമാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി, പാലക്കാട് എസ്പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് നീല ട്രോളി ബാഗ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബാഗില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നീല ട്രോളി ബാഗില്‍ നിറയെ പണം കൊണ്ടുവന്നു എന്ന് എല്‍ഡിഎഫ്, ബിജെപി നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.
അന്് നടന്ന പാതിരാ റെയ്ഡ് സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നും പൊലീസിന് ഈ സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആകില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. ആരാണ് എസ്പിക്ക് നിര്‍ദ്ദേശം നല്‍കിയതെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു.
ബൂമറാങ്ങായ നീലപ്പെട്ടി വിവാദം
അമേരിക്കന്‍ ടൂറിസ്റ്ററിന്റെ ഒരു നീല ട്രോളി ബാഗിനെ ചൊല്ലിയായിരുന്നു വിവാദം. ഈ ബാഗില്‍ കൊണ്ടു വന്ന് കളളപ്പണം വിതരണം ചെയ്തുവെന്നായിരുന്നു സിപിഎം ആരോപണം. ഇത് കേട്ടപാടെ കേള്‍ക്കാത്ത പാടെ പോലീസ് പാലക്കാട്ടെ കെപിഎം റിജന്‍സി ഹോട്ടലില്‍ റെയ്ഡിനെത്തി. ഒന്നും കിട്ടിയില്ല. ആദ്യം ഷാനിമോള്‍ ഉസ്മാന്റേയും ബിന്ദു കൃഷ്ണയുടേയും മുറികളിലാണ് പോലീസ് എത്തിയത്. ബിന്ദു കൃഷ്ണയുടെ മുറിയില്‍ ഭര്‍ത്താവും ഉണ്ടായിരുന്നു. പോലീസ് എത്തിയപ്പോഴാണ് ഈ വസ്തുത പുറത്തായത്. പിന്നെ കഥ ട്രോളി ബാഗിലായി. രാഷ്ട്രീയ തിരിച്ചടി കുറയ്ക്കാനാണ് ടഅമേരിക്കന്‍ ടൂറിസ്റ്ററിന്റെ' നീല ബാഗ് എടുത്തിട്ട് അലക്കിയത്. ഈ വിവാദം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. അപ്രതീക്ഷിതമായി കോണ്‍ഗ്രസിനും രാഹുല്‍ മാങ്കൂട്ടത്തിലിനും നല്ലൊരു രാഷ്ട്രീയ ആയുധം കൊടുക്കുകയായിരുന്നു പാലക്കാട്ടെ അനാവശ്യ പാതിരാ റെയ്ഡ്.
പാലക്കാട്ടെ റെയ്ഡ് പതിവ് പരിശോധനയെന്നായിരുന്നു എസിപി വിശദീകരിച്ചത്. എന്നാല്‍ കള്ളപ്പണം കൊണ്ടു വന്ന് എന്ന വിവരം നല്‍കിയ ശേഷമുള്ള റെയ്ഡായിരുന്നു ഇതെന്ന് സിപിഎം നേതാക്കളുടെ പ്രതികരണത്തില്‍ വ്യക്തമായി. രാത്രി ഒന്‍പതരയോടെ ജ്യോതികുമാര്‍ ചാമക്കാലയും പിന്നീടു ഷാഫി പറമ്പിലും ഹോട്ടലില്‍ എത്തുന്നു. 10.38 നു രാഹുല്‍ മാങ്കൂട്ടത്തിലും എത്തുന്നു. അതിനു മുന്‍പേ തന്നെ നീല ട്രോളി ബാഗ് ഒരാള്‍ മുറിയില്‍ എത്തിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ കേസില്‍ പ്രതിയായ ഫെനി നൈനാന്‍ ആണത്. പിന്നീട് ഈ റൂമില്‍ നിന്നു ബാഗ് മറ്റൊരു റൂമിലേക്കു മാറ്റി. ഇതിനെല്ലാം ദൃക്സാക്ഷികളുണ്ട്. പൊലീസിനോട് ഇതെല്ലാം പറയും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും-ഇതായിരുന്നു സിപിഎം സെക്രട്ടറിയുടെ ആരോപണം. എന്നാല്‍ ഈ ബാഗ് പോയതിന് ശേഷമാണ് പോലീസ് റെയ്ഡ്. ആ ഹോട്ടലില്‍ നിന്നും ഒന്നും കിട്ടിയുമില്ല. പണമെല്ലാം എവിടെ പോയി എന്ന് ചോദിച്ചാല്‍ മറുപടി രാഹുല്‍ കൊണ്ടു പോയെന്നാണ്. രാഹുലാകട്ടെ റെയ്ഡിന് മുമ്പ് തന്നെ പോവുകയും ചെയ്തു. ഇത് പോലും മനസ്സിലാക്കാതെ എന്തിനാണ് റെയ്ഡിന് പോലീസിനെ അവിടെ എത്തിച്ചതെന്ന ചോദ്യത്തിന് ഉത്തരവുമില്ല. നവംബര്‍ 5 ന് രാത്രി റെയ്ഡ് നടത്തിയ പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ പോലീസ് പിറ്റേന്ന് വീണ്ടും പരിശോധന നടത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു. ഇതിനിടെ, പോലീസ് പിടിച്ചെടുത്ത സിസി ടിവി ദൃശ്യങ്ങള്‍ സിപിഎം പുറത്തു വിടുകയും ചെയ്തു.
പാലക്കാട് കെപിഎം റീജന്‍സിയിലേക്കു യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നീല ട്രോളി ബാഗില്‍ നിറയെ പണം കൊണ്ടുവന്നു എന്നായിരുന്നു എല്‍ഡിഎഫ്, ബിജെപി ആരോപണം. പണം കടത്താന്‍ ഉപയോഗിച്ചെന്ന് ആരോപിക്കുന്ന നീല ട്രോളി ബാഗുമായി ഉച്ചയോടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്തി. താന്‍ 10നും 11നും ഇടയില്‍ ഹോട്ടലില്‍ പോയിട്ടുണ്ട്. നീല ട്രോളി ബാഗില്‍ തന്റെ വസ്ത്രങ്ങളായിരുന്നു. അതും കൊണ്ടു കാറില്‍ കോഴിക്കോട്ടേക്കു പോയി. പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട്ടെത്തി. അസ്മ ടവര്‍ ഹോട്ടലിലാണു താമസിച്ചത്. ഞാന്‍ ഹോട്ടലിനു പിന്‍വാതിലിലൂടെ ഓടിപ്പോയെന്ന് ആരോപിക്കുന്നവരുണ്ട്. അങ്ങനെയെങ്കില്‍ സിസിടിവി പരിശോധിച്ചു ദൃശ്യങ്ങള്‍ പുറത്തുവിടണം-ഇതായിരുന്നു മാങ്കൂട്ടത്തിലിന്റെ ആവശ്യം.
കെപിഎം ഹോട്ടലില്‍ കെഎസ്യു നേതാവ് ഫെനി നൈനാന്‍ നീല ട്രോളി ബാഗുമായി നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടിരുന്നു. കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം തെളിയിക്കാന്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് നേരത്തെ സിപിഎം പറഞ്ഞിരുന്നു. എന്തായാലും തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നീലപ്പെട്ടി വിവാദം ഗുണം ചെയ്തില്ലെന്ന് മാത്രമല്ല തിരിച്ചടിയുമായി.