വരൻ വിവാഹ മണ്ഡപത്തിലെത്തിയിട്ടും ചടങ്ങുകൾ ആരംഭിക്കാനായില്ല; നേരം വൈകിയതോടെ അന്തരീക്ഷം മാറി; മേക്കപ്പ് ചെയ്യാൻ പോയ വധു വൈകിയതിന്റെ പേരിൽ വീട്ടുകാർ തമ്മിൽ കൂട്ടയടി; ഒടുവിൽ പോലീസെത്തിയപ്പോൾ സംഭവിച്ചത്

Update: 2025-11-04 10:56 GMT

ആഗ്ര: വധു മേക്കപ്പ് ചെയ്യാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിൽ ലാൽ പ്യാർ കി ധർമശാലയിൽ നടന്ന വിവാഹ ചടങ്ങിലാണ് സംഭവം. വരന്റെയും വധുവിന്റെയും കുടുംബങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിൽ വിവാഹ മണ്ഡപത്തിലെ അലങ്കാര വസ്തുക്കൾ നശിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വധു ഒരുങ്ങിയെത്താൻ വൈകിയതാണ് തർക്കങ്ങൾ ആരംഭിക്കാൻ കാരണം. വരൻ വിവാഹ മണ്ഡപത്തിലേക്ക് പ്രവേശിച്ചതോടെ സമാധാനപരമായ അന്തരീക്ഷം മാറി. വധുവിന്റെ വൈകിയുള്ള വരവിനെ ചൊല്ലി ഇരു കൂട്ടർക്കിടയിലും വാക്കുതർക്കമുണ്ടാവുകയും പിന്നീട് അത് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്തുണ്ടായിരുന്ന കുട്ടികളടക്കമുള്ളവർ പരിഭ്രാന്തരായി ഓടി രക്ഷപ്പെട്ടു.

വിവാഹ വീട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് വിവരമറിഞ്ഞെത്തിയ പൊലീസ് ഇരു വിഭാഗങ്ങളെയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. സമുദായത്തിലെ പ്രമുഖരുടെയും പ്രദേശവാസികളുടെയും ഇടപെടലിനെ തുടർന്ന് ഇരു കുടുംബങ്ങൾക്കിടയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ നിയമനടപടികളിലേക്ക് പോകുന്നില്ലെന്ന് ഇരു കൂട്ടരും തീരുമാനിച്ചു. തുടർന്ന് പരമ്പരാഗത ചടങ്ങുകളോടെ വിവാഹം പൂർത്തിയായി. 

Tags:    

Similar News