മാസ്മരിക കലാപ്രകടനങ്ങള്‍ ജ്വലിപ്പിച്ച രാവ്; നിറഞ്ഞ സദസിനെ സാക്ഷിയാക്കി മറുനാടന്‍ മലയാളിയുടെ സഹോദര സ്ഥാപനം ബ്രിട്ടീഷ് മലയാളിയുടെ പ്രഥമ ചാരിറ്റി അവാര്‍ഡ് നൈറ്റ്; മറക്കാനാവാത്ത അനുഭവമെന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി യുകെയിലെ ജീവകാരുണ്യ പ്രവര്‍ത്തകര്‍; അപൂര്‍വരാവിന്റെ വിശേഷങ്ങള്‍
ബ്രിട്ടീഷ് മലയാളിയുടെ പ്രഥമ ചാരിറ്റി അവാര്‍ഡ് നൈറ്റ്
ബര്‍മിങ്ഹാം: മാസ്മരിക കലാപ്രകടനങ്ങള്‍ ജ്വലിപ്പിച്ച രാവില്‍, യുകെയിലെ ജീവകാരുണ്യ പ്രവര്‍ത്തകരെ ആദരിക്കുന്ന പ്രഥമ ബ്രിട്ടീഷ് മലയാളി ചാരിറ്റി അവാര്‍ഡ് നൈറ്റ് പൊടിപൂരമായി. ബര്‍മിങ്ങാമിലെ വാഷ്വുഡ് ഹീത്ത് അക്കാഡമിയില്‍ വച്ചു നടന്ന ആദ്യ അവാര്‍ഡ് നൈറ്റില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് പ്രഥമ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ ആദരണീയരായ ചാരിറ്റി പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയത്. മറുനാടന്‍ മലയാളിയുടെ സഹോദര സ്ഥാപനമാണ് ബ്രിട്ടീഷ് മലയാളി.
മികച്ച ചാരിറ്റി പ്രവര്‍ത്തകര്‍, മികച്ച ചാരിറ്റി സംഘടനകള്‍, മികച്ച യൂത്ത് ചാരിറ്റി പ്രവര്‍ത്തകര്‍, മികച്ച ജൂനിയര്‍ ചാരിറ്റി പേഴ്‌സണാലിറ്റി, ലൈഫ് ടൈം ചാരിറ്റി അച്ചീവ്‌മെന്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ആദ്യ അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
അവാര്‍ഡുകള്‍ കൂടുതലും കൈപ്പറ്റിയത് കുട്ടികളും യുവാക്കളും
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചവരെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ പ്രഥമ ചാരിറ്റി അവാര്‍ഡ് നൈറ്റിലൂടെ ആദരിച്ചപ്പോള്‍ ആരോഗ്യ മേഖലയിലെ മികച്ച ചാരിറ്റി പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരം ലണ്ടനിലെ യുവ ഡോക്ടര്‍ വീണ ബാബുവും സാമൂഹിക മേഖലയിലെ മികച്ച സേവനത്തിന് ക്രോയ്‌ഡോണിലെ അശോക് കുമാറും അര്‍ഹനായി.
ഡോ. വീണയ്ക്ക് ഒളിമ്പ്യന്‍ ബോബി അലോഷ്യസ് പുരസ്‌കാരം സമ്മാനിച്ചപ്പോള്‍ അശോക് കുമാറിന് കോണ്‍സുലേറ്റ് ജനറല്‍ പ്രതിനിധി ആശിഷ് ചൗഹാന്‍ ആണ് പുരസ്‌കാരം കൈമാറിയത്. അവാര്‍ഡ് കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ സനല്‍ പണിക്കര്‍ വീണയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോള്‍ ബിഎംസിഎഫ് ട്രസ്റ്റി അഫ്സല്‍ അലി ബൊക്കെ കൈമാറി. അതോടൊപ്പം സട്ടണ്‍ കോള്‍ഡ്ഫീല്‍ഡ് മലയാളി സംഗമം ജിജി വരിക്കാശ്ശേരി അശോക് കുമാറിന് സര്‍ട്ടിഫിക്കറ്റും ബിഎംസിഎഫ് ട്രസ്റ്റി ജോര്‍ജ്ജ് എടത്വാ ബൊക്കെയും സമ്മാനിച്ചു.
അകാലത്തില്‍ പ്രമേഹരോഗം മൂലം വേര്‍പെട്ട തന്റെ മാതാവിന്റെ ഓര്‍മ്മക്കായി വീണ ആരംഭിച്ച സദ എന്ന ചാരിറ്റിയിലൂടെ നിരവധി മക്കള്‍ക്ക് പ്രമേഹ രോഗികളായ മാതാപിതാക്കളോടൊപ്പം ദീര്‍ഘകാലം കഴിയാന്‍ അവസരം ഒരുക്കുന്നു എന്ന് പറഞ്ഞപ്പോള്‍ സദസ്സ് കരഘോഷത്തോടെയാണ് ആ വാക്കുകള്‍ സ്വീകരിച്ചത്.
തന്റെ 54-ാം വയസില്‍ ചാരിറ്റി ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി മാരത്തണുകള്‍ ഓടാന്‍ തുടങ്ങിയ അശോക് കുമാര്‍ 65-ാം വയസിലും ആ ഓട്ടം തുടരുകയാണ്. വ്യായാമം ചെയ്യാതിരിക്കാന്‍ ഒരുപിടി കാരണങ്ങള്‍ ഉണ്ടാവുമ്പോള്‍ വ്യായാമത്തിനായി ഒരു കാരണം കണ്ടെത്തുന്നതിലാണ് നമ്മുടെ വിജയം എന്ന് തന്റെ മറുപടി പ്രസംഗത്തില്‍ അശോക് കുമാര്‍ പറഞ്ഞു.
ജൂനിയര്‍ വിഭാഗത്തില്‍ ഷൂസ്ബെറിയില്‍ താമസിക്കുന്ന ജസ്റ്റിന്‍-ജെയ്‌സണ്‍- ജെയ്ഡന്‍ സഹോദരങ്ങളാണ് പുരസ്‌കാരം നേടിയത്. ഇവര്‍ക്ക് ജെയിന്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ടോം ജോസഫ് ആണ് പുരസ്‌കാരങ്ങള്‍ കൈമാറിയത്. ബിമാ പ്രതിനിധി പത്മ കുമാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോള്‍ ബിഎംസിഎഫ് ട്രസ്റ്റി രശ്മി പ്രകാശ് ബൊക്കെ സമ്മാനിച്ചു. യൂത്ത് വിഭാഗത്തില്‍ ലീഡ്സിലെ ഡാനിയേല്‍ കുന്നേല്‍ ആണ് ജേതാവായത്. കൗണ്‍സിലര്‍ ഡോ. നിതീഷ് പോള്‍ ഡാനിയേലിന് പുരസ്‌കാരം നല്‍കി. കേരളവേദി ബിര്‍മിങാം പ്രതിനിധി മാര്‍ട്ടിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ബിഎംസിഎഫ് ട്രസ്റ്റി ബിന്ദു കലരാജ് ബൊക്കെയും നല്‍കി.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഫണ്ട് ശേഖരണ പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിത്തത്തിനുള്ള പ്രത്യേക പുരസ്‌കാരം ലണ്ടനിലെ സെന്റ് മേരീസ് ഡെറിസ്വുഡ് ആശ്രമത്തില്‍ താമസിക്കുന്ന ഫാ. ജോര്‍ജ് പുത്തൂരും കരസ്ഥമാക്കി. പുരസ്‌കാര ദാനം ബ്രിട്ടീഷ് മലയാളി റെസിഡന്റ് എഡിറ്റര്‍ കെ ആര്‍ ഷൈജുമോന്‍ നിര്‍വ്വഹിച്ചു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സാബു ചുണ്ടക്കാട്ടില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തപ്പോള്‍ ബിഎംസിഎഫ് ട്രസ്റ്റി ഷാജി ലൂക്കോസ് ബൊക്കെ നല്‍കി.
പരസ്നേഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ മുന്‍തൂക്കം കൊടുക്കുന്ന മലയാളി അസോസിയേഷനുള്ള പുരസ്‌കാരം ഈസ്റ്റ് സസെക്‌സിലെ 'എസ്മ' നേടിയപ്പോള്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും മികച്ച ചാരിറ്റി സംഘടനക്കുള്ള അവാര്‍ഡ് സൗത്താംപ്ടണിലെ മദേഴ്‌സ് ചാരിറ്റിയ്ക്ക് കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് സമ്മാനിച്ചപ്പോള്‍ എസ്മയ്ക്ക് ഒല്‍മ്പ്യന്‍ ബോബി അലോഷ്യസ് ആണ് പുരസ്‌കാരം നല്‍കിയത്. എസ്മയ്ക്ക് ബിസിഎംസി പ്രതിനിധി സോജന്‍ നമ്പ്യാംപറമ്പിലും മദേഴ്സ് ചാരിറ്റിയ്ക്ക് മിനിജ ജോസഫും സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചപ്പോള്‍ ബിഎംസിഎഫ് ട്രസ്റ്റി ഗ്രീഷ്മ ഫ്രാന്‍സിസും വൈസ് ചെയര്‍മാന്‍ പ്രസന്നാ ഷൈനുമാണ് ഇരുവര്‍ക്കും ബൊക്കെ നല്‍കിയത്.
ഇക്കഴിഞ്ഞ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്‌കൈ ഡൈവിംഗ് അപ്പീലില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് സമാഹരിച്ചതിന് സീനിയര്‍ വിഭാഗത്തില്‍ പുരസ്‌കാരം നേടിയത് ബോള്‍ട്ടണിലെ ഷൈനു ക്ലെയര്‍ മാത്യൂസ് ആണ്. ജൂനിയര്‍ വിഭാഗത്തില്‍ മാഞ്ചസ്റ്ററിലെ നോയല്‍ സാബുവുമാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. അടിയന്തിര സാഹചര്യങ്ങള്‍ കാരണം ഷൈനുവിന് അവാര്‍ഡ് ദാന വേദിയിലേക്ക് എത്താന്‍ സാധിക്കാതെ വന്നതിനാല്‍ ഷെഫ് ജോമോന്‍ ആണ് ഷൈനുവിന് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്.
എര്‍ഡിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ പ്രതിനിധി ജോര്‍ജ്ജ് കാഞ്ഞിരത്തുംകുഴിയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോള്‍ ബിഎംസിഎഫ് ട്രസ്റ്റി ടോമിച്ചന്‍ കൊഴുവനാല്‍ ബൊക്കെ നല്‍കി. അതേസമയം, നോയല്‍ സാബുവിന് ബ്രിട്ടീഷ് മലയാല്‍ റെസിഡന്റ് എഡിറ്റര്‍ കെ ആര്‍ ഷൈജുമോന്‍ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍ മിഡ്ലാന്റ്സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ നോബിള്‍ കുര്യന്‍ സര്‍ട്ടിഫിക്കറ്റും ബിഎംസിഎഫ് ട്രസ്റ്റി ഫ്രാന്‍സിസ് ആന്റണി ബൊക്കെയും നല്‍കി. സ്ഥാപക ചെയര്‍മാന്റെ ട്രസ്റ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് ബിഎംസിഎഫ് ട്രസ്റ്റി ഷാജി ലൂക്കോസ് അര്‍ഹനായി.
സാഹോദര്യത്തിന്റെ ഏറ്റവും മനോഹര കാഴ്ചകളുടെ പ്രവാസി ജീവിതം
സാഹോദര്യത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ ഇപ്പോള്‍ യുകെ മലയാളികള്‍ക്കിടയില്‍ ആണെന്നതിന്റെ തെളിവാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ എത്തിനില്‍ക്കുന്ന ഉന്നതിയെന്നു ബെസ്റ്റ് ജൂനിയര്‍ ചാരിറ്റി അവാര്‍ഡ് വിതരണം നടത്തവേ ജെയിന്‍ യൂണിവേഴ്‌സിറ്റി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ടോം ജോസഫ് വ്യക്തമാക്കി.
ഏറ്റവും കൂടുതല്‍ ചെറുപ്പക്കാരുമായി ദിവസവും സംവദിക്കേണ്ടി വരുന്ന ജോലി ചെയ്യുന്നതിനാല്‍ ആണ് തനിക്ക് പിറന്ന നാടിനെ കുറിച്ച് ഇത്തരം ഒരു നിരീക്ഷണം നടത്തേണ്ടി വന്നതെന്നും അദ്ദേഹം തുടര്‍ന്നു. കുട്ടികളില്‍ പോലും പരസ്പര സഹായത്തിന്റെയും ജീവകാരുണ്യത്തിന്റെയും സന്ദേശം പടര്‍ത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റേതു പോലെയുള്ള കാഴ്ചകള്‍ ഇപ്പോള്‍ യുകെയില്‍ നിന്നും കണ്ടു പഠിക്കേണ്ട അവസ്ഥയിലേക്ക് എത്തുകയാണ് കേരളത്തിലെ യുവത്വം.
കേരളത്തിലും മറ്റും സിനിമയിലെ ബാലതാരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുമെങ്കിലും കുട്ടികളില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടെത്തി ആദരിക്കുന്ന അവാര്‍ഡുകള്‍ ഉണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം തുടര്‍ന്നു. ബെസ്റ്റ് ജൂനിയര്‍ അവാര്‍ഡ് ഷ്രൂസ്ബെറിയിലെ ജസ്റ്റിന്‍ - ജെയ്‌സണ്‍ - ജെയ്ഡന്‍ എന്നീ സഹോദരങ്ങള്‍ക്ക് നല്‍കി സംസാരിക്കുക ആയിരുന്നു ജെയിന്‍. കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ ലഭിച്ച അവസരം ഭാഗ്യമായാണ് കരുതുന്നതെന്നും 2007 മുതല്‍ യുകെ മലയാളിയായ ടോം ജോസഫ് ചൂണ്ടിക്കാട്ടി.
നാളേയ്ക്ക് മികച്ച മാതൃകയായി ബ്രിട്ടീഷ് മലയാളി ചാരിറ്റി അവാര്‍ഡ് നൈറ്റ്
ഒരു നന്ദി വാക്ക് പോലും ആരില്‍ നിന്നും പ്രതീക്ഷിക്കാതെ ചാരിറ്റി പ്രവര്‍ത്തനത്തിന് ഇറങ്ങിയ തങ്ങള്‍ക്ക് ഇപ്പോള്‍ ലഭിച്ച അംഗീകാരം ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായി എന്നും കൂടെയുണ്ടാകും എന്നാണ് അവാര്‍ഡ് ജേതാക്കള്‍ പ്രതികരിച്ചത്. ബര്‍മിങാമിലെ വേദിയില്‍ നിന്നും അഭിമാനാര്‍ഹമായ ഈ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ സാധിച്ചതും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഭാഗമാകാന്‍ സാധിച്ചതും ജീവിതത്തിലെ എക്കാലത്തേയും അവിസ്മരണീയ നിമിഷങ്ങളാണെന്ന് സൂചിപ്പിച്ചവരാണ് ചാരിറ്റി പ്രവര്‍ത്തകര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്.
നാളെകളില്‍ യുകെയില്‍ കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങാനും ബര്‍മിങാമില്‍ പിറന്ന ആദ്യ ചാരിറ്റി അവാര്‍ഡ് നൈറ്റ് കാരണമായി മാറുമെന്നും തിങ്ങി നിറഞ്ഞ സദസില്‍ നിന്നും അഭിപ്രായം ഉണ്ടായതും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച ബിഎംസിഎഫ് ട്രസ്റ്റിമാര്‍ക്കും ഉപദേശക സമിതി അംഗങ്ങള്‍ക്കും ബര്‍മിങാമിലെ ആറു പ്രധാന മലയാളി സംഘടനകള്‍ക്കും കൂടിയുള്ള അംഗീകാര പത്രമായി വിലയിരുത്തപ്പെടുകയാണ്.
അരങ്ങിനെ തീ പിടിപ്പിച്ച് കലാ വിരുന്ന്
അഞ്ചര മണിക്കൂര്‍ നീണ്ടുനിന്ന അവാര്‍ഡ്സ് വിതരണത്തിന് ആവേശം പകര്‍ന്നു നല്‍കിയത് ഇടതടവുകളില്ലാതെ ഒഴുകിയെത്തിയ കലാവിസ്മയ പ്രകടനങ്ങള്‍ തന്നെയായിരുന്നു. അവാര്‍ഡ് നൈറ്റ് പോലെയുള്ള വേദികള്‍ക്ക് മാസ്മരിക പ്രകടനം നടത്തുന്ന കലാകാരന്‍മാര്‍ അവിഭാജ്യ ഘടകം ആകുമ്പോള്‍ ബര്‍മിങാമിലെ ആദ്യ അവാര്‍ഡ് നൈറ്റിന് ജീവന്‍ നല്‍കി ജ്വലിപ്പിച്ചതും വേദിയില്‍ നിറഞ്ഞാടിയ നൂറിലേറെ കലാകാരന്മാരും കലാകാരികളും തന്നെയാണ്.
വേദിയെ അരങ്ങുണര്‍ത്താന്‍ എത്തിയ ഇടയ്ക്ക കൊട്ടി കയറിയ സോപാന സംഗീതം മുതല്‍ ഓരോ കാഴ്ചയും വ്യത്യസ്തതയുടേത് ആയിരുന്നു എന്നതും ആദ്യ ചാരിറ്റി അവാര്‍ഡ്സിന്റെ ഹൈലൈറ്റായി മാറുകയായിരുന്നു.
നാലുമണിക്കൂര്‍ നേരത്തേക്ക് വിഭാവനം ചെയ്ത അവാര്‍ഡ് നൈറ്റ് കലാവിരുന്നിലേയ്ക്ക് തെക്കന്‍ ലണ്ടന്റെ പ്രാന്ത നഗരമായ ഗാട്വിക് മുതല്‍ ഡെര്‍ബിയും ലെസ്റ്ററും കവന്‍ട്രിയും കടന്നു ബിര്‍മിന്‍ഹാമിലെ കലാപ്രവര്‍ത്തകരെ കൂടി എത്തിക്കാനായതോടെ മുന്‍ ധാരണയില്‍ നിന്നും ഒന്നര മണിക്കൂര്‍ കൂടി വൈകി അഞ്ചര മണിക്കൂറിലേക്ക് വളരുകയായിരുന്നു ആദ്യ അവാര്‍ഡ് നൈറ്റ്.
തീ പിടിക്കുന്ന നൃത്ത വേദി എന്നാണ് സംഘാടകര്‍ അവകാശപ്പെട്ടിരുന്നതെങ്കില്‍ ഇന്നലെ പലവട്ടം വേദിയില്‍ തീമഴ തന്നെ പെയ്യുന്ന കാഴ്ചയാണ് കാണാനായത്.
ചിത്രങ്ങള്‍ കടപ്പാട്: റെജി കോശി സൗത്താംപ്ടണ്‍