'തുടരണോ കോഴിമന്ത്രി'; തമ്പാനൂരില്‍ ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; കെഎസ്ആര്‍സിയില്‍ മന്ത്രിക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ചു; പ്രതിഷേധം കനക്കുമ്പോഴും ആ ചാപ്റ്റര്‍ ക്ലോസ് ചെയ്ത് സര്‍ക്കാര്‍; ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണത്തില്‍ തുടര്‍ നടപടികളുണ്ടാവില്ല; പോലീസിന് വീഴ്ചയില്ലെന്നും റിപ്പോര്‍ട്ട്

'തുടരണോ കോഴിമന്ത്രി'; തമ്പാനൂരില്‍ ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Update: 2026-03-11 08:47 GMT

തിരുവനന്തപുരം: തമ്പാനൂരില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലാണ് പ്രതിഷേധമുണ്ടായത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിപ്പോയ്ക്കുള്ളില്‍ പ്രതിഷേധവുമായി എത്തിയത്. സമരത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ബസ്സുകളില്‍ മന്ത്രിക്കെതിരായ പോസ്റ്ററുകള്‍ പ്രവര്‍ത്തകര്‍ പതിപ്പിച്ചു. 'തുടരണോ ഈ കോഴിമന്ത്രി' എന്നെഴുതിയ പോസ്റ്ററാണ് പ്രവര്‍ത്തകര്‍ ബസ്സിലും പരിസരത്തും പതിപ്പിച്ചത്.

പോസ്റ്ററുകള്‍ നീക്കംചെയ്യാനെത്തിയ പോലീസും പ്രതിഷേധക്കാരും തമ്മില്‍ തമ്പാനൂര്‍ ഡിപ്പോയില്‍വെച്ച് സംഘര്‍ഷമുണ്ടായി. പ്രതിഷേധത്തിനിടെ പോലീസുകാരനെ മര്‍ദിച്ചു എന്നാരോപിച്ച് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് സ്ഥിതിഗതി രൂക്ഷമാവുകയായിരുന്നു. പോലീസ് പോസ്റ്ററുകള്‍ കീറാന്‍ ശ്രമിച്ചത് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ പോലീസുമായി ഉന്തും തള്ളും ഉണ്ടായി.

അതേസമയം വിഷയത്തില്‍ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഒത്തുതീര്‍പ്പായ സാഹചര്യത്തില്‍ തുടര്‍ നടപടി വേണ്ടെന്ന് എസ്പിക്ക് നിര്‍ദേശം നല്‍കി. മന്ത്രി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന ബിന്ദുവിന്റെ പ്രതികരണം കണക്കിലെടുത്താണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് ബിന്ദു മേനോന്റെ മൊഴിയെടുക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. പരാതിക്കാരിക്ക് പരാതിയില്ലെന്ന് പറഞ്ഞത്തോട് കൂടിയാണ് തുടര്‍ നടപടികള്‍ അവസാനിപ്പിച്ചത്. നിലവില്‍ കേസിന്റെ ഭാഗമായി ലഭിച്ച എല്ലാ പരാതികളും ഡിജിപി കൊല്ലം റൂറല്‍ എസ്പിക്ക് കൈമാറിയിട്ടുണ്ട്.

മന്ത്രി കെബി ഗണേഷ് കുമാറിന്റെ ഭാര്യയുടെ ആരോപണത്തില്‍ പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്ന് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരെയും പരാതികള്‍ വന്നിരുന്നു. കേസ് ഒത്തുതീര്‍പ്പായതോടെ ഈ പാരതികളിലും നടപടിയുണ്ടാവില്ല. പൊലീസ് ആസ്ഥാനത്തേക്ക് നിരവധി പരാധികള്‍ എത്തിയിരുന്നു. എന്നാല്‍ കേസില്‍ പൊലീസ് സ്വീകരിച്ച നടപടികളില്‍ വീഴ്ചകളുണ്ടായില്ലെന്നാണ് വിലയിരുത്തല്‍.

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണവുമായി ബന്ധപ്പെട്ടുള്ള വിവാദം ഒത്തുതീര്‍പ്പാക്കിയിരുന്നു. ഗണേഷ് കുമാര്‍ തന്നെ വിളിച്ച് മാപ്പ് പറഞ്ഞതായി ഭാര്യ ബിന്ദു മേനോന്‍ പ്രതികരിച്ചിരുന്നു. സംഭവത്തില്‍ താന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും മാപ്പ് പറഞ്ഞ സ്ഥിതിക്ക് ഇനി മറ്റു ചര്‍ച്ചകളുടെ ആവശ്യമില്ലെന്നുമായിരുന്നു ബിന്ദു മേനോന്റെ നിലപാട്.

Tags:    

Similar News