'ഇത് ആ ക്രിക്കറ്റ് താരം ശിവം ദുബെയാണോ?' എന്ന് ടിക്കറ്റ് പരിശോധിക്കാനെത്തിയ ടി.ടി.ഇ; 'അദ്ദേഹം എന്തിനാണ് ഇവിടെ വരുന്നത്?' എന്ന് ഭാര്യ അന്‍ജുവിന്റെ മറുപടി; ആരാധകര്‍ തിരിച്ചറിയാതിരിക്കാന്‍ റെയില്‍വേയുടെ പുതപ്പിനുള്ളില്‍ മുഖം മറച്ച് സയാജി എക്‌സ്പ്രസ്സിലെ അപ്പര്‍ ബെര്‍ത്തില്‍ സാഹസിക യാത്ര; മക്കളെ കാണാനുള്ള തിടുക്കത്തില്‍ ലോകകപ്പിലെ 'ആക്ഷന്‍ ഹീറോ'യുടെ ട്രെയിന്‍ യാത്ര അറിഞ്ഞ് ഞെട്ടി സഹതാരങ്ങളും
മുംബൈ: ട്വന്റി 20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയ ഇന്ത്യന്‍ ടീമിന്റെ ജൈത്രയാത്രയില്‍ ആദ്യ മത്സരം മുതല്‍ ഫൈനല്‍ വരെയുള്ള കുതിപ്പില്‍ ശിവം ദുബെയുടെ 'കാമിയോ' ഇന്നിംഗ്‌സുകള്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ മത്സര ശേഷം എത്രയും വേഗം വീട്ടിലെത്തി മക്കളെ നേരിട്ടുകാണാനുള്ള തിടുക്കത്തില്‍ ശിവം ദുബെ നടത്തിയ സാഹസിക ട്രെയിന്‍ യാത്രയാണ് ഇപ്പോള്‍ ആരാധകരെ വിസ്മിയിപ്പിച്ചിരിക്കുന്നത്. കലാശപ്പോരാട്ടം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഒരു സാധാരണക്കാരനായി ട്രെയിനിന്റെ അപ്പര്‍ ബെര്‍ത്തില്‍ യാത്ര ചെയ്ത വാര്‍ത്ത ഏറെ കൗതുകകരമാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരെ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച് ഇന്ത്യയെ വിജയതീരത്തെത്തിച്ച 'ആക്ഷന്‍ ഹീറോ' റെയില്‍വേയുടെ പുതപ്പിനുള്ളില്‍ മുഖം മറച്ചാണ് മുംബൈയിലേക്ക് മടങ്ങിയത്.
ഫൈനല്‍ മത്സരത്തിന് പിന്നാലെ മുംബൈയിലേക്കുള്ള വിമാന ടിക്കറ്റുകള്‍ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. എന്നാല്‍ തന്റെ നാല് വയസ്സുകാരനായ മകന്‍ അയാനെയും രണ്ട് വയസ്സുകാരിയായ മകള്‍ മെഹ്വിഷിനെയും കാണാന്‍ ദുബെക്ക് അത്രമേല്‍ തിടുക്കമുണ്ടായിരുന്നു. റോഡ് മാര്‍ഗ്ഗം പോകുന്നതിനേക്കാള്‍ വേഗത്തില്‍ എത്താം എന്നതിനാലാണ് അദ്ദേഹം ട്രെയിന്‍ യാത്ര തിരഞ്ഞെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ അഹമ്മദാബാദ്-മുംബൈ സയാജി എക്‌സ്പ്രസ്സിലെ എസി 3 ടയര്‍ കോച്ചിലാണ് ദുബെയും ഭാര്യ അന്‍ജുമും ഒരു സുഹൃത്തും യാത്ര ചെയ്തത്. ആരാധകര്‍ തിരിച്ചറിഞ്ഞാല്‍ ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ റെയില്‍വേയുടെ തവിട്ടുനിറത്തിലുള്ള പുതപ്പ് ഉപയോഗിച്ച് മുഖം മറച്ചാണ് അദ്ദേഹം അപ്പര്‍ ബെര്‍ത്തില്‍ കിടന്നത്.
ലോകകപ്പ് ജയിച്ച് ഭൂരിഭാഗം സഹതാരങ്ങളും ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലോ ബിസിനസ് ക്ലാസിലോ യാത്ര ചെയ്തപ്പോഴാണ് ദുബെ ഈ സാഹസിക ട്രെയിന്‍ യാത്രയ്ക്ക് മുതിര്‍ന്നത്. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനങ്ങളിലൊന്നും ടിക്കറ്റ് ലഭിക്കാതിരുന്നതോെടെയാണ് ഇന്ത്യന്‍ റെയില്‍വേയെ ആശ്രയിക്കാന്‍ ദുബെ തീരുമാനിച്ചത്. റോഡ് മാര്‍ഗം പോകുന്നതിനേക്കാള്‍ വേഗത്തില്‍ എത്താം എന്നതിനാലാണ് ട്രെയിന്‍ തിരഞ്ഞെടുത്തതെന്ന് ദുബെ 'ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട്' പറഞ്ഞു. ഭാര്യ അഞ്ജുമിനും ഒരു സുഹൃത്തിനുമൊപ്പമാണ് ദുബെ യാത്ര ചെയ്തത്. പ്രമുഖ താരം ട്രെയിനില്‍ യാത്ര ചെയ്യുന്നത് ആരാധകര്‍ അറിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കാന്‍ വലിയ മുന്‍കരുതലുകള്‍ താരം എടുത്തിരുന്നു. ആരാധകര്‍ തിരിച്ചറിയാതിരിക്കാന്‍ മാസ്‌കും തൊപ്പിയും നീളന്‍ കൈയുള്ള ടീഷര്‍ട്ടും ദുബെ ധരിച്ചു. തിരക്ക് കുറഞ്ഞ സമയമായ പുലര്‍ച്ചെ 5:10-നുള്ള ട്രെയിനാണ് യാത്രക്കായി തിരഞ്ഞെടുത്തത്. എന്നാല്‍ സ്റ്റേഷനില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ നിരവധി ആരാധകരെ കണ്ടതോടെ ദുബെ പ്ലാന്‍ മാറ്റി. ട്രെയിന്‍ വരുന്നതുവരെ റെയില്‍വേ സ്‌റ്റേഷന് പുറത്ത് കാറില്‍ പുറത്തു കാത്തിരിക്കാമെന്ന് ദുബെ ഭാര്യയോട് പറഞ്ഞു. ട്രെയിന്‍ പുറപ്പെടാന്‍ 5 മിനിറ്റ് മാത്രമുള്ളപ്പോള്‍ കാറില്‍ നിന്നിറങ്ങി പ്ലാറ്റ്ഫോമിലൂടെ ഓടിക്കയറുകയായിരുന്നു. ആരാധകര്‍ തിരിച്ചറിയാതിരിക്കാന്‍ അപ്പര്‍ ബര്‍ത്തിലാണ് താരം കിടന്നത്. കോച്ചിനുള്ളില്‍ കയറിയ ഉടന്‍ തന്നെ അദ്ദേഹം ടോപ്പ് ബര്‍ത്തിലേക്ക് മാറി. ടിക്കറ്റ് പരിശോധിക്കാനെത്തിയ ടി.ടി.ഇ ശിവം ദുബെ എന്ന പേര് കണ്ടപ്പോള്‍ 'ഇത് ആ ക്രിക്കറ്റ് താരം ശിവം ദുബെയാണോ?' എന്ന് സംശയിച്ചു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ അന്‍ജും ഒട്ടും പതറാതെ 'അദ്ദേഹം എന്തിനാണ് ഇവിടെ വരുന്നത്?' എന്ന് മറുപടി നല്‍കി സംശയം തീര്‍ക്കുകയായിരുന്നു. രാത്രിയില്‍ ശുചിമുറിയില്‍ പോകാന്‍ താഴെ ഇറങ്ങിയപ്പോഴും ആരും തിരിച്ചറിഞ്ഞില്ലെന്ന് ദുബെ പറഞ്ഞു.
എട്ട് മണിക്കൂര്‍ നീണ്ട യാത്രയ്ക്കിടയില്‍ ഒരിക്കല്‍ പോലും സഹയാത്രക്കാര്‍ക്ക് മുന്നില്‍ ദുബെ വെളിപ്പെട്ടില്ല. രാത്രി ടോപ്പ് ബര്‍ത്തില്‍ നിന്ന് താഴെയിറങ്ങി വാഷ്റൂമില്‍ പോയപ്പോള്‍ പോലും ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. എന്നാല്‍ പകല്‍ വെളിച്ചത്തില്‍ മുംബൈയിലെ ബോറിവ്ലി സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ ആരാധകര്‍ക്കിടയില്‍പ്പെടുമോ എന്ന പേടി അദ്ദേഹത്തിനുണ്ടായിരുന്നു. ഒടുവില്‍ സുരക്ഷിതമായി പുറത്തിറങ്ങാന്‍ ദുബെ പോലീസിന്റെ സഹായം തേടി. താരം വിമാനത്താവളത്തിലാണ് ഇറങ്ങുന്നതെന്ന് കരുതിയ പോലീസ് അദ്ദേഹം ട്രെയിനിലാണ് വരുന്നതെന്നറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടു. തുടര്‍ന്ന് പോലീസ് അകമ്പടിയോടെയാണ് അദ്ദേഹം സ്റ്റേഷന് പുറത്തെത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായിട്ടും യാതൊരു താരപരിവേഷവുമില്ലാതെ ഒരു സാധാരണക്കാരനെപ്പോലെ യാത്ര ചെയ്ത ദുബെയുടെ ഈ ലാളിത്യത്തെ സോഷ്യല്‍ മീഡിയ വാനോളം പുകഴ്ത്തുകയാണ്. കുടുംബത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും അര്‍പ്പണബോധവുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ആരാധകര്‍ കുറിക്കുന്നു. നഗരത്തിലെ തിരക്കുകള്‍ക്കിടയിലൂടെ വീട്ടിലേക്ക് മടങ്ങുന്ന ദുബെയുടെ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്.
ഫൈനലില്‍ ഇന്ത്യ 250 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലേക്ക് എത്തിയത് ദുബെയുടെ അവസാന ഓവറിലെ വെടിക്കെട്ട് ബാറ്റിംഗിലൂടെയാണ്. 20-ാം ഓവറില്‍ മൂന്ന് ഫോറുകളും രണ്ട് സിക്‌സറുകളും പറത്തിയാണ് അദ്ദേഹം ന്യൂസിലന്‍ഡിന്റെ വിജയസാധ്യതകള്‍ ഇല്ലാതാക്കിയത്. വങ്കഡെയില്‍ നടന്ന സെമിഫൈനലിലും അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കോച്ച് ഗൗതം ഗംഭീറും നല്‍കിയ കൃത്യമായ പ്ലാനാണ് ദുബെയുടെ വിജയത്തിന് പിന്നില്‍. റണ്‍റേറ്റ് കുറയാതെ നോക്കുക എന്നതായിരുന്നു അദ്ദേഹത്തിന് ലഭിച്ച നിര്‍ദ്ദേശം. ടൂര്‍ണമെന്റിലുടനീളം 169 സ്‌ട്രൈക്ക് റേറ്റില്‍ 235 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. ഫൈനലില്‍ കേവലം 8 പന്തില്‍ നിന്ന് നേടിയ 26 റണ്‍സ് ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായകമായി. 17 സിക്‌സറുകളും 15 ഫോറുകളുമാണ് അദ്ദേഹം ഈ ലോകകപ്പില്‍ സ്വന്തമാക്കിയത്.
