രാഹുല്‍ മാങ്കൂട്ടത്തില്‍ 5600 മുതല്‍ 9100 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; ബിജെപി 37 ശതമാനം വരെ വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തും; എല്‍ഡിഎഫിന് ലഭിക്കുക 24 ശതമാനം വോട്ടുമാത്രം; പാലക്കാട് യുഡിഎഫ് വിജയം പ്രവചിച്ച് റാഷിദ് സി പി

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിജയിക്കുമെന്ന് റാഷിദ് സി പി

Update: 2024-11-21 08:43 GMT

പാലക്കാട്: മൂന്ന് മുന്നണികളും ശക്തമായ പ്രചാരണം കാഴ്ചവച്ച പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ജനവിധി യുഡിഎഫിന് അനുകൂലമെന്ന് മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പു പ്രവചനം നടത്തി ശ്രദ്ധേയനായ സി പി റാഷിദ്. രാഹുല്‍ മാങ്കൂട്ടത്തില്‍ 5600 മുതല്‍ 9100 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് സി പി റാഷിദ് പ്രവചിക്കുന്നത്. യുഡിഎഫ് 36.5 ശതമാനം മുതല്‍ 39. 5 ശതമാനം വോട്ടുകള്‍ നേടി മണ്ഡലം നിലനിര്‍ത്തുമെന്നാണ് സിപി റാഷിദ് പറയുന്നത്.

33.5 ശതമാനം മുതല്‍ 37 ശതമാനം വരെ വോട്ടുകള്‍ നേടി എന്‍ഡിഎ സ്ഥാനാര്‍ത്തി സി കൃഷ്ണകുമാര്‍ രണ്ടാം സ്ഥാനത്ത് എത്തുമെന്നും പ്രവചനത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് ഇടതുപാളയത്തില്‍ എത്തിയ പി സരിന് കാര്യമായ സ്വാധീനം ചെലുത്താനായില്ലെന്നും പ്രവചനത്തില്‍ പറയുന്നു. എല്‍ഡിഎഫിന് 21. 5 ശതമാനം മുതല്‍ 24 ശതമാനം വരെ വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സി പി റാഷിദ് പറയുന്നു.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദങ്ങളാല്‍ നിറഞ്ഞ പാലക്കാട് മണ്ഡലത്തില്‍ ശക്തമായ ത്രികോണ പോരാട്ടമാണ് നടന്നത്. പി സരിന്റെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിത്വവും ബിജെപി വിട്ട് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനവുമടക്കം പ്രചാരണ കാലയളവിലുടനീളം വാര്‍ത്തകളില്‍ നിറഞ്ഞ മണ്ഡലത്തില്‍ യുഡിഎഫ് ക്യാമ്പിന് ആശ്വാസകരമായ പ്രവചനമാണ് റാഷിദ് നടത്തുന്നത്.


അതേ സമയം ചേലക്കരയില്‍ രമ്യ ഹരിദാസ് വിജയിക്കുമെന്നായിരുന്നു വോട്ടെടുപ്പിന് പിന്നാലെ സി പി റാഷിദ് പ്രവചിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് നേരിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് റാഷിദിന്റെ പ്രവചനം. 1850 - 4400 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം പ്രവചിക്കുന്നത്. റാഷിദിന്റെ പ്രവചനം അനുസരിച്ച് ചേലക്കരയില്‍ യു ഡി എഫ് 41 ശതമാനം മുതല്‍ 44.5 ശതമാനം വരെ വോട്ടുകള്‍ നേടാം. എല്‍ ഡി എഫ് 40.5 ശതമാനം മുതല്‍ 43 ശതമാനം വരെ വോട്ടുകള്‍ നേടുമെന്നുമാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 12.5 - 16 ശതമാനം വോട്ടുകള്‍ വരെ ലഭിക്കാം. പി വി അന്‍വറിന്റെ ഡി എം കെ സ്ഥാനാര്‍ഥി 1.5 ശതമാനം മുതല്‍ 3 ശതമാനം വരെ വോട്ടുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്. ഇത്തരമൊരു വോട്ടിംഗ് നിലയില്‍ കോണ്‍ഗ്രസ് വിജയിച്ചുകയറാന്‍ കാരണം പാര്‍ട്ടി കൂറ് എന്നതിനേക്കാളും, വിഷയാധിഷ്ഠിത വോട്ടിഗ് എന്നതിലേക്കുള്ള ആളുകളുടെ മാറ്റമാകും എന്നാണ് റാഷിദ് വ്യക്തമാക്കുന്നത്.

ഉപതിരഞ്ഞെടുപ്പുനടന്ന വയനാടിനും ചേലക്കരയ്ക്കും പുറകേ പാലക്കാട്ടും പോളിങ് ശതമാനം കുറഞ്ഞതായി പ്രാഥമിക കണക്കുകള്‍ വരുമ്പോള്‍ മുന്നണികളെല്ലാം പ്രതീക്ഷയിലാണ്. പാലക്കാട് വിജയം ഉറപ്പാണെന്നാണ് ബിജെപി പറയുന്നു. കോണ്‍ഗ്രസ് കരുതലോടെയാണ് പ്രതികരിക്കുന്നത്. അട്ടിമറി നേടുമെന്ന് സിപിഎമ്മും പറയുന്നു.

പോളിങ് ശതമാനം കുറഞ്ഞാല്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം ഉയര്‍ന്നതാകുമെന്നായിരുന്നു സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്. ബി.ജെ.പി. അംഗങ്ങളില്‍ ധാരാളം പേര്‍ ബി.ജെ.പി.ക്ക് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി.ക്ക് വോട്ടുചെയ്യാന്‍ കാരണങ്ങളില്ലെന്നാണ് അവര്‍ പറയുന്നത്. വേറൊരു പാര്‍ട്ടിക്കും വോട്ടുകൊടുക്കാന്‍ കഴിയാത്തത്ര വലിയ ബി.ജെ.പി.ക്കാരാണ് അവര്‍. അങ്ങനെ വന്നാല്‍ മാത്രമേ പോളിങ് ശതമാനം കുറയുകയുള്ളൂ. മതേതര ചേരിയിലുള്ളവരുടെ പോളിങ് കൃത്യമായി നടന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അവകാശപ്പെട്ടിരുന്നു. അതേ സമയം അഞ്ചക്കഭൂരിപക്ഷം ഉറപ്പാണെന്നായിരുന്നു യു.ഡി.എഫ് ക്യാമ്പ് അവകാശപ്പെട്ടത്.

പാലക്കാട്ടെ ജനങ്ങള്‍ ബി.ജെ.പി.ക്കൊപ്പമാണെന്നായിരുന്നു എന്‍.ഡി.എ. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ പറഞ്ഞത്. പതിനായിരം വോട്ട് ഭൂരിപക്ഷമാണ് ബി.ജെ.പി. പാലക്കാട് മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നത്. അതിനനുസരിച്ചുള്ള പ്രവര്‍ത്തനം മണ്ഡലത്തില്‍ 2021 മുതല്‍ നടത്തിവരുന്നുണ്ട്. അതുവഴി പാലക്കാട് മണ്ഡലത്തില്‍ തങ്ങളുടെ ജനകീയാടിത്തറ കൂടുതല്‍ വിപുലമായെന്നും കൃഷ്ണകുമാര്‍ അവകാശപ്പെട്ടിരുന്നു.

വിജയം അവകാശപ്പെടുമ്പോഴും മുന്നണി നേതാക്കള്‍ അങ്കലാപ്പിലാണ്. പോളിങ് ശതമാനം കുറഞ്ഞത് എങ്ങനെ ബാധിക്കുമെന്ന് ആര്‍ക്കും അറിയില്ല. പാലക്കാട് എക്സിറ്റ് പോളുകളും നടന്നില്ലെന്നാണ് വസ്തുത. അതുകൊണ്ട് തന്നെ ഫല സൂചനകളും ലഭ്യമല്ല. വിവാദങ്ങളുടെ കൊടുങ്കാറ്റ് വീശിയിട്ടും പാലക്കാട്ട് 70.51 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാഥമിക കണക്ക്.

2021-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ഇത് 75.44 ശതമാനം ആയിരുന്നു. മൂന്നുമണിയോടെ പോളിങ് 50 ശതമാനം കടന്നു. വൈകീട്ട് അഞ്ചരയോടെ 65.98 ശതമാനമായി. പാലക്കാട് നഗരസഭ-71.10 ശതമാനം, കണ്ണാടി പഞ്ചായത്ത്-70.15, മാത്തൂര്‍ പഞ്ചായത്ത്-70.11, പിരായിരി പഞ്ചായത്ത്-70.89 എന്നിങ്ങനെയാണ് വോട്ടിങ് നില. ആകെയുള്ള 1,94,706 വോട്ടര്‍മാരില്‍ 1,37,302 പേര്‍ വോട്ട് രേഖപ്പെടുത്തി. തപാല്‍ വോട്ടുകളും വീട്ടിലെത്തിയുള്ള വോട്ടുകളും സര്‍വീസ് വോട്ടുകളും ചേരുമ്പോള്‍ കുറച്ചുകൂടി ഉയര്‍ന്നേക്കാം.

ഇതില്‍ നഗരസഭയില്‍ ബിജെപി സ്വാധീനമാണ്. ഇവിടെ വോട്ട് പരമാവധി ചെയ്യിക്കാന്‍ അവര്‍ക്കായി. അതുകൊണ്ട് ജയിക്കുമെന്നാണ് ബിജെപി പ്രതീക്ഷ. ബിജെപി ശക്തി കേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഇത്തവണ പോളിംഗ് ഉയര്‍ന്നു.

എന്നാല്‍ കോണ്‍ഗ്രസിന് മേധാവിത്തമുള്ള പിരായിരി പഞ്ചായത്തിലും കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും വോട്ട് കുറയുകയും ചെയ്തു. ഇത് മുന്നണികളുടെ പ്രതീക്ഷകളെയാകെ തകിടം മറിച്ചു. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ 65 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അന്ന് ബിജെപിയാണ് നഗരസഭാ പരിധിയില്‍ കൂടുതല്‍ വോട്ട് നേടിയത്. ഇത്തവണ ഇവിടെ ഒറ്റയടിക്ക് അഞ്ച് ശതമാനത്തിലേറെ വോട്ട് ഉയര്‍ന്നു. ഇത് വലിയ വിജയ പ്രതീക്ഷയാണ് ബിജെപി ക്യാമ്പില്‍ ഉണ്ടാക്കിയിരിക്കുന്നത്.

അഞ്ചക്ക ഭൂരിപക്ഷം പരസ്യമായി യുഡിഎഫ് പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്രയും അനുകൂലമല്ല. ശക്തമായ അടിയൊഴുക്ക് പാലക്കാടുണ്ടായി എന്നാണ് വിലയിരുത്തല്‍. യുഡിഎഫിന്റെ ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തില്‍ കഴിഞ്ഞ തവണ 77 ശതമാനമായിരുന്ന പോളിങ്, ഇത്തവണ 69.78 ശതമാനമായി കുറഞ്ഞു. ഇതാണ് യുഡിഎഫ് ക്യാമ്പില്‍ ചങ്കിടിപ്പുയരാന്‍ കാരണം.

കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും പോളിംഗ് ശതമാനം കുറഞ്ഞു. കണ്ണാടി പഞ്ചായത്തില്‍ 68.42 ശതമാനവും മാത്തൂരില്‍ 68.29 ശതമാനവുമാണ് പോളിംഗ്. ഇവിടെ സിപിഎമ്മിനും കോണ്‍ഗ്രസിനും ഏറെക്കുറെ തുല്യശക്തിയാണ്. നഗരസഭയില്‍ ബിജെപി വോട്ടു കൂട്ടിയാല്‍ ഈ പോളിംഗ് ശതമാനക്കുറവ് കോണ്‍ഗ്രസിനും സിപിഎമ്മിനും തിരിച്ചടിയാകും.

പാലക്കാട്ടെ നഗരസഭാ വോട്ടര്‍മാര്‍ ആര്‍ക്ക വോട്ടു ചെയ്തുവെന്നത് തന്നെയാകും വിധിയെ സ്വാധീനിക്കുക. നഗരസഭ പരിധിയില്‍ വോട്ട് കൂടിയത് അനുകൂലമാകുമെന്നാണ് ബിജെപി ഉറച്ച് വിശ്വസിക്കുന്നത്. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപിയില്‍ ഉണ്ടായ പരിവാര്‍ യോജിപ്പ് ഗുണം ചെയ്തുവെന്നാണ് നേതാക്കള്‍ കരുതുന്നത്. പിരായിരി പഞ്ചായത്തിലടക്കം യുഡിഎഫ് വോട്ട് വലിയ തോതില്‍ ബിജെപിക്ക് കിട്ടിയെന്നും വിലയിരുത്തുന്നുണ്ട്. 2,500 നും 4,000 നും ഇടയില്‍ ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

2021 ല്‍ 5000 വോട്ട് ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാഫി പറമ്പില്‍ മണ്ഡലത്തില്‍ ജയിച്ചത്. അന്ന് സിപിഎമ്മില്‍ നിന്ന് വലിയ തോതില്‍ വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിരുന്നുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥി ഡോ.പി.സരിനായി ഇത്തവണ ശക്തമായ പ്രചാരണം ഇടതുമുന്നണിയും കാഴ്ചവച്ചു. ഇത് വോട്ടിലും പ്രതിഫലിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.

പാലക്കാട്ട് അമിതമായ അവകാശവാദമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. പോളിങ് കുറഞ്ഞത് ബാധിക്കില്ല. ബിജെപി ശക്തികേന്ദ്രങ്ങളിലും മുന്നേറ്റമുണ്ടാകുമെന്നും പാര്‍ലമന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ട് പോള്‍ ചെയ്തിട്ടുണ്ടെന്നും സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

നഗരസഭയില്‍ വോട്ടിങ് ശതമാനം കൂടിയത് ഗുണം ചെയ്യുമെന്ന് ബി.ജെ.പിയും, യു.ഡി.എഫും ഒരുപോലെ അവകാശപ്പെടുന്നു. പിരിയാരി മുന്‍കാലങ്ങളിലേതിന് സമാനമായി കൂടെയുണ്ടാവുമെന്ന ആത്മവിശ്വാസം യു.ഡി.എഫിനുമുണ്ട്. കണക്കില്‍ നേരിയ കുറവുണ്ടെങ്കിലും കണ്ണാടിയിലും, മാത്തൂരിലും വോട്ടര്‍മാര്‍ കൈവിടില്ലെന്നാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. സര്‍വീസ് വോട്ടുകളും, പോസ്റ്റല്‍ ബാലറ്റുകളുടെ കണക്കും കൂടിയാവുമ്പോള്‍ അന്തിമ കണക്കില്‍ ഇനിയും മാറ്റം വന്നേക്കാം.

#

Tags:    

Similar News