നഴ്സിംഗ് ഹോമുകള്‍ അടച്ചു പൂട്ടേണ്ടി വരും; വൃദ്ധ ജനങ്ങള്‍ പരിപാലക്കാരില്ലാതെ നരക ജീവിതത്തിലേക്ക്; വിസ ഉള്ളവര്‍ക്ക് പുതുക്കാനും സ്വിച്ച് ചെയ്യാനും അനുമതി ഉണ്ടെങ്കിലും പുതിയ കെയറര്‍ വിസ ഇല്ലാതാകുന്നതില്‍ ഞെട്ടി ബ്രിട്ടനിലെ നഴ്സിംഗ് മേഖല
നഴ്സിംഗ് ഹോമുകള്‍ അടച്ചു പൂട്ടേണ്ടി വരും
ലണ്ടന്‍: കെയറര്‍ വിസ പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്ന കീര്‍ സ്റ്റാര്‍മറുടെ നയം അനേകം സോഷ്യല്‍ കെയര്‍ ഹോമുകളുടെയും നഴ്സിംഗ് ഹോമുകളുടെയും അടച്ചുപൂട്ടലിലേക്ക് വഴി തെളിക്കുമെന്ന് കെയര്‍ സേവന ദാതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. കെയര്‍ മേഖലെ ഒന്നാകെ ശിക്ഷിക്കുന്ന സമീപനമാണ് ഇതില്‍ കാണുന്നതെന്നും അവര്‍ ആരോപിക്കുന്നു. വിദേശത്തു നിന്നും കെയര്‍ വര്‍ക്കര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിക്കുന്നതോടെ വൃദ്ധര്‍ക്കും, അവശരായ രോഗികള്‍ക്കുമൊക്കെ സുരക്ഷിതമായ ശ്രദ്ധ ലഭിക്കാതെ വരുമെന്നും അവര്‍ പറയുന്നു.
സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രിലിനും ഈ വര്‍ഷം ഏപ്രിലിനും ഇടയില്‍ 26,100 പേരാണ് കെയര്‍ വര്‍ക്കര്‍ വിസ ഉപയോഗിച്ച് ബ്രിട്ടനിലെത്തിയത്. 2023 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ 1,43,900 പേരാണ് കെയര്‍ വര്‍ക്കര്‍ വിസയില്‍ ബ്രിട്ടനിലെത്തിയത് എന്നോര്‍ക്കണം. ആശ്രിതരെ കൂടെ കൊണ്ടു വരുന്നതിലുള്ള നിയന്ത്രണം ഉള്‍പ്പടെ 2024 ല്‍ ഹെല്‍ത്ത് വര്‍ക്കര്‍ വിസ, കെയര്‍ വര്‍ക്കര്‍ വിസ ചട്ടങ്ങളില്‍ വരുത്തിയ നിയന്ത്രണങ്ങളാണ് ബ്രിട്ടനിലെത്തുന്ന കെയര്‍ വര്‍ക്കര്‍മാരുടെ എണ്ണം കുറയ്ക്കാന്‍ ഇടയാക്കിയത്.
2021 ല്‍ ആയിരുന്നു ഹോം ഓഫീസ് കെയര്‍ വര്‍ക്കര്‍ വിസ ആദ്യമായി കൊണ്ടുവന്നത്. ഈ വിസ റൂട്ട് ദുരുപയോഗം ചെയ്യുന്നതും, ഇത്തരം വിസയില്‍ എത്തിയവര്‍ ചൂഷണം ചെയ്യപ്പെടുന്നതും ശ്രദ്ധയില്‍ പെട്ടതോടെയാണ് സര്‍ക്കാര്‍, നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. വിദേശ കെയര്‍ വര്‍ക്കര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നതോടെ ഏഴായിരം കെയര്‍ വര്‍ക്കര്‍മാരുടെ കുറവുണ്ടാകും എന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. മന്ത്രിമാര്‍ എന്തൊക്കെ പറഞ്ഞാലും സോഷ്യല്‍ കെയര്‍ മേഖല സര്‍ക്കാരിനെ സംബന്ധിച്ച് അത്ര പ്രധാനപ്പെട്ട ഒന്നല്ല എന്നാണ് പുതിയ നയം സൂചിപ്പിക്കുന്നതെന്ന് ഹോം കെയര്‍ അസോസിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഡോക്ടര്‍ ജെയ്ന്‍ ടൗണ്‍സണ്‍ പറഞ്ഞു.
പ്രവര്‍ത്തന ചിലവ് വര്‍ദ്ധിച്ചു വരുന്നതും, ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാത്തതുമൊക്കെ ഈ മേഖലയെ ശ്വാസം മുട്ടിക്കുന്ന സാഹചര്യത്തില്‍, ഇത്തരമൊരു നിയമം മേഖലയുടെ അന്തിമ ശ്വാസത്തിന് കാരണമാകുമെന്നും ഡോക്ടര്‍ പറയുന്നു. സുരക്ഷിതമായും, അന്തസ്സോടെയും വീടുകളില്‍ കഴിയാന്‍ സാഹചര്യമില്ലാത്ത വൃദ്ധര്‍ക്കും അവശരായ രോഗികള്‍ക്കും ഇത് വലിയൊരു തിരിച്ചടിയായിരിക്കുമെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു.
നാഷണല്‍ കെയര്‍ അസോസിയേഷന്‍ സഹ ചെയര്‍പേഴ്‌സണ്‍ നാദ്ര അഹമ്മദും പങ്ക് വയ്ക്കുന്നത് സമാനമായ ചിന്തകളാണ്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍, കെയര്‍ മേഖലയിലേക്ക് ആവശ്യമായ തൊഴിലാളികളെ ലഭിക്കാതെ വരും. ഇത് പല കെയര്‍ ഹോമുകളുടെയും അടച്ചുപൂട്ടലിലേക്ക് നയിക്കുകയും ചെയ്യും. ബ്രെക്സിറ്റിനു ശേഷം ഈ മേഖലയ്ക്ക് ഒരു തിരിച്ചു വരവ് നടത്താനായില്ല എന്നത് പ്രത്യേകം ഓര്‍ക്കണമെന്നും നാദ്ര പറയുന്നു. സോഷ്യല്‍ കെയര്‍ മേഖല ദേശസാത്ക്കരിക്കാനുള്ള പദ്ധതിയാണെന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. സമ്പദ്വ്യവസ്ഥയില്‍ സൊഷ്യല്‍ കെയര്‍ മേഖലയ്ക്കുള്ള സ്ഥാനം ലേബര്‍ സര്‍ക്കാര്‍ മനസ്സിലാക്കാതെ പോകുന്നത് നിര്‍ഭാഗ്യകരമാണെന്ന് പറയുന്നവരും ഉണ്ട്.