വായ്പാ തിരിമറി കാരണം കോര്‍പ്പറേഷന് നഷ്ടം 22.30 കോടി; ഓതയിലെ വീട്ടിലെ റെയ്ഡില്‍ കിട്ടിയത് നിര്‍ണ്ണായക തെളിവുകള്‍; വിജിലന്‍സിന് പിന്നാലെ ഇഡിയുമെത്തിയപ്പോള്‍ ആകെ തകര്‍ന്ന് 'നിലമ്പൂരാന്‍'! വാക്കേറ്റമുണ്ടാക്കി കേന്ദ്ര ഏജന്‍സിക്കാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമവും നടന്നില്ല; പിവി അന്‍വറിന് കുരുക്ക് മറുകും

Update: 2025-11-22 01:34 GMT

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി.വി.അന്‍വറിന്റെ വീട്ടിലെ പരിശോധനയില്‍ ഇഡിക്ക് കിട്ടിയത് നിര്‍ണ്ണായക തെളിവുകള്‍. കേരള ഫൈനാന്‍സ് കോര്‍പ്പറേഷന്റെ മലപ്പുറത്തെ ബ്രാഞ്ചില്‍ നിന്ന് ഓരേ ഈട് വച്ച് രണ്ട് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലായിരുന്നു പരിശോധന. തെളിവുകള്‍ വിശകലനം ചെയ്ത ശേഷം അടുത്ത നടപടികളിലേക്ക് കടക്കും. അന്‍വറിനെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ട്.

ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി 12 കോടിയോളം കടമെടുത്ത് നഷ്ടം വരുത്തിയെന്ന വിജിലന്‍സ് കേസില്‍ അന്‍വര്‍ നാലാം പ്രതിയാണ്. രാവിലെ ആറിന് തുടങ്ങിയ പരിശോധന രാത്രി ഒമ്പതരയോടെയാണ് അവസാനിപ്പിച്ചത്. ഇതുള്‍പ്പെടെ നിരവധി പരാതികള്‍ അന്‍വറിനെതിരെ കിട്ടിയിട്ടുണ്ട്. ഇതിലെല്ലാം അന്വേഷണം തുടരും. അന്‍വറിന്റെ സഹായി സിയാദിന്റെ വീട്ടിലും പി.വി.അന്‍വറിന്റെ വിവിധ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. പരിശോധനയ്ക്കിടെ വീട്ടിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവത്തകര്‍ അന്‍വറിനെ കാണാന്‍ ശ്രമിച്ചത് ഉദ്യോഗസ്ഥര്‍ തടഞ്ഞു. പിന്നാലെ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതും ഇഡി ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. തല്‍കാലം ആര്‍ക്കെതിരേയും കേസെടുക്കില്ല.

അന്‍വറില്‍ നിന്ന് വിശദ വിവരങ്ങള്‍ തേടിയ ഇഡി ചില രേഖകളും പകര്‍പ്പുകളും കൊണ്ടുപോയി. തുടര്‍ ചോദ്യം ചെയ്യലിനായി അന്‍വറിനെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തുമെന്നും സൂചനയുണ്ട്. സ്ഥലത്തിന്റെ രേഖകള്‍ ഉപയോഗിച്ച് വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ് പരിശോധന. കഴിഞ്ഞ ദിവസം വിജിലന്‍സും പരിശോധന നടത്തിയിരുന്നു. ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച അന്‍വര്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രലിലാണ്. നിലമ്പൂരിലെ എംഎല്‍എ ആയിരുന്ന അന്‍വര്‍ കഴിഞ്ഞ തവണ നിലമ്പൂരില്‍ പരാജയപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

2015 ലായിരുന്നു അന്‍വര്‍ കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും 12 കോടി വായ്പ എടുത്തത്. ഇതില്‍ 7.5 കോടി രൂപ അന്‍വറിന്റെ ഡ്രൈവര്‍ സിയാദിന് ബിസിനസ് ആവശ്യങ്ങള്‍ക്കായി വായ്പ അനുവദിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീട് 7.5 കോടി രൂപ വായ്പ നേരത്തെ അനുവദിച്ച അതേ ഈടിന്മേല്‍ അന്‍വറിന്റെ സ്ഥാപനമായ പിവിആര്‍ ഡെവലപ്പേഴ്സിന് 3.05 കോടി, 1.56 കോടി എന്നിങ്ങനെ രണ്ട് വായ്പകള്‍ കൂടി അനുവദിച്ചതായും ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാലിപ്പോള്‍ പണം തിരിച്ചടച്ചില്ലെന്നാണ് പരാതി. പലിശയടക്കം 22 കോടി രൂപ തിരികെ അടക്കാനുണ്ടെന്നാണ് വിവരം. വായ്പാ തിരിമറി കാരണം കോര്‍പ്പറേഷന് ആകെ 22.30 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.

എടവണ്ണയിലെ അന്‍വറിന്റെ വസതിയിലും ജില്ലയിലെ ഒരു അമ്യൂസ്മെന്റ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങളിലും രാവിലെ 7 മണിയോടെ ഇ ഡി റെയ്ഡ് ആരംഭിച്ചു. ഡ്രൈവര്‍ സിയാദിന്റെയും കേരള ഫിനാന്‍സ് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരുടെയും വീടുകളിലും ഒരേസമയം റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ മാസം വിഎസിബി കേസിലെ പരാതിക്കാരനായ മുരുകേഷ് നരേന്ദ്രന്റെ മൊഴി ഇ ഡി രേഖപ്പെടുത്തിയിരുന്നു.

Tags:    

Similar News