കെയര്‍ വിസ നിരോധനം ഉടന്‍ നടപ്പിലാകും; സര്‍ക്കാര്‍ പ്രഖ്യാപനം ഇന്ന് തന്നെയെന്ന് സൂചന; നിലവില്‍ ഉള്ളവര്‍ക്ക് വിസ പുതുക്കാന്‍ തടസമുണ്ടാകില്ല; പി ആര്‍ ലഭിക്കാന്‍ പത്തു വര്‍ഷം എന്നതും ഇന്ന് പാര്‍ലിമെന്റില്‍ എത്തും; മികച്ച ജോലി ഉപേക്ഷിച്ചു യുകെയില്‍ എത്തിയ മലയാളി കുടുംബങ്ങള്‍ പി ആര്‍ നിയമം എതിരായാല്‍ തിരിച്ചു പോക്കിനുള്ള ആലോചനയില്‍; ബ്രിട്ടന്റെ നയവും നിയമവും മാറുന്നത് ഓരോ കുടിയേറ്റക്കാര്‍ക്കും ഭീഷണിയാകും

കെയര്‍ വിസ നിരോധനം ഉടന്‍ നടപ്പിലാകും; സര്‍ക്കാര്‍ പ്രഖ്യാപനം ഇന്ന് തന്നെയെന്ന് സൂചന

Update: 2025-05-12 08:35 GMT

ലണ്ടന്‍:

*പുതിയ നിയന്ത്രണങ്ങളിലൂടെ ഈ വര്‍ഷം അരലക്ഷം പേരുടെ വരവ് തടയാനാകും എന്ന പ്രതീക്ഷ

*കൂടുതല്‍ കടുത്ത നടപടി വേണമെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്

*കെയര്‍ വിസയുടെ കൊയ്ത്തുകാലമായ 2023 ല്‍ എത്തിയത് ഒന്‍പതു ലക്ഷത്തിലേറെ ആളുകള്‍

*നിയന്ത്രണം ഏര്‍പ്പെടുത്തിയ കഴിഞ്ഞ വര്‍ഷം എത്തിയത് ഏഴു ലക്ഷത്തിലേറെ പേരും

* വിദ്യാര്‍ത്ഥി വിസകളിലും നിയന്ത്രണം വരുത്താന്‍ ആലോചന

* പി എസ് ഡബ്ലിയു വിസ തുടര്‍ന്നേക്കും

* കെയര്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം കൂട്ടി കൂടുതല്‍ തദ്ദേശീയരെ ജോലിയിലേക്ക് ആകര്‍ഷിക്കും

വിസ കച്ചവടക്കാരുടെ ആര്‍ത്തിയില്‍ ചാകര പോലെ ഇരച്ചെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള കെയര്‍ വിസയില്‍ എത്തിയവര്‍ കുടിയേറ്റക്കണക്കില്‍ സര്‍ക്കാരിനെയും തദ്ദേശീയ ജനങ്ങളെയും ഒരുപോലെ അമ്പരപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ വിദേശികള്‍ക്ക് കെയര്‍ വിസയില്‍ യുകെയില്‍ എത്താം എന്ന കണ്‍സര്‍വേറ്റീവ് നയം ബ്രിട്ടനിലെ ലേബര്‍ സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാകുന്നു. പ്രധാനമായും കുടിയേറ്റക്കാരുടെ എണ്ണം കൂടിയതോടെ ആശുപത്രികള്‍, സ്‌കൂള്‍, പാര്‍പ്പിടം, ഗതാഗതം എന്നിവയിലൊക്കെ ബ്രിട്ടന്റെ ''ക്വാളിറ്റി ലൈഫ് സ്റ്റൈല്‍'' നഷ്ടമായി എന്ന പരാതിയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റി അടക്കമുള്ള സ്ഥാപനങ്ങളുടെ പഠന റിപ്പോര്‍ട്ടും ആണ് മലയാളികള്‍ അടക്കമുള്ള കുടിയേറ്റ സമൂഹത്തിന് ഇപ്പോള്‍ തിരിച്ചടി ആയി മാറുന്നത്.

സര്‍ക്കാര്‍ നയങ്ങള്‍ മൂലവും ബ്രിട്ടനില്‍ ജനജീവിതം താറുമാറായപ്പോള്‍ തദ്ദേശീയര്‍ അതിനും കാരണക്കാരായി കണ്ടെത്തിയത് കുടിയേറ്റക്കാരെയാണ്. ഇതും പൊടുന്നനെ കടുത്ത കുടിയേറ്റ വിരുദ്ധ സ്വഭാവക്കാരായി ബ്രിട്ടനെ മാറ്റിയെടുത്തു എന്നതാണ് തിരക്കിട്ടു കുടിയേറ്റ നിയന്ത്രണ നടപടികള്‍ ശക്തമാക്കാന്‍ ലേബര്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.

കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ ലേബര്‍ സര്‍ക്കാരിന് മൃഗീയ ഭൂരിപക്ഷം നല്‍കിയത് ലേബര്‍ പോളിസികളേക്കാള്‍ കുടിയേറ്റത്തിന് അവസരം സൃഷ്ടിച്ച ടോറികളോടുള്ള എതിര്‍പ്പ് ആയിരുന്നു എന്ന് വ്യക്തം. എന്നാല്‍ ലേബര്‍ സര്‍ക്കാരും കുടിയേറ്റത്തിനു എതിരെ ശതമായ നിലപാട് എടുക്കുന്നില്ല എന്ന ജനവികാരമാണ് ഇക്കഴിഞ്ഞ ഒന്നാം തീയതി നടന്ന പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ലേബറിനും കണ്‍സര്‍വേറ്റീവിനും ഒരുപോലെ പ്രഹരം നല്‍കി കുടിയേറ്റ വിരുദ്ധ പാര്‍ട്ടി എന്നറിയപ്പെടുന്ന റീഫോം നിരവധി കൗണ്‍സിലുകളില്‍ അധികാരം പിടിച്ചെടുത്തത്.

രാജ്യമെങ്ങും അറുനൂറിലേറെ കൗണ്‍സിലര്‍മാരെ ഒരൊറ്റ തിരഞ്ഞെടുപ്പില്‍ റീഫോം വിജയിപ്പിച്ചെടുത്തതോടെ അടുത്ത പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ ഉതകും വിധത്തില്‍ റീഫോം വളരും എന്ന് വ്യക്തമായതോടെയാണ് ചര്‍ച്ചകളില്‍ മാത്രം സജീവമായിരുന്ന കെയര്‍ വിസ നിരോധനവും, പെര്‍മനന്റ് റെസിഡന്‍സി പദവിക്കായി പത്തു വര്‍ഷത്തെ നീണ്ട കാലയളവും നിയമമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്. ബ്രിട്ടനില്‍ ഇത്തരം നിയമങ്ങള്‍ നൊടിയിടയില്‍ നടപ്പാക്കപ്പെടും എന്നതിന് ഒരിക്കല്‍ കൂടി ഉദാഹരണമായി കുടിയേറ്റ നിയന്ത്രണം പ്രഖ്യാപിക്കാനുള്ള തീരുമാനം ഇന്ന് തന്നെ പാര്‍ലിമെന്റില്‍ എത്തും എന്ന വിവരവും ഇപ്പോള്‍ പുറത്തു വിടുന്നത് ഹോം സെക്രട്ടറി യുവേറ്റ് കൂപ്പര്‍ തന്നെയാണ്.

നിയന്ത്രണങ്ങള്‍ നിലവില്‍ ഉള്ളവരെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍, വേണോ വേണ്ടയോ എന്നത് തൊഴില്‍ ഉടമകള്‍ക്ക് തീരുമാനിക്കാം

കെയര്‍ വിസ ഇല്ലാതാക്കുന്ന കാര്യം ബിബിസി അടക്കമുള്ള മാധ്യമങ്ങളോട് ആഭ്യന്തര സെക്രട്ടറി കൂപ്പര്‍ വിശദീകരിക്കുമ്പോള്‍ നിലവില്‍ യുകെയില്‍ ഉള്ള മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് വലിയ ആശ്വാസം കൂടി അവരുടെ വാക്കുകളില്‍ നിറയുന്നുണ്ട്. നിലവില്‍ വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുതുക്കാന്‍ അപേക്ഷ നല്‍കുമ്പോള്‍ സര്‍ക്കാര്‍ അതിനു തടസം നില്‍ക്കില്ല എന്ന പ്രഖ്യാപനം പതിനായിരക്കണക്കിന് മലയാളി കെയര്‍ ജീവനക്കാര്‍ക്ക് ആശ്വാസമാകുകയാണ്. എന്നാല്‍ പണം നല്‍കി വന്നവരാണ്, തങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ ജോലി ചെയ്യും എന്ന നിലപാടില്‍ ജീവിക്കുന്ന കെയര്‍ ജീവനക്കാര്‍ക്ക് വിസ പുതുക്കാനുള്ള സമയമാകുമ്പോള്‍ അതിന് അനുവദിക്കണോ എന്ന തീരുമാനം തൊഴില്‍ ഉടമയുടേത് മാത്രമായിരിക്കും. ഇതിനെ ചോദ്യം ചെയ്താല്‍ അത് നിലനില്‍ക്കില്ല എന്ന സൂചനയാണ് ആഭ്യന്തര സെക്രട്ടറിയുടെ വാക്കുകളില്‍ നിറയുന്നതും.

പല കെയര്‍ ഹോമുകളിലും മലയാളി ജീവനക്കാര്‍ക്കും മറ്റും വിസ പുതുക്കി നല്‍കുന്നില്ല എന്ന വിവരം പുറത്തു വരുമ്പോള്‍ പുതിയൊരു കെയര്‍ വിസ കണ്ടെത്തുക എന്നതും കൂടുതല്‍ ദുഷ്‌കരമായി മാറും. പ്രത്യേകിച്ചും വിസ നിരോധനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഇന്‍ കണ്‍ട്രി വിസ എന്നറിയപ്പെടുന്ന അപേക്ഷകളും പരിഗണിക്കപ്പെടുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ചുരുക്കത്തില്‍ ജോലി നഷ്ടം സംഭവിച്ചാല്‍ പുതിയൊരു ജോലി കണ്ടെത്തുക എന്നത് ഏറ്റവും പ്രയാസകരമായ സാഹചര്യത്തിലേക്കാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ എത്തുന്നത്.

മക്കളുടെ ഭാവി ഓര്‍ത്തു വന്നവര്‍ തിരികെ മടങ്ങേണ്ട നിലയിലേക്ക്

മക്കളുടെ സുരക്ഷിതമായ ഭാവി ഓര്‍ത്താണ് ഗള്‍ഫ് നാടുകളില്‍ നിന്നും മറ്റും വമ്പന്‍ ശമ്പളം വാങ്ങിയിരുന്ന മധ്യവയസ്‌കരായ മലയാളികള്‍ യുകെയിലേക്ക് എത്തിയത്, അതും ഗത്യന്തരമില്ലാതെ കെയര്‍ വിസയില്‍ യുകെയില്‍ എത്തിയ ശേഷം എങ്ങനെയും നഴ്സ് വിസയിലേക്ക് മാറാം എന്ന വിസകച്ചവടക്കാരുടെ ആശ്വാസ വാക്കുകളാണ് 25 ലക്ഷം രൂപ വരെ നല്‍കി യുകെയില്‍ എത്താന്‍ ഇവരെ പ്രേരിപ്പിച്ചത്. രണ്ടു പതിറ്റാണ്ട് സേവന പരിചയവും രണ്ടു ലക്ഷം രൂപയിലേറെ മാസ വരുമാനവും ഹോസ്പിറ്റലുകളില്‍ മാനേജര്‍ പദവിയും വഹിച്ചവര്‍ ഒക്കെയാണ് കടുപ്പമുള്ളതും ശമ്പളം കുറവായതുമായ കെയര്‍ വിസ തേടി എത്തിയത്.

കൗമാരക്കാരായ മക്കള്‍ വളരുമ്പോഴേക്ക് അഞ്ചു വര്‍ഷം പൊടുന്നനെ കടന്നു പോകും, തുടര്‍ന്ന് ബ്രിട്ടീഷ് പാസ്പോര്‍ട്ട് സ്വന്തമാക്കിയാല്‍ പ്രയാസങ്ങള്‍ മാറും എന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ചോദ്യ ചിഹ്നം ആകുന്നത്. നിലവില്‍ യുകെയില്‍ ഉള്ളവര്‍ക്കും പിആര്‍ ലഭിക്കാന്‍ പത്തു വര്‍ഷം വേണ്ടി വന്നാല്‍ ഇങ്ങനെ എത്തിയവര്‍ക്ക് മക്കളുടെ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനു വിദേശ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഉയര്‍ന്ന ഫീസ് നല്‍കേണ്ടി വരും. ഇത് താങ്ങുവാന്‍ പലര്‍ക്കും സാധിച്ചെന്നു വരില്ല. ഈ സാങ്കേതികതയില്‍ കുടുങ്ങി സന്തോഷവും സമാധാനവും നശിപ്പിക്കുന്നതിലും നല്ലതു തിരികെ പഴയ ജോലിയിലേക്ക് മടങ്ങുകയാണ് എന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്. പിആര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കൃത്യമായി എത്തുന്നതിനുള്ള കാത്തിരിപ്പിലാണ് ഇത്തരം കുടുംബങ്ങള്‍.

Tags:    

Similar News