ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല; ഉന്നത വിദ്യാഭ്യാസം നഷ്ടമായി കൊല്ലം ജില്ലയിലെ ഭരതർ ക്രിസ്‌ത്യൻ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ; അനൂകൂല്യം നിഷേധിച്ചത് കിർത്താഡ്സ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ; പഠനം ശരിയായ മാർഗത്തിലല്ലെന്ന് ആരോപണം; പ്രതിഷേധം കണ്ടില്ലെന്ന് നടിച്ച് സർക്കാർ; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി സമുദായ സംഘടന

Update: 2025-03-14 12:57 GMT

കൊല്ലം: ഭരതർ ക്രിസ്ത്യൻ സമുദായത്തിനു ലഭിച്ചുകൊണ്ടിരുന്ന ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ പ്രതിസന്ധിയിലായി വിദ്യാർത്ഥികളും. 2016-നുശേഷം കൊല്ലം ജില്ലയിൽ ലഭിക്കുന്നില്ലെന്നാണ് പരാതി. ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ജില്ലയിലെ ഭരതർ ക്രിസ്‌ത്യൻ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസം വരെ മുടങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. കൊല്ലത്ത് മൂദാക്കരയിലും ആണ്ടാമുക്കിലുമായി ആയിരത്തോളം ഭരതർ ക്രിസ്‌ത്യൻ കുടുംബങ്ങളുണ്ട്. സർക്കാർ സ്ഥാപനമായ കിർത്താഡ്സ് നടത്തിയ പഠനത്തിന് ശേഷമാണ് സമുദായത്തിൽ പെട്ടവർക്ക് ആനുകൂല്യമാണ് നഷ്ടമായതെന്നാണ് ആരോപണം.

തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ കൊല്ലം ജില്ലയിൽ മാത്രമാണ് ജാതി സർട്ടിഫിക്കറ്റിന് തടസം. 2006ൽ പടപ്പക്കര സ്വദേശിയായ ഒരു വിദ്യാർത്ഥി ഭരതർ ക്രിസ്‌ത്യൻ വിഭാഗമെന്ന സർട്ടിഫിക്കറ്റ് സമ്പാദിച്ച് തൊഴിൽ നേടാൻ ശ്രമിച്ചിരുന്നു. തുടർന്നാണ് നരവംശ ശാസ്ത്ര വിഭാഗമായ കിർത്താഡ്സ് കൊല്ലം ജില്ലയിൽ പഠനം നടത്തുന്നത്. എന്നാൽ ഭരതർ ക്രിസ്‌ത്യൻ സമുദായത്തിൽപ്പെട്ടവർ ജില്ലയിൽ ഇല്ലെന്ന റിപ്പോർട്ടാണ് കിർത്താഡ്സ് നൽകിയത്. റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ 2017 മുതൽ ഇവർക്ക് വിദ്യാഭ്യാസ ആനുകൂല്യവും ലഭിക്കാതായി. പഠനം നടത്തിയത് ശരിയായ മാർഗത്തിലല്ല നടന്നതെന്നാണ് സമുദായത്തിൽപെട്ടവർ പറയുന്നത്. ഭരതർ ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവർ ഉള്ള പ്രദേശങ്ങളിലല്ല പഠനം നടന്നതെന്നാണ് ആരോപണം.

കൊല്ലം മൂത്താക്കര, ചിന്നക്കട, ആണ്ടമുക്ക് എന്നെ പ്രദേശങ്ങളിലാണ് ഭരതർ ക്രിസ്‌ത്യാനികളുള്ളത്. ഈ പ്രദേശങ്ങളിൽ ആയിരത്തോളം ക്രിസ്‌ത്യൻ ഭരതർ കുടുംബങ്ങളുണ്ട്. എന്നാൽ പഠനത്തിൽ കൊല്ലത്ത് ഭരതർ ക്രിസ്‌ത്യൻ ഇല്ലെന്നായിരുന്നു കണ്ടെത്തൽ. സമുദായ നേതൃത്വം നൽകിയ പരാതിയിൽ സംസ്ഥാന സർക്കാർ നടത്തിയ അന്വേഷണങ്ങളിലെല്ലാം ജില്ലാ ഭരണകൂടവും പിന്നാക്ക വികസന കോർപ്പറേഷനും പിന്നാക്ക വിഭാഗം കമ്മിഷനും കിർത്താഡ്സ് റിപ്പോർട്ട് ശരിവച്ചു. പ്ലസ്‌ടു കഴിഞ്ഞ നിരവധി വിദ്യാർത്ഥികൾക്ക് ഇതുകാരണം ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചില്ല.

സാമ്പത്തികമായും, സാമൂഹികമായും പിന്നാക്കം നിൽക്കുന്ന മൽസ്യ തൊഴിലാളികൾ അധികമുള്ള സമുദായത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും, സർക്കാരിന് തെറ്റ് പറ്റിയെങ്കിൽ അത് തിരുത്തണമെന്നുമാണ് സമുദായത്തിൽ പെട്ടവരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ് ധർണ ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നെങ്കിലും അധികാരികൾ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപമുണ്ട്. സർക്കാർ വിഷയത്തിൽ ഉചിതമായ തീരുമാനം എടുക്കാൻ കാത്തിരിക്കുകയാണിവർ. എന്നാൽ അധികാരികളുടെ പക്കൽ നിന്നും നീതി ലഭിച്ചില്ലെങ്കിൽ കടുത്ത പ്രഷോഭത്തിലേക്ക് നീങ്ങുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. 

Tags:    

Similar News