വഖഫ് നിയമഭേദഗതിയെ എതിര്‍ക്കരുത്; മുനമ്പം വിഷയത്തില്‍ നിയമഭേദഗതിയിലൂടെ പരിഹാരം തേടണം; മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം; കെസിബിസിക്ക് പുറമേ സിബിസിഐയും ബില്ലിനെ പിന്തുണച്ച് രംഗത്ത്; ബില്ലിനെതിരെ ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
വഖഫ് നിയമഭേദഗതിയെ എതിര്‍ക്കരുത്: സിബിസിഐ
തിരുവനന്തപുരം: കേരള എംപിമാര്‍ പാര്‍ലമെന്റില്‍ വഖഫ് നിയമഭേദഗതിയെ പിന്തുണയ്ക്കണമെന്ന കെസിബിസിയുടെ ആവശ്യത്തിന് പിന്നാലെ സമാന നിലപാടുമായി സിബിസിഐയും. വഖഫ് നിയമഭേദഗതിയെ എതിര്‍ക്കരുതെന്നാണ് സിബിസിഐ നിലപാട്. മുനമ്പം വിഷയത്തില്‍ നിയമഭേദഗതിയിലൂടെ പരിഹാരം കാണണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. അതേസമയം, മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും വാര്‍ത്താക്കുറിപ്പില്‍ സിബിസിഐ നിലപാട് വ്യക്തമാക്കി.
വഖഫ് നിയമഭേദഗതി ബില്‍ എതിര്‍ക്കപ്പെടേണ്ടതല്ലെന്ന നിലപാടാണ് സിബിസിഐ മുന്നോട്ട് വെക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യപ്പെടണം. മതന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷിക്കപ്പെടണമെന്നും സിബിസിഐ പറയുന്നു.
അതേസമയം, വഖഫ് ബില്ലിനെതിരെ ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നുണകള്‍ പ്രചരിപ്പിക്കരുതെന്നും പാര്‍ലമെന്റിന്റെ ഈ സെഷനില്‍ ബില്‍ കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജ്ജിതമായി നടക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വഖഫ് ബില്‍ മുസ്ലീം വിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നുവെന്നും ഭൂമിയും ആരാധനാലയങ്ങളും തട്ടിയെടുക്കുമെന്ന് പ്രചരിപ്പിക്കുകയാണെന്നും വഖഫ് നിയമത്തെ ഭരണഘടനാപരമാക്കുകയാണെന്നും ആളുകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണെന്നും കിരണ്‍ റിജിജു തുറന്നടിച്ചു. ബില്ലില്‍ ചര്‍ച്ച നടത്തിയായിരിക്കും അവതരിപ്പിക്കുക.
എത്രയോ നീണ്ട ചര്‍ച്ച ജെപിസിയില്‍ നടന്നു. ജനാധിപത്യപരമായി തന്നെയാണ് ഈ ബില്‍ കൊണ്ടുവരുന്നത്. വെറുതെ ബഹളം വച്ചിട്ട് കാര്യമില്ല. സിഎഎയുടെ കാര്യത്തിലും ഇതേരീതിയിലാണ് വ്യാജ പ്രചാരണം നടന്നത്. നുണകള്‍ പ്രചരിപ്പിക്കരുതെന്ന് ഇരുകൈകളും കൂപ്പി പറയുകയാണ്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായിരിക്കും. കെസിബിസിയുടെ നിര്‍ദേശം എല്ലാ എംപിമാരും ശ്രദ്ധിക്കണം. ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണം. കെസിബിസി ആര്‍ എസ് എസ് സമ്മര്‍ദത്തിലാണോ പ്രവര്‍ത്തിക്കുന്നതെന്നും കിരണ്‍ റിജിജു ചോദിച്ചു. എന്തെല്ലാം വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്?. ഇന്ത്യ സഖ്യത്തിലെ പല കക്ഷികളും ഈ ബില്‍ കൊണ്ടുവരണമെന്ന് തന്നോട് പറഞ്ഞു. പാര്‍ലമെന്റിന്റെ കാര്യപരിപാടികള്‍ പരിശോധിച്ചശേഷമേ എപ്പോള്‍ കൊണ്ടുവരുമെന്ന് പറയാനാവുവെന്നും കിരണ്‍ റിജിജു പറഞ്ഞു.