വയനാട് പുനര്‍നിര്‍മാണത്തിനായി ചോദിച്ചത് 2219 കോടി; കിട്ടിയത് 260.56 കോടി; അസമിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 1270.788 കോടി; തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനും കേന്ദ്ര ധനസഹായം; വയനാടിന് ആവശ്യപ്പെട്ടതിന്റെ 11 ശതമാനം മാത്രം കിട്ടിയത് ദുരന്തമുണ്ടായി 14 മാസത്തിന് ശേഷം
വയനാട് പുനര്‍നിര്‍മാണത്തിനായി 260.56 കോടി
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്നുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 260.56 കോടി രൂപ സഹായം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മ്മാണത്തിനാണ് തുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് ഈ തുകയുടെ അനുമതി നല്‍കിയത്. ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നാണ് ഈ സഹായം ലഭ്യമാക്കുന്നത്.
വയനാട്ടിലെ ദുരിതാശ്വാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം കേന്ദ്രത്തോട് 2221 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ട ചര്‍ച്ചകളില്‍ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന്, കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി നടത്തിയ അന്തിമ ചര്‍ച്ചയില്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറി പങ്കെടുത്തിരുന്നു.
അസമിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1270.788 കോടി രൂപയും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ആകെ 9 സംസ്ഥാനങ്ങളിലെ വിവിധ ദുരന്തങ്ങളുമായി ബന്ധപ്പെട്ട് 4645.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇതിനുപുറമെ, തിരുവനന്തപുരം ഉള്‍പ്പെടെ 11 നഗരങ്ങളില്‍ അര്‍ബന്‍ ഫ്‌ലഡ് റിസ്‌ക് മാനേജ്‌മെന്റ് പ്രോഗ്രാമിന് കീഴില്‍ 2444.42 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം നഗരം 'അര്‍ബന്‍ ഫ്‌ലഡ് റിസ്‌ക് മാനേജ്മെന്റ്' പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഈ പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ ചെലവിന്റെ 90 ശതമാനം കേന്ദ്ര സര്‍ക്കാരും 10 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്. എന്നാല്‍, തിരുവനന്തപുരത്തിനായി നീക്കിവച്ചിട്ടുള്ള തുകയുടെ വിശദാംശങ്ങള്‍ ലഭ്യമല്ല.
നേരത്തെ, വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി 2219 കോടി രൂപയുടെ സഹായമാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, നിലവില്‍ അനുവദിച്ച തുക ഇതിലും വളരെ കുറവാണ്. ആവശ്യപ്പെട്ടതിന്റെ 11 ശതമാനം മാത്രമാണ് ഇപ്പോള്‍ അനുവദിച്ച തുക. ദുരന്തമുണ്ടായി 14 മാസത്തിന് ശേഷമാണ് പ്രത്യേക ധനസഹായമായി തുക അനുവദിക്കുന്നത്.
നേരത്തെ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വായ്പയായി 529.50 കോടി രൂപ അനുവദിച്ചിരുന്നു. ജൂലൈയില്‍ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 153 കോടിയും അനുവദിച്ചു. അതേസമയം, ഉത്തരാഖണ്ഡിന് 1658.17 കോടിയും, ഹിമാചല്‍ പ്രദേശിന് 2006.40 കോടിയും നേരത്തെ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും നടപടി ഉണ്ടായില്ല