ക്യൂവിൽ മണിക്കൂറുകൾ നിന്നാലും ടോക്കൺ ലഭിക്കുന്നില്ല; മതിയായ ആരോഗ്യ കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ വലഞ്ഞ് സി ജി എച്ച് എസ് പദ്ധതി അംഗങ്ങൾ; തിരുവനന്തപുരത്തെ കേന്ദ്രങ്ങളിൽ നിന്നും ചികിത്സ ലഭിക്കാതെ മടങ്ങി രോഗികൾ

Update: 2025-05-07 10:13 GMT

തിരുവനന്തപുരം: സി.ജി.എച്ച്.എസ് പദ്ധതിക്ക് (സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്‌കീം) കീഴിൽ സംസ്ഥാനത്ത് മതിയായ ആരോഗ്യ കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ വലഞ്ഞ് രോഗികൾ. മറ്റ് ജില്ലകളിൽ നിന്ന് വരുന്നവർക്കും ചികിത്സ ലഭിക്കാതെ മടങ്ങേണ്ട അവസ്ഥയാണുള്ളത്. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നുള്ള രോഗികൾക്കായി മൂന്ന് ആരോഗ്യ കേന്ദ്രങ്ങൾ മാത്രമാണുള്ളത്. അതിരാവിലെ എത്തിയാലും ഇവർക്ക് ടോക്കൺ ലഭിക്കുന്നില്ലെന്നാണ് സൂചന. തിരുവനന്തപുരത്തെ മൂന്ന് സി.ജി.എച്ച്.എസ് കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

എന്നാൽ പരിമിതമായ ടോക്കൺ നമ്പറുകൾ മാത്രമാണ് കേന്ദ്രങ്ങളിൽ നിന്നും നൽകുന്നത്. സി.ജി.എച്ച്.എസ് പദ്ധതിയുടെ കീഴിൽ സ്വകാര്യ ആശുപത്രികളുമുണ്ട്. എന്നാൽ 2014 മുതൽ നിലവിലുണ്ടായിരുന്ന സി.ജി.എച്ച്.എസ് പാക്കേജ് റേറ്റുകളുടെ അനാകർഷണീയതയും സ്കീമിൽ ചികിത്സിക്കുന്ന രോഗികളുടെ ബില്ലുകൾ തീർപ്പാക്കുന്നതിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുമുണ്ടായ കാലതാമസവും സ്വകാര്യ ആശുപത്രികൾക്ക് പദ്ധതിയോട് വിമുഖത കാണിക്കാൻ കാരണമാകുന്നുണ്ട്. പദ്ധതിയുടെ കീഴിൽ സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നതോടെ സി.ജി.എച്ച്.എസ് കേന്ദ്രങ്ങളിൽ തിരക്ക് വർദ്ധിക്കുകയാണ്.

പലർക്കും അർഹമായ ചികിത്സ ലഭിക്കുന്നുമില്ല. തിരുവനന്തപുരത്തെ കേന്ദ്രങ്ങളിൽ രാവിലെ മുതൽ രോഗികളുടെ നീണ്ട നിരയാണ്. എന്നാൽ മറ്റ് ജില്ലകളിൽ നിന്നുൾപ്പെടെ എത്തുന്ന രോഗികൾക്ക് ചികിത്സ ഉറപ്പാക്കാനുള്ള സംവിധാനം നടപ്പിലാക്കാൻ അധികൃതർക്കാവുന്നില്ലെന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സി.ജി.എച്ച്.എസ് പദ്ധതിക്ക് കീഴിൽ കേരളത്തിൽ വളരെ ചുരുക്കം സ്വകാര്യ ആശുപത്രികൾ മാത്രമാണുള്ളത്. സി.ജി.എച്ച്.എസ് പദ്ധതിയിലെ അംഗങ്ങളായ കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പേർക്ക് ചികിത്സ നിഷേധിക്കപ്പെടുന്നു.

കേന്ദ്ര ഗവൺമെന്റ് ജീവനക്കാർക്കും, പെൻഷൻകാർക്കും, അവരുടെ ആശ്രിതർക്കും സമഗ്രമായ ആരോഗ്യ സംരക്ഷണ സേവനങ്ങൾ ഉറപ്പാക്കുന്ന പദ്ധതിയാണ് സി.ജി.എച്ച്.എസ്. പദ്ധതിയുടെ പാക്കേജ് നിരക്കുകൾ കേന്ദ്രം പരിഷ്കരിച്ചിട്ടുള്ള സാഹചര്യത്തിൽ പുതുക്കിയ നിരക്കുകൾകൂടി കണക്കിലെടുത്ത് പദ്ധതിയിൽ എംപാനൽ ചെയ്യാൻ കേരളത്തിലെ സ്വകാര്യ ആശുപത്രികൾക്ക് അടിയന്തര നിർദേശം നൽകണമെന്ന് ആവശ്യം നേരത്തെ ഉയർന്നിരുന്നു. എന്നാൽ പദ്ധതിയുടെ കീഴിൽ മതിയായ ആരോഗ്യ കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. 

Tags:    

Similar News