നൂറുപേര്‍ ചേര്‍ന്ന് മൂന്നു മൈല്‍ നടന്ന് സമാഹരിച്ചത് അമ്പതു ലക്ഷത്തിലധികം രൂപ; ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഒരു കൂട്ടം യുകെ മലയാളികള്‍ ചേര്‍ന്ന് ഇന്നലെ ലെസ്റ്ററില്‍ സൃഷ്ടിച്ചത് മറ്റൊരു ചരിത്ര നിമിഷം; നന്ദി പറഞ്ഞ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്; മുഴുവന്‍ തുകയും കാസര്‍ഗോഡിന്റെ മണ്ണിലേക്ക് എത്തുമ്പോള്‍

നൂറുപേര്‍ ചേര്‍ന്ന് മൂന്നു മൈല്‍ നടന്ന് സമാഹരിച്ചത് അമ്പതു ലക്ഷത്തിലധികം രൂപ

Update: 2025-10-20 11:54 GMT

ലണ്ടന്‍: കേരളത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസത്തിനായി കാസര്‍ഗോഡ് ഒരുങ്ങുന്ന നൂറു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റി (ഐഐപിഡി) എന്ന സ്ഥാപനത്തിന്റെ ധനശേഖരണാര്‍ത്ഥം മറുനാടന്‍ കുടുംബം സമാഹരിച്ചത് അമ്പതു ലക്ഷത്തിലധികം രൂപ. പത്മശ്രീ ഡോ. ഗോപിനാഥ് മുതുകാട് നേതൃത്വം കൊടുക്കുന്ന ഡിഎസി യുകെ ചാപ്റ്ററും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച വാക്ക് വിത്ത് മുതുകാട് എന്ന ചാരിറ്റി ദൗത്യത്തിലൂടെയാണ് നൂറിലധികം യുകെ മലയാളികള്‍ ചേര്‍ന്ന് ഇത്രയും തുക സമാഹരിച്ചത്.

ഇന്നലെ ബ്രിട്ടനിലെ ലെസ്റ്ററില്‍ നടന്ന ചാരിറ്റി വാക്കില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ജീവകാരുണ്യ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. തുടര്‍ന്ന് ഇവരെ അഭിസംബോധന ചെയ്ത് സംസാരിച്ച ലാഫ്ബറോയിലെ ചാര്‍വുഡ് ബറോ ഡെപ്യൂട്ടി മേയര്‍ കോളിന്‍ ഹാമില്‍ട്ടണ്‍ പറഞ്ഞത് ഇങ്ങനെയാണ്: ''നിങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന ഓരോ പൗണ്ടും വിലമതിക്കാനാകാത്തത് ആണെങ്കിലും അതിനേക്കാള്‍ വിലമതിക്കാനാകാത്തതാണ് നിങ്ങള്‍ ഇതിനായി മാറ്റി വയ്ക്കുന്ന സമയം. ആ സമയത്തിന്റെ മൂല്യത്തിന് വിലയിടാന്‍ ആര്‍ക്കാകും? അതുകൊണ്ടാണ് ചാരിറ്റി പ്രവര്‍ത്തനം എല്ലാവര്‍ക്കും നടത്താന്‍ സാധിക്കാതെ പോകുന്നതും''

ലാഫ്ബറോയിലെ പ്രമുഖ ചാരിറ്റി ഓര്‍ഗനൈസേഷനായ ഓപ്പണ്‍ ഹാന്‍ഡ്‌സ് റെപ്രസന്റേറ്റീവ് ഡെബി വാക്‌സണ്‍, ഗോപിനാഥ് മുതുകാട്, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സ്ഥാപക ചെയര്‍മാനും മറുനാടന്‍ മലയാളി ചീഫ് എഡിറ്ററുമായ ഷാജന്‍ സ്‌കറിയ എന്നിവര്‍ പരിപാടിയില്‍ വിശിഷ്ടാതിഥികളായി എത്തിയിരുന്നു.

ചാറ്റല്‍ മഴയ്ക്കോ ചീറിയടിച്ച കാറ്റിനോ തകര്‍ക്കാനാകാത്ത പോരാട്ട വീര്യം

ഒരു കുശുമ്പിയെ പോലെ ഓടിയെത്തിയ ചാറ്റല്‍ മഴയ്‌ക്കോ ചീറിയടിച്ച കാറ്റിനോ തോല്‍പിക്കാനാകുന്നതായിരുന്നില്ല യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ചാരിറ്റി പ്രവര്‍ത്തകരുടെ വീര്യം എന്ന് കൂടി മനസിലാക്കിയാണ് അവര്‍ ചാരിറ്റിക്കായി മാറ്റി വയ്ക്കുന്ന സമയത്തെ ഓര്‍ത്തെടുത്തു ഡെ. മേയര്‍ കുറിക്കു കൊള്ളുന്ന വാക്കുകളില്‍ തന്റെ പ്രസംഗം നടത്തിയത്. തുടര്‍ന്ന് ഇവന്റ് കോ ഓഡിനേറ്ററും ബിഎംസിഎഫ് ട്രഷററും ആയ ബോണി ചാണ്ടിക്ക് ഫ്‌ലാഗ് കൈമാറി അദ്ദേഹം ചാരിറ്റി വാക്കിന് തുടക്കമിടുകയും ചെയ്തു. സ്ത്രീകളും കൊച്ചു കുട്ടികളും ഒക്കെ ചെറിയൊരു പനിക്കോളുമായി ലണ്ടനില്‍ നിന്നും എത്തിയ ഗോപിനാഥ് മുതുകാടിനൊപ്പം ആവേശത്തോടെ നടന്നു തുടങ്ങിയ ചാരിറ്റി വാക്ക് 300ലധികം ആളുകളുടെ സാന്നിധ്യം കൊണ്ടാണ് കൂടുതല്‍ ശ്രദ്ധ നേടിയത്.


 



ലണ്ടനില്‍ എത്തിയ പാടെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന എം ക്യൂബ് പരിപാടികളുടെ ഒരുക്കങ്ങളുമായി സജീവമായി ഇടപെടാന്‍ തയ്യാറായ ഗോപിനാഥ് മുതുകാട് ശനിയാഴ്ച ലണ്ടനില്‍ നടന്ന ഷോയ്ക്ക് ശേഷം ഉള്ളില്‍ കൂടുകൂട്ടിയ പനിയുമായാണ് ലെസ്റ്ററിലേക്ക് എത്തിയത്. എന്നാല്‍ ഏതാനും ആളുകള്‍ ചേര്‍ന്ന് നടത്തുന്ന ഒരു മോണിംഗ് വാക്ക് പോലെ ആയിരിക്കും വാക്ക് വിത്ത് മുതുകാട് ഇവന്റ് എന്ന് കരുതി എത്തിയ തന്നെ ഞെട്ടിച്ചു കളഞ്ഞ ജനക്കൂട്ടമാണ് സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്നത് എന്ന് കണ്ടതോടെ പനിയൊക്കെ പമ്പകടന്ന നിലയിലേക്ക് അദ്ദേഹം സ്വയം മാറുക ആയിരുന്നു.

ലെസ്റ്ററിലെ പ്രജാപതി ഹാളിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തിയത് ആവേശത്തോടെ

വൈകിട്ട് ലെസ്റ്ററിലെ പ്രജാപതി ഹാളില്‍ തിങ്ങി നിറഞ്ഞ ഹാളില്‍ എം ക്യൂബ് മാജിക്ക് ആന്റ് മ്യൂസിക് ഷോയില്‍ മുതുകാട് മാത്രമല്ല പാട്ടുകാരായ അതുല്‍ നറുകരയും ശ്വേതയും വിഷ്ണുവും ഒക്കെ ഓളമായി നിറയുക ആയിരുന്നു. അതുല്‍ നാടന്‍ പാട്ടിന്റെ ഈണത്തില്‍ കൂടി സദസ്സില്‍ നിറഞ്ഞപ്പോള്‍ പെണ്‍കുട്ടികളും സ്ത്രീകളും ആവേശത്തോടെ ചാടിയിറങ്ങി നൃത്തച്ചുവടുകള്‍ വച്ചത് ആനന്ദക്കാഴ്ച ആക്കുകയായിരുന്നു.

രണ്ടു മണിയോടെ അവസാനിച്ച ചാരിറ്റി വാക്കിന് ശേഷം ഏകദേശം നാലു മണിയോടു കൂടി തന്നെ ഹാള്‍ ആളുകളാല്‍ തിങ്ങിനിറഞ്ഞിരുന്നു. ദീപാവലി ആഘോഷങ്ങളുടെ ട്രാഫിക് ബ്ലോക്ക് പതുക്കെ ഒഴിഞ്ഞപ്പോഴേക്കും വീണ്ടും നിരവധി പേരാണ് ഹാല്‍ലേക്ക് എത്തിയത്. തുടര്‍ന്ന് ഒഴുകിയെത്തിയ ജനസാഗരത്തിനു മുന്നില്‍ ഇതുവരെ സമാഹരിച്ചത് അമ്പതു ലക്ഷം രൂപയാണെന്നു പറഞ്ഞപ്പോള്‍ ഹാള്‍ മുഴുവന്‍ ഹര്‍ഷാരവങ്ങള്‍ നിറയുകയായിരുന്നു.


 



ജോസൂട്ടന്‍ മുതല്‍ ശ്രേയാ കോശി വരെ ആവേശക്കൊടി പറത്തിയപ്പോള്‍

തുടര്‍ന്ന് നടന്ന ഔദ്യോഗിക ചടങ്ങില്‍ ഏറ്റവും അധികം ഫണ്ട് ശേഖരിച്ച സീനിയര്‍ വിഭാഗത്തിലേയും ജൂനിയര്‍ വിഭാഗത്തിലേയും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിയവരെ ആദരിക്കുകയും കൂടാതെ 1000 പൗണ്ട് കടന്നവരെ ആദരിക്കുകയും ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ ബിഎംസിഎഫ് ചെയര്‍മാന്‍ സാബു ചുണ്ടക്കാട്ടില്‍ ട്രസ്റ്റിമാരെയും അഡൈ്വസറി ബോര്‍ഡ് അംഗങ്ങളേയും എല്ലാവര്‍ക്കും പരിചയപ്പെടുത്തി കൊടുക്കുകയും ഉദ്ഘാടന ചടങ്ങ് നിര്‍വ്വഹിക്കുകയും ചെയ്തു. ഈ ചടങ്ങില്‍ തന്നെ ഏറ്റവും അധികം ഫണ്ട് ശേഖരിച്ചവരെ ആദരിക്കുകയും ചെയ്തു.

പീറ്റര്‍ബറോയുടെ പൊന്നോമനയായ ജോസൂട്ടന്‍ എന്ന ജോസഫ് ജേക്കബാണ് സീനിയര്‍ വിഭാഗത്തില്‍ ഏറ്റവും അധികം ഫണ്ട് സമാഹരിച്ചത്. 4545 പൗണ്ടാണ് ജോസഫ് സമാഹരിച്ചത്. ജോണ്‍സണ്‍ മാണി -ടെസി ജോണ്‍സണ്‍ ദമ്പതികളാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. 3370 പൗണ്ടാണ് ഇവര്‍ കളക്ട് ചെയ്തത്. 2370 പൗണ്ട് സമാഹരിച്ച് ഫാ. ജോര്‍ജ്ജ് പുത്തൂര്‍ മൂന്നാം സ്ഥാനത്തും എത്തി. ജൂനിയര്‍ വിഭാഗത്തില്‍ മാഞ്ചസ്റ്ററിലെ എഡ്വിക് സാബുവാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 1330 പൗണ്ടാണ് എഡ്വിക് സമാഹരിച്ചത്. 1319 പൗണ്ട് സമാഹരിച്ച് ഗംഗോത്രി സ്‌കറിയ രണ്ടാം സ്ഥാനത്തും 1212 സമാഹരിച്ച് ശ്രേയാ കോശി മൂന്നാം സ്ഥാനവും നേടി.


 



1000 പൗണ്ടിന് മുകളില്‍ സമാഹരിച്ചവരുടെ പട്ടികയില്‍ റെജി തോമസ് (1490 പൗണ്ട്), ഷിജു ചാക്കോ (1408 പൗണ്ട്), സിജിമോള്‍ എബ്രഹാം (1340 പൗണ്ട്), ലിസി ഉണ്ണിക്കൃഷ്ണന്‍ (1365 പൗണ്ട്), ബെന്നി പോള്‍ (1195 പൗണ്ട്), രശ്മി പ്രകാശ് (1070 പൗണ്ട്), എബ്രഹാം ലൂക്കോസ് (1050 പൗണ്ട്), ലിബിന്‍ മാത്യൂസ്, ഡാനിയേല്‍ മാത്യൂസ്, സാമുവല്‍ മാത്യൂസ് (1040 പൗണ്ട്), ഷൈനു ക്ലെയര്‍ മാത്യൂസ് (1045 പൗണ്ട്), ജോമോന്‍ മാമൂട്ടില്‍ (1025 പൗണ്ട്), അജിത്ത് ആന്റ് ആനി പാലിയേത്ത് (1013 പൗണ്ട്), സ്‌പെഷ്യല്‍ മെന്‍ഷന്‍ ജോയ് ഷാജു (1010 പൗണ്ട്) എന്നിവരാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്.

ഒക്ടോബര്‍ 18 രാത്രി വരെയുള്ള കണക്കുകള്‍ പ്രകാരം 40341 പൗണ്ടാണ്. കൂടാതെ ഗിഫ്റ്റ് എയ്ഡായി ലഭിച്ചത് 6475 പൗണ്ടുമാണ്. അങ്ങനെ ആകെ തുകയായി ലഭിച്ചത് 47817 പൗണ്ടാണ്. സ്‌കോട്‌ലന്റിലെ മെഡിക്കല്‍ വിഭാഗം സമാഹരിച്ചത് 1916 പൗണ്ടും ഗിഫ്റ്റ് എയ്ഡായി 384 പൗണ്ടുമാണ്. അങ്ങനെ ലഭിച്ച 2300 പൗണ്ട് കൂടി ചേര്‍ക്കുമ്പോള്‍ ആകെ തുകയായി 50,000 പൗണ്ടിന് മുകളിലേക്ക് എത്തിയിട്ടുണ്ട്.

പ്രാദേശികമായി എല്ലാ വര്‍ഷവും ബ്രിട്ടീഷ് ചാരിറ്റി സംഘടനകളെ സഹായിക്കുന്ന പതിവ് ഇത്തവണയും മാറ്റി വയ്ക്കാതെ ബിഎംസിഎഫ് ജനറല്‍ ഫണ്ടില്‍ നിന്നും ആയിരം പൗണ്ട് ഇത്തവണ നല്‍കിയത് ലെസ്റ്ററിലെ ഓപ്പണ്‍ ഹാന്‍ഡ് എന്ന സംഘടനയ്ക്കാണ്. വിശപ്പിന്റെ മുന്നില്‍ സഹായവുമായി എത്തുന്ന ഈ സംഘടനയ്ക്ക് വേണ്ടി ഡെബി വാട്‌സണ്‍ ആണ് തുക സ്വീകരിക്കാന്‍ എത്തിയത്.

നിറകണ്ണുകളോടെ നന്ദി പറഞ്ഞ് ഗോപിനാഥ് മുതുകാട്




 


താനുള്‍പ്പെടുന്ന വലിയൊരു ജനക്കൂട്ടം സ്വപ്നം കാണുന്ന കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെയും ഓട്ടിസ്റ്റിക് ബാധിതരെയും വേദനകളുടെയും നിരാകരണത്തിന്റെയും ലോകത്തില്‍ നിന്നും മറ്റു മനുഷ്യരെ പോലെ തന്നെ ജീവിക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യം സാധ്യമാക്കാന്‍ ആയിരം ദിവസം കൊണ്ട് പൂര്‍ത്തീകരിക്കേണ്ട 120 കോടി രൂപയുടെ പ്രോജക്ടിനെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ ഈറന്‍ മിഴികളും ഇടറിയ വാക്കുകളും ആയിരുന്നു മജീഷ്യന്‍ മുതുകാടിന്. ആറു വര്‍ഷം മുന്‍പ് മാജിക് അവസാനിപ്പിച്ച തനിക്ക് വീണ്ടും ആ വഴിയിലൂടെ നടക്കേണ്ടി വന്നതും ഈ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് എന്നദ്ദേഹം പറയുമ്പോള്‍ ആ വാക്കുകള്‍ കേട്ടിരുന്നവര്‍ക്കും മനസുകള്‍ കൈവിട്ടു പോകുകയായിരുന്നു, ചില നിമിഷങ്ങളിലേക്ക് എങ്കിലും.

മാജിക്കില്‍ പുതുതായി ഒന്നും ചെയ്യാനല്ല മറിച്ചു ആയിരക്കണക്കിന് കുഞ്ഞുങ്ങളും അവരുടെ കുടുംബവും അനുഭവിക്കുന്ന വേദന മറ്റു മനുഷ്യരുമായി പങ്കിട്ട് ആ വേദനയുടെ ആഴം കുറയ്ക്കുക എന്നതുമാത്രമാണ് ലക്ഷ്യമെന്നും മുതുകാട് പറയുമ്പോള്‍ ആ വാക്കുകള്‍ കേട്ടിരിക്കുക ആയിരുന്നില്ല, അതിനൊപ്പം സഞ്ചരിക്കുകയായിരുന്നു നൂറു കണക്കിന് യുകെ മലയാളികള്‍.




 



Tags:    

Similar News